|

തൃപ്തി ദേശായിയുടെ വരവും ബി.ജെ.പി പ്രതിഷേധവും ആസൂത്രണം ചെയ്ത നാടകമോ?; ചോദ്യങ്ങളില്‍നിന്നും ബി.ജെ.പി നേതാവിന്റെ വഴുതിമാറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെയും സംഘത്തെയും ഇന്ന് രാവിലെ കമ്മീഷണര്‍ ഓഫീസ് പരിസരത്ത് വെച്ച് ബി.ജെ.പിയും ശബരിമല കര്‍മ്മ സമിതിയും തടഞ്ഞിരുന്നു. എന്നാല്‍ ഇവരെ തടഞ്ഞത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായെന്ന് സൂചന.

കോട്ടയം വഴി പത്തനംതിട്ടയ്ക്ക് പോവുകയാണെന്ന് പറഞ്ഞ തൃപ്തി ദേശായിയും സംഘവും എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ എത്തുമെന്ന വിവരം എങ്ങനെ അറിഞ്ഞെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍നിന്നും വഴുതിമാറി ബി.ജെ.പി നേതാക്കള്‍. എങ്ങനെയാണ് സംഘം എറണാകുളത്തെത്തുമെന്ന് അറിഞ്ഞതെന്ന ചോദ്യത്തിന് അതൊക്കെ അറിയാന്‍ ഞങ്ങള്‍ക്ക് സംവിധാനങ്ങളുണ്ടെന്നായിരുന്നു ബി.ജെ.പി നേതാവും എറണാകുളം സ്ഥാനാര്‍ത്ഥിയുമായിരുന്ന രാജഗോപാലിന്റെ പ്രതികരണം.

സംഘം കമ്മീഷണര്‍ ഓഫീസില്‍ എത്തുമെന്ന ആലുവ റൂറല്‍ എസ്.പിക്കുപോലും അറിയുമായിരുന്നില്ല. അതിന് വിശദീകരണം ആവശ്യപ്പെട്ടുള്ള ചോദ്യത്തിന് എങ്ങുംതൊടാതെ ഉത്തരം പറയുകയായിരുന്നു രാജഗോപാല്‍.

ഞങ്ങള്‍ സമൂഹത്തിനുവേണ്ടി ജാഗരൂകരായി നില്‍ക്കുന്ന പ്രവര്‍ത്തകരാണ്. അതുകൊണ്ട് ഞങ്ങള്‍ 24 മണിക്കൂറും കണ്ണുതുറന്നിരിക്കും. അവര്‍ വരുന്നതിന് അരമണിക്കൂര്‍ മുമ്പേ ഞങ്ങള്‍ ഇവിടെയുണ്ട്’, രാജഗോപാല്‍ പറഞ്ഞു.

എന്നാല്‍ നിമിഷങ്ങള്‍ക്കകം തൃപ്തി എത്തിയ ശേഷമാണ് താന്‍ എത്തിയതെന്നും രാജഗോപാല്‍ വാദം മാറ്റി. ഏതോ ചാനലിലൂടെയാണ് താന്‍ വിവരമറിഞ്ഞതെന്നും അദ്ദേഹം പറയുന്നുണ്ട്.

ശബരിമലയിലേക്കെത്തിയ തൃപ്തി ദേശായിയുടേയും സംഘത്തിന്റേയും വരവിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന സംശയം സര്‍ക്കാരിനുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാവിലെ പറഞ്ഞിരുന്നു.

ഒരു ചാനല്‍ മാത്രം തൃപ്തി ദേശായിയുടെ വരവ് അറിഞ്ഞെന്നും ബിന്ദു അമ്മിണിക്കെതിരായ ആക്രമണം പോലും കൃത്യമായ ഗൂഢാലോചനയാണെന്നും മന്ത്രി പറഞ്ഞു.

‘ബി.ജെ.പിക്കും ആര്‍.എസ്.എസിനും സ്വാധീനമുള്ള മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നും ശബരിമലയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് അവര്‍ തിരിക്കുക. വെളുപ്പിന് 5 മണിക്ക് കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചേരുക’.

‘കേരളത്തിലെ ഒരു മാധ്യമം മാത്രം ആ വിവരം അറിയുക. ആ മാധ്യമം അവരുടെ ബൈറ്റെല്ലാം എല്ലാം എടുത്ത് ലൈവായി കൊടുക്കുക. അതിന് ശേഷം തങ്ങള്‍ കോട്ടയം വഴി ശബരിമലയ്ക്ക് പോകുന്നു എന്ന് പറഞ്ഞ് അവിടുന്ന് യാത്ര പുറപ്പെടുന്നു. പിന്നെ കുറച്ചുകഴിഞ്ഞ് അവരെ കാണുന്നത് എറണാകുളത്തെ പൊലീസ് കമ്മീഷണറുടെ ഓഫീസിന്റെ മുന്നിലാണ്. അവിടെ ഏതാനും പേര്‍, ഒരാളുടെ കയ്യില്‍ മുളക് പൊടിയോ മറ്റോ ഉണ്ടായിരുന്നെന്ന് പറയുന്നു. അവരെ ആക്രമിക്കുന്നു. മാധ്യമങ്ങള്‍ എല്ലാം തന്നെ വളരെ സജീവമായി ഈ പ്രത്യേക സാഹചര്യം തുടര്‍ച്ചയായി ജനങ്ങളുടെ മുന്‍പില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്’.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇതിന്റെ പിന്നില്‍ കൃത്യമായ അജണ്ടയും സംവിധാനവും ഉണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ല. അങ്ങനെ തന്നെ കരുതുന്നു. ഇല്ലെങ്കില്‍ രാവിലെ 5 മണിക്ക് നെടുമ്പാശേരിയിലില്‍ വരുന്ന ഇവര്‍ കോട്ടയം വഴി ശബരിമലയിലേക്ക് പോകുന്നു എന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ട്. പക്ഷേ അവര്‍ കൃത്യമായും പൊലീസ് കമ്മീഷണര്‍ ആസ്ഥാനത്ത് എത്തിച്ചേരുമെന്ന് അറിഞ്ഞ് അവിടെ ചില ആളുകള്‍ മാത്രം എത്തുക. കാത്ത് നില്‍ക്കുന്ന ആളുകളുടെ കൈവശം മുളകുപൊടി കൂടി ഉണ്ടാവുക’, മന്ത്രി പറഞ്ഞതിങ്ങനെ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Video Stories