തിരുവന്തപുരം: ശബരിമല വിധിയില്‍ വ്യക്തത തേടി സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതിയെ സമീപിക്കില്ല. രാഷ്ട്രീയമായ തിരിച്ചടികള്‍ ഉണ്ടാക്കുന്ന നീക്കങ്ങള്‍ വേണ്ടെന്നാണ് സര്‍ക്കാരില്‍ ധാരണയെന്നാണ് സൂചനകള്‍.
സ്വന്തം വിധി നടപ്പാക്കാന്‍ സുപ്രീംകോടതിക്ക് ഏകാഭിപ്രായം ഇല്ലായെന്നിരിക്കെ അതിന്റെ പേരില്‍ രാഷ്ട്രീയ തിരിച്ചടികള്‍ ഉണ്ടാക്കുന്ന ഒരു തീരുമാനവും വേണ്ടാ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായി സര്‍ക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാദങ്ങള്‍ക്ക് ഇടയാക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ലാ എന്ന് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.
ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് ഇത്തവണ സംരക്ഷണം നല്‍കില്ലെന്നു നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. പോകണമെന്നുള്ളവര്‍ കോടതി ഉത്തരവുമായി വരട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘പൊലീസ് സംരക്ഷണയില്‍ യുവതികളെ ശബരിമലയിലേക്കു കൊണ്ടുപോകില്ല. സുപ്രീം കോടതി വിധിയെപ്പറ്റി നിയമജ്ഞര്‍ പോലും രണ്ടുതട്ടിലാണു പറയുന്നത്. പഴയവിധി അസ്ഥിരപ്പെട്ടിരിക്കുന്നുവെന്ന് ഒരു കൂട്ടര്‍. അതല്ല ആ വിധി നിലനില്‍ക്കുന്നുവെന്നു മറ്റൊരു കൂട്ടര്‍.
സ്വാഭാവികമായും സുപ്രീം കോടതി തന്നെ അതുസംബന്ധിച്ചു വ്യക്തത നല്‍കേണ്ടതുണ്ട്. അത് ആരുപോയി വ്യക്തത വരുത്തേണ്ടതുണ്ടെന്നത് ആലോചിച്ചു തീരുമാനിക്കും. ആക്ടിവിസ്റ്റുകള്‍ക്കു കയറി അവരുടെ ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. ഇതെന്റെ തുടക്കം മുതലുള്ള നിലപാടാണ്. തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് അവരുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ കാണേണ്ടതില്ല.” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്നു തുറക്കും. സന്നിധാനം, മാളികപ്പുറം നിയുക്ത മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും ഇന്നു നടക്കും. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്.