തൃപ്തി, അവന്തിക, രഞ്ചു, അനന്യ. ട്രാന്‍സ്ജന്‍ഡേഴ്സായ ഈ നാല് പേരും ഈ മാസം 18നാണ് ശബരിമലയില്‍ പ്രവേശിക്കുന്നത്. ശബരിമലയില്‍ പ്രവേശിക്കാനും ദര്‍ശനം നടത്താനുമുള്ള ഇവരുടെ ആദ്യ ശ്രമത്തെ തടഞ്ഞത് പുരോഗമന നയങ്ങള്‍ കൈകൊള്ളുന്ന ട്രാന്‍സ്ജന്‍ഡേഴ്സിനും മറ്റ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്ന കേരളത്തിന്റെ ഇടതുപക്ഷ സര്‍ക്കാരാണെന്നുള്ളത് ചിന്ത ആവശ്യപ്പെടുന്ന വസ്തുത തന്നെയാണ്. തൃപ്തിയും അവന്തികയും അന്ന് നടന്ന കാര്യങ്ങള്‍ വിശദീകരിച്ച് ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ്.
കേരളത്തിലെ സര്‍ക്കാരിനെ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടോ? പൊലീസില്‍ നിന്നും തുടക്കത്തിലേ മോശമായ പെരുമാറ്റമാണോ ഉണ്ടായത്?
തൃപ്തി: ഗവണ്‍മെന്റ് കാര്യമായി ചെയ്യേണ്ടത് എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു ട്രാന്‍സ്ജന്‍ഡര്‍ അവെയര്‍നെസ്സ് പ്രോഗ്രാം നടത്തുകയെന്നതാണ്. അത് വേണ്ടതാണ്. ഇപ്പൊ തന്നെ കണ്ടില്ലേ? കേരളത്തില്‍ “പെഹ്ചാന്‍” പോലുള്ള നിരവധി സുരക്ഷാ പ്രൊജെക്ടുകള്‍ ട്രാന്‍സ്ജന്‍ഡേഴ്‌സിന് വേണ്ടി നിലവിലുണ്ട്. ഈ പ്രൊജെക്ടുകള്‍ വഴി ഏറ്റവും കൂടുതല്‍ ബോധവല്‍ക്കരണം നല്‍കേണ്ടത് പൊലീസിനാണ്. എത്രത്തോളം ബോധവത്കരണ ക്ലാസുകള്‍ നല്‍കിയിട്ടും പോലീസുകാര്‍ ഈ വിധം തന്നെ പെരുമാറുകയാണെങ്കില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് അവരെ തിരുത്തേണ്ടതാണ്.
എല്ലാ പോലീസ് സ്റ്റേഷനുകളിലും, കേരളത്തില്‍ എത്ര പോലീസ് സ്റ്റേഷനുകളുണ്ടോ അത്രയും സ്റ്റേഷനുകളിലും സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് ബോധവല്‍ക്കരണം നടത്തണം. പിന്നെ, ഞങ്ങള്‍ എല്ലാ പോലീസുകാരെയും കുറ്റമൊന്നും പറയുന്നില്ല. ഞങ്ങള്‍ക്ക് ഹരിശങ്കര്‍ സാറിന്റെ പിന്തുണ ഉണ്ടായിരുന്നു. പിന്നെ തിരുവനന്തപുരത്തുനിന്നും മനോജ് എബ്രഹാം സാറും ഞങ്ങളെ സപ്പോര്‍ട്ട് ചെയ്തിരുന്നു. അതുപോലെതന്നെ പന്തളം പോലീസുകാരും സന്നിധാനം പോലീസുകാരും നല്ല സപ്പോര്‍ട്ടീവ് ആയിരുന്നു. ഇത് ഒരു ട്രാപ്പിന്റെ ഭാഗമായി സംഭവിച്ചതാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
ഞങ്ങള്‍ ശബരിമലയ്ക്ക് പോകുന്ന വാര്‍ത്ത തുടക്കത്തിലേ പുറത്തായിരുന്നു. അത് പബ്ലിസിറ്റിക്ക് വേണ്ടിയിട്ടോ ആരെയെങ്കിലും കാണിക്കാന്‍ വേണ്ടിയിട്ടോ ആയിരുന്നില്ല. ഞങ്ങള്‍ ആരോടും പറയാത്ത ഒരു വിഷയം ആയിരുന്നു ഇത്. ഞങ്ങള്‍ സര്ക്കാരിനെ കുറ്റം പറയുന്നില്ല. പൊലീസുകാരെ പറഞ്ഞു മനസിലാക്കേണ്ടത് സര്‍ക്കാരാണ്. ടി.ജി. കമ്മ്യൂണിറ്റി എന്താണെന്നും, പെണ്ണെന്താണെന്നും ആണെന്താണെന്നും പോലീസുകാര്‍ക്ക് മനസിലാക്കികൊടുക്കേണ്ടത് സര്‍ക്കാരാണ്.
ഹരിശങ്കര്‍ സാറിനെ ഞങ്ങള്‍ ആദ്യം വിളിച്ചിരുന്നു. അപ്പോള്‍ ഹരിശങ്കര്‍ സാര്‍ ഞങ്ങളോട് പറഞ്ഞത് അവസാനം വന്ന വിധിയില്‍ ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെ കാര്യം എടുത്തു പറയുന്നില്ല എന്നാണ്. വിധിയുടെ അവസാനത്തെ പേജുകളില്‍ ആണിനും പെണ്ണിനും ട്രാന്‍സ്ജന്‍ഡറിനും പോകാം എന്ന് എഴുതിയിട്ടുണ്ടെങ്കിലും അതില്‍ “ട്രാന്‍സ്ജന്‍ഡര്‍”എന്ന് അവിടെ മെന്‍ഷന്‍ ചെയ്തിട്ടില്ല. അത് ഇടക്ക് പ്രശ്‌നമായതാണ്. പക്ഷെ ഞങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തരാമെന്നു ഹരിശങ്കര്‍ സാര്‍ പറഞ്ഞു.
അവന്തിക: ഹരിശങ്കര്‍ സാര്‍ ഒരുപാട് ഞങ്ങളെ ഹെല്‍പ്പ് ചെയ്തിരുന്നു. നിയമപരമായി എവിടെയൊക്കെ പോകണം, ആരെയൊക്കെ കാണണം എന്നൊക്കെയുള്ള സാറിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഞങ്ങള്‍ മുന്നോട് പോയത്. അതുകൊണ്ട് ചില പോലീസുകാര്‍ പ്രശ്‌നം ഉണ്ടാക്കിയെങ്കിലും നല്ലവരായ പോലീസുകാരും ഉണ്ട്. പോലീസിന്റെ പേര് കളയാന്‍ ചിലര്‍ ഉണ്ടെങ്കിലും നല്ല പോലീസുകാരും ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
പോലീസുകാര്‍ എന്ത് കാരണം പറഞ്ഞാണ് നിങ്ങളെ തടഞ്ഞത്? എന്തൊക്കെയാണ് അവര്‍ നിങ്ങളോടു പറഞ്ഞത്?
തൃപ്തി: ശരിക്കും പറഞ്ഞാല്‍ പോലീസുകാരുടെ മേലെ ഞങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസമാണ് തെറ്റിപോയത്. ഞങ്ങള്‍ ശബരിമലയ്ക്ക് പോകാന്‍ അഭ്യര്‍ത്ഥിച്ച് അപേക്ഷ കൊടുത്ത് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ പോലീസുകാര്‍ വന്നു ഞങ്ങളുടെ കാര്യങ്ങളെല്ലാം അന്വേഷിച്ചു. ശബരിമലയ്ക്ക് പോകാനുള്ള സമയം ആയപ്പോള്‍ അവര്‍ ഇവിടെ എത്തി, വണ്ടി കയറുന്നത് വരെ ഞങ്ങളോട് വളരെ കാര്യമായി തന്നെ പെരുമാറി. ഒട്ടും മോശമായിട്ടല്ല ആ സമയത്ത് ഞങ്ങളോടവര്‍ പെരുമാറിയത്. വണ്ടി ഇവിടുന്നു പുറപ്പെട്ടതിനു ശേഷവും, യാത്രക്കിടയിലും, നിലയ്ക്കല്‍ പോലീസുകാരും, എരുമേലി പോലീസുകാരും ഞങ്ങളെ നിരന്തരം വിവരങ്ങള്‍ അന്വേഷിച്ച് വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ ആ സമയത്ത് ശരിക്കും സന്തോഷത്തിലായിരുന്നു. പോലീസുകാര്‍ ഞങ്ങള്‍ക്ക് വേണ്ട സുരക്ഷ തരുമെന്നും പിന്തുണ തരുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചു.
പക്ഷെ ഞങ്ങള്‍ അവിടെ എത്തുമ്പോഴാണ് കാര്യങ്ങള്‍ മാറുന്നത്. ഞങ്ങള്‍ വണ്ടിയില്‍ നിന്നും ഇറങ്ങുമ്പോഴും അവിടെ പോലീസുകാര്‍ ഉണ്ടായിരുന്നു. പൊലീസുകാരെ ഞങ്ങള്‍ക്ക് പേടി ഒന്നും ഉണ്ടായിരുന്നില്ല. ചിരിച്ചുകൊണ്ടാണ് ഞങ്ങള്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയത്. അവര്‍ തിരിച്ച് ചിരിക്കുകയും ചെയ്തു. നിങ്ങളെ തന്നെയാണോ ഞങ്ങള്‍ വിളിച്ചുകൊണ്ടിരുന്നത് എന്നവര്‍ ഞങ്ങളോട് ചോദിച്ചു. ഞങ്ങള്‍ അതെ എന്ന് ഉത്തരം നല്‍കി. ഞങ്ങളോട് അവര്‍ പോലീസ് വാഹനത്തിനുള്ളിലേക്ക് കയറാന്‍ പറഞ്ഞു. അപ്പോഴാണ് അവര്‍ ഞങ്ങളോട് ചോദിക്കുന്നത്, നിങ്ങള്‍ ശബരിമലയിലേക്ക് പോകാന്‍ വേണ്ടി തന്നെയാണോ വന്നതെന്ന്. അതിനു വേണ്ടി തന്നെയാണ് ഞങ്ങള്‍ വന്നതെന്ന് ഞങ്ങള്‍ പറഞ്ഞു. അവിടം തൊട്ടാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
ഞങ്ങളെ അവര്‍ കടത്തി വിടില്ലെന്നും, ഞങ്ങള്‍ ആണുങ്ങളാണെന്നും, അതുകൊണ്ട് മുണ്ടും ഷര്‍ട്ടും ഉടുത്ത് വരാനും അവര്‍ ആവശ്യപ്പെട്ടു. ഞങ്ങളുടെ വിശ്വാസത്തെയാണ് അവര്‍ ചോദ്യം ചെയ്തത്. ട്രാന്‍സ് എന്ന് പറഞ്ഞൊരു കമ്മ്യൂണിറ്റിയെ അവര്‍ അവഗണിച്ചു. അവരുടെ ചോദ്യങ്ങള്‍ ഞങ്ങളെ മാനസികമായും വിഷമിപ്പിച്ചു. നിങ്ങള്‍ എന്തിനാണ് പ്രൊട്ടക്ഷന്‍ ചോദിച്ചത് എന്നും അവര്‍ ഞങ്ങളോട് ചോദിച്ചു. ശബരിമലയിലെ പ്രത്യേക അവസ്ഥ കണക്കിലെടുത്താണ് ഞങ്ങള്‍ പ്രൊട്ടക്ഷന്‍ ചോദിച്ചതെന്ന് ഞങ്ങള്‍ പറഞ്ഞു. അപ്പോള്‍ നിങ്ങള്‍ പ്രൊട്ടക്ഷന്‍ ഇല്ലാതെ തന്നെ പോകേണ്ടതായിരുന്നുവെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങളെ എന്തിനാണ് അവിടെ വിളിച്ച് വരുത്തിയതെന്നു ഞങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ, കുത്തിയിട്ടുണ്ടോ എന്നൊന്നും ഞനങ്ങള്‍ക്കറിയില്ലല്ലോ, അതറിയാനാണ് വിളിച്ചു വരുത്തിയതെന്നായിരുന്നു പോലീസുകാരുടെ മറുപടി.
ട്രാന്‍സ് കമ്മ്യൂണിറ്റി പോകട്ടെ, ശബരിമല കയറാന്‍ വന്ന സ്വാമിമാരോട് പോലീസുകാര്‍ അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു. ശരിക്കും ഞങ്ങള്‍ക്ക് വല്ലാത്ത വിഷമമായിപ്പോയി ഇത്. ഭക്തിയോടെ കൃത്യമായി വ്രതം എടുത്ത് ശബരിമല കയറാനാണ് ഞങ്ങള്‍ വന്നത്. ഇത്രയും ദിവസം പ്രശ്‌നം ഉണ്ടാക്കിയത് പോലീസുകാരല്ല. അയ്യപ്പ ഭക്തന്മാരാണ്. പക്ഷെ ഞങ്ങള്‍ വരുന്ന സമയത്ത് ഒരു ഭക്തനും തടയാന്‍ വന്നില്ല. പോലീസുകാരാണ് പ്രശ്‌നം ഉണ്ടാക്കിയത്.
ശബരിമല തന്ത്രിയും മറ്റും നിങ്ങളെ പ്രവേശിപ്പിക്കാന്‍ തയാറായിരുന്നു. പിന്നീടാണ് അത് പറഞ്ഞതെങ്കിലും. ഇതൊരു നല്ല സൂചനയായി കാണുന്നുണ്ടോ?
തൃപ്തി: ഞങ്ങള്‍ കോട്ടയത്ത് പത്രസമ്മേളനം നടത്തിയപ്പോള്‍ പറഞ്ഞിരുന്നു, ആദ്യത്തെ തീരുമാനം തന്ത്രിയുടേതാണെന്നു. തന്ത്രി ദേവപ്രശ്‌നത്തിലൂടെയോ മറ്റോ അതിലൊരു തീരുമാനത്തില്‍ എത്തട്ടെ. എന്നിട്ട് ശബരിമലയില്‍ വരുന്ന കാര്യം ഞങ്ങള്‍ ഉറപ്പിക്കാം എന്ന്. തന്ത്രിയും ദേവസ്വം ബോര്‍ഡും രാജകൊട്ടാരവും എടുക്കുന്ന തീരുമാനത്തിനാണ് ഞങ്ങള്‍ വിലകല്പിച്ചത്. ശബരിമലയില്‍ പ്രവേശിക്കരുത് എന്ന് തന്ത്രി പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ പിന്‍മാറുമായിരുന്നു. അവര്‍ ഒരിക്കലും അങ്ങനെ പറയില്ല. കാരണം ശബരിമലയെ കുറിച്ചുള്ള ഐതിഹ്യത്തില്‍ തന്നെ പറയുന്നുണ്ട്.
അയ്യപ്പന്‍ മോഹിനി രൂപത്തിലുള്ള വിഷ്ണുവിന്റെയും ശിവന്റെയും മകനാണെന്ന്. ഹരിഹരസുതന്‍ എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് അവര്‍ക്ക് അങ്ങനെ പറയാന്‍ സാധിക്കില്ല. ഞങ്ങളും മോഹിനിമാരല്ലേ? ട്രാന്‍സ്ജന്‍ഡര്‍ എന്ന് പറയുന്നത് ആണും പെണ്ണും കൂടിയിട്ടുള്ള ഒരു വിഭാഗം ആള്‍ക്കാരാണ്. ഞങ്ങള്‍ക്ക് ആര്‍ത്തവം ഇല്ല. ഞങ്ങള്‍ ശുദ്ധരാണ്. സുപ്രീം കോടതിയുടെ വിധി വന്നയുടനെ കുറെ സ്ത്രീകള്‍ ശബരിമല കയറിയിറങ്ങി. ഞങ്ങള്‍ അങ്ങനെയല്ല ശബരിമല കയറിയത്. 41 ദിവസം വ്രതമെടുത്ത് ഇരുമുടികെട്ടുമായാണ് ഞങ്ങള്‍ മല കയറുന്നത്. തന്ത്രി പറയട്ടെ എന്നാണു ഞങ്ങള്‍ പറഞ്ഞിരുന്നത്. പക്ഷെ അന്ന് തന്ത്രി പറഞ്ഞില്ല. അടുത്ത ദിവസം പോലീസുകാരുമായി കോണ്‍ടാക്ട് ഉണ്ടായ ശേഷം തന്ത്രി ഞങ്ങളോട് പ്രവേശിക്കാന്‍ പറഞ്ഞു. ഞങ്ങള്‍ ഹാപ്പി ആണ്. തന്ത്രി പറയാനുള്ളത് ആദ്ദേഹം പറഞ്ഞു.
അവന്തിക: തന്ത്രിയുടേതാണ് ശബരിമല സംബന്ധിച്ചുള്ള വിഷയങ്ങളില്‍ അവസാന വാക്ക്. എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ഞങ്ങള്‍ പ്രവേശനം നടത്തണ്ട എന്ന രീതിയില്‍ തന്ത്രി നിലപാടെടുക്കില്ല എന്ന് ഞങ്ങള്‍ക്ക് വിശ്വാസം ഉണ്ടായിരുന്നു. ആണിനേക്കാളും പെണ്ണിനെക്കാളും ശബരിമലയില്‍ ആരാധന നടത്താന്‍ അവകാശമുള്ളത് ട്രാന്‍സ്ജന്‍ഡേഴ്സിനാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങളെ വിലക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു.
വിശ്വാസത്തിന്റെ ചോദ്യം ഇതില്‍ കടന്നു വരുന്നുണ്ട്. നിങ്ങള്‍ പണ്ടുമുതലേ അയ്യപ്പനിലും ശബരിമല ക്ഷേത്രങ്ങളിലും വിശ്വാസമുള്ളവരാണോ? അതോ നിലപാട് പരസ്യമാക്കുക മാത്രമായിരുന്നോ നിങ്ങള്‍?
അവന്തിക: അല്ല. ഞങ്ങള്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് പോയത്. ഞങ്ങളുടെ വിശ്വാസത്തിന്റെ അളവുകോല്‍ പോലീസിന്റെ കൈയിലോ സര്‍ക്കാരിന്റെ കൈയിലോ അല്ല. എന്റെ വിശ്വാസം എന്നില്‍ അധിഷ്ഠിതമാണ്. അത് ഞാനാണ് തീരുമാനിക്കുന്നത്. എനിക്കാരെയും അത് ബോധിപ്പിക്കേണ്ട കാര്യമില്ല. എന്റെ വിശ്വാസം എനിക്ക് അയ്യപ്പനെ ബോധിപ്പിച്ചാല്‍ മതി. അത് ആര്‍ക്കും അളക്കേണ്ട ആവശ്യവും ഇല്ല. ആരെയും ബോധിപ്പിക്കാനല്ലല്ലോ നമ്മള്‍ ശബരിമലയ്ക്ക് പോകുന്നത്. നമ്മളുടെ വിശ്വാസം അനുസരിച്ചും, ശരിയായുളള ആചാരങ്ങളും, അനുഷ്ഠാനങ്ങളും അനുസരിച്ചാണ് ഞങ്ങള്‍ ശബരിമലയ്ക്ക് പോയിരിക്കുന്നത്.
തൃപ്തി: ഇവള്‍ ചെറുപ്പത്തില്‍ പോയതാണ്. എന്റെ വീട്ടില്‍ പൂജയും പാട്ടുമായി ശബരിമലയ്ക്ക് പോകുന്ന ആള്‍ക്കാരുണ്ട്. നമ്മള്‍ കാസര്‍ഗോട്ടുകാരുടെ കാര്യം പറയുകയാണെങ്കില്‍ മാലയിട്ടവര്‍ വീട്ടില്‍ നിന്നും മാറിയാണ് താമസിക്കുന്നത്. ഒരു 10-15 പേരുണ്ടെങ്കിലും അവര്‍ മാറി ആയിരിക്കും താമസിക്കുക. എല്ലാ ശനിയാഴ്ച്ചയും വൈകിട്ട് അവിടെ ഭജനയും പാട്ടും ഉണ്ടാകും. ആ സമയത്ത് എല്ലാ ശനിയാഴ്ച്ചയും ഞങ്ങള്‍ അവിടെ ആയിരിക്കും. ആ ശിബിരത്തില്‍ തന്നെ ഉണ്ടാകും. അങ്ങനെ വളര്‍ന്ന ഒരാളാണ് ഞാന്‍. അയ്യപ്പനെ കാണാന്‍ ഒരു വിശ്വാസത്തിന്റെ പേരില്‍ തന്നെയാണ് പോയത്. ഞങ്ങള്‍ക്ക് പോകാന്‍ തോന്നിയത് കൊണ്ടാണ് പോയത്. ഇങ്ങനെ ഒരു പ്രശ്‌നം അവിടെ നടക്കുമ്പോള്‍ പോകണം എന്ന് ഞങ്ങള്‍ സത്യത്തില്‍ വിചാരിച്ചിരുന്നില്ല. വിശ്വാസത്തിന്റെ പുറത്താണോ അതോ പബ്ലിസിറ്റിക്ക് വേണ്ടിയാണോ പോയത് എന്നാണ് ഞങ്ങള്‍ക്ക് നേരെ ഉയരുന്ന പ്രധാന വിമര്‍ശനം.
ഇരുമുടി കെട്ട് തയാറാക്കുമ്പോള്‍ ഞങ്ങള്‍ മൊബൈലില്‍ വീഡിയോ ഷൂട്ട് ചെയ്തിരുന്നു. ഇത് ഞങ്ങള്‍ക്ക് ഒരു ഓര്‍മ്മയ്ക്കായി സൂക്ഷിക്കാന്‍ വേണ്ടി ആയിരുന്നു. പുറത്ത് വിടാന്‍ വേണ്ടി ആയിരുന്നില്ല അത്. ആ ദിവസം ഒരുപാട് ചാനലുകള്‍ ഞങ്ങളെ വിളിച്ചിരുന്നു. നിങ്ങളാണല്ലേ ശബരിമല കയറാന്‍ പോകുന്നത്, ഞങ്ങള്‍ വന്നു വിഷ്വല്‍സ് എടുത്തോട്ടെ എന്ന് ചോദിച്ചായിരുന്നു അവര്‍ വിളിച്ചത്. പക്ഷെ ആരും വരേണ്ട എന്നാണു ഞങ്ങള്‍ അവരോടു പറഞ്ഞത്. ഞങ്ങള്‍ സമ്മതിക്കില്ല എന്ന് പറഞ്ഞു. പോയി വന്ന ശേഷം വേണമെങ്കില്‍ സംസാരിക്കാം എന്നും ഞങ്ങള്‍ അവരോടു പറഞ്ഞു. ഈ കാര്യങ്ങള്‍ ചാനലില്‍ വന്ന് അത് വലിയ വിഷയമാകേണ്ട എന്ന് വിചാരിച്ചാണ് ഞങ്ങള്‍ അത് ചെയ്തത്. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഞങ്ങള്‍ ശബരിമല കേറിയത്.
നിലവില്‍ കേരളത്തില്‍ ഒരുപാട് അറിയപ്പെടുന്ന ആള്‍ തന്നെയാണ് ഞാന്‍. പ്രശസ്തിയ്ക്ക് വേണ്ടി ആയിരുന്നെങ്കില്‍ എനിക്ക് വളരെ എളുപ്പത്തില്‍ ചാനലുകാരെ ഒക്കെ അറിയിച്ച് എനിക്ക് പോകാമായിരുന്നു. പബ്ലിസിറ്റിയല്ല, ഭക്തി കാരണമാണ് ഞങ്ങള്‍ പോകുന്നത്. ആള്‍ക്കാര്‍ പലതും വിചാരിക്കുന്നുണ്ട്. നിങ്ങള്‍ കണ്ടിട്ടുണ്ടാകും ശബരിമലയില്‍ പോയി ഇരുമുടികെട്ട് അഴിക്കുമ്പോള്‍ അതിനകത്ത് എന്തൊക്കെ ഉണ്ടായിരുന്നു എന്ന്. ആചാരപ്രകാരമുള്ള എല്ലാം കെട്ടില്‍ ഉണ്ടായിരുന്നു. നെയ്ത്തേങ്ങയും മറ്റും അതിനകത്ത് ഉള്ളത് ചാനലുകള്‍ വഴി ലോകം മുഴുവന്‍ കണ്ടതാണ്. അപ്പോള്‍ അതില്‍ നിന്നും മനസിലാക്കാം ഞങ്ങളുടെ വിശ്വാസം എത്രത്തോളം ഉണ്ടെന്നുള്ളത്.
തങ്ങള്‍ക്ക് ആര്‍ത്തവമില്ല അതുകൊണ്ട് ശബരിമലയില്‍ പ്രവേശിക്കാമെന്ന് നിങ്ങള്‍ പറയുന്നു. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ നിലപാട് എന്താണ്?
അവന്തിക: പ്രതിഷേധം നടക്കുന്നത് ആര്‍ത്തവത്തിന്റെ പേരിലാണല്ലോ. അതുകൊണ്ട് പ്രതിഷേധം നടത്തിയവര്‍ക്കുള്ള ഒരു മറുപടി ആയിട്ടാണ് ഞങ്ങള്‍ക്ക് ആര്‍ത്തവമില്ല എന്ന് ഞങ്ങള്‍ പറയുന്നത്.
തൃപ്തി: അല്ലാതെ പെണ്ണുങ്ങള്‍ കയറാനോ, കയറേണ്ട എന്നോ ഞങ്ങള്‍ പറയുന്നില്ല.
അവന്തിക: വിശ്വാസികളായ സ്ത്രീകളോ, പുരുഷന്മാരോ, ട്രാന്‍സ്ജന്‍ഡര്‍സോ ആര് വന്നാലും, ഞങ്ങള്‍ സ്വാഗതം ചെയ്യും.
തൃപ്തി: എവിടെ പോയാലും എന്ത് പ്രശ്‌നമുണ്ടായാലും അവിടെ രാഷ്ട്രീയമുണ്ട്. അയ്യപ്പന്റെയും ശബരിമലയുടെയും വിശ്വാസത്തിന്റെ കാര്യത്തില്‍ 10നും 50നും ഇടയ്ക്കുള്ള സ്ത്രീകള്‍ കയറാന്‍ പാടില്ല എന്നാണ് പറയുന്നത്. അപ്പോള്‍ അങ്ങനെ തന്നെയാണ് വേണ്ടത്. പിന്നെ ട്രാന്‍സ്ജന്‍ഡേര്‍സ് വരാന്‍ പാടില്ലെന്നൊന്നും അയ്യപ്പന്‍ പറഞ്ഞിട്ടില്ല. അതല്ലാതെ ഞങ്ങള്‍ അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാനോ പറയാനോ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് പോകാന്‍ സാധിക്കുന്നുണ്ടല്ലോ. സ്ത്രീകളുടെ കാര്യം അവര്‍ തന്നെ തീരുമാനിക്കേണ്ടതാണ്. അത് അവരുടെ വ്യക്തിപരമായ വിഷയമാണ്. അതിനാല്‍ തന്നെ അതിനെ കുറിച്ച് കൂടുതലൊന്നും പറയാന്‍ ഞങ്ങള്‍ക്ക് അര്‍ഹതയില്ല. തന്ത്രിയും രാജകൊട്ടാരവും മറ്റും ഇതില്‍ തീരുമാനമെടുക്കേണ്ടതാണ്. ഞങ്ങള്‍ അതില്‍ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല.
ട്രാന്‍സ്ജന്‍ഡേഴ്‌സിനോടുള്ള സമീപനം അല്‍പ്പമെങ്കിലും മാറിവരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇങ്ങനെയൊരു മാറ്റം വന്നിട്ടുണ്ടോ? ഇക്കാര്യത്തിലെ സര്‍ക്കാര്‍ നിലപാടുകള്‍ എത്രത്തോളം സഹായിച്ചു?
അവന്തിക: ഒത്തിരി മാറ്റം വന്നിട്ടുണ്ട്. മൂന്നാല് വര്‍ഷം മുന്‍പുള്ള സമീപനത്തിലും ഇപ്പോഴുള്ള സമീപനത്തിലും കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്. ആള്‍ക്കാരുടെ മനോഭാവത്തിലും മറ്റും. മുഖ്യധാരയിലേക്ക് ഞങ്ങള്‍ക്ക് ഇപ്പോള്‍ പ്രവേശനമുണ്ട്. പൊതുപരിപാടിയിലും മറ്റും ഞങ്ങളെ ക്ഷണിക്കാറുണ്ട്. ഞങ്ങളെ അംഗീകരിക്കുന്നുണ്ട്. ഞങ്ങള്‍ മാറ്റി നിര്‍ത്തേണ്ടവരല്ല, സമൂഹത്തിന്റെ ഭാഗം തന്നെയാണ് ഞങ്ങള്‍ എന്ന് അവര്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ട്രാന്‍സ്ജന്‍ഡര്‍ പോളിസിയും മറ്റും ഈ കാര്യത്തില്‍ ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
എനിക്ക് തോന്നുന്നു എല്‍.ഡി.എഫിന്റെ ഭരണകാലത്താണ് ഏറ്റവും കൂടുതല്‍ പദ്ധതികളും ആനുകൂല്യങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചതെന്ന്. ഒരുപാട് സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്തുതന്നു. ബ്യുട്ടീഷ്യന്‍ കോഴ്‌സ്, ഐ.ഡി. കാര്‍ഡ് വിതരണം, എഡ്യൂക്കേഷന്‍ സ്റ്റയിപ്പന്റ്, ഹോസ്റ്റല്‍ ഫീസ്, ഡ്രൈവിംഗ് പരിശീലനം തുടങ്ങി ഒത്തിരി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു. ഞങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നവരെ ഞങ്ങള്‍ക്ക് വെറുക്കാനോ വെറുപ്പിക്കാനോ സാധിക്കില്ല, ഞങ്ങളെ മോശമായി ബാധിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല.
തൃപ്തി: ഇപ്പോള്‍ ശബരിമലയുടെ കാര്യം നോക്കുമ്പോള്‍ ഏറ്റവും വലിയ അംഗീകാരമല്ലേ ഞങ്ങള്‍ക്ക് കിട്ടിയത്. ആരും എതിര്‍ത്തില്ല. ശബരിമല കയറുമ്പോള്‍ ഞാന്‍ നോക്കുന്നുണ്ടായിരുന്നു ആരെങ്കിലും തടയാന്‍ വരുന്നുണ്ടോ എന്ന്. പക്ഷെ അങ്ങനെയൊന്നും ഉണ്ടായില്ല. ഞങ്ങള്‍ ആരെയും അവിടെ കണ്ടില്ല. അപ്പോള്‍ കേരളത്തിലെ എല്ലാ ആള്‍ക്കാരും നല്ല സപ്പോര്‍ട്ടല്ലേ ഞങ്ങള്‍ക്ക് നല്‍കിയത്? എരുമേലിയിലുള്ള പോലീസുകാര്‍ തടഞ്ഞത് മാത്രമല്ലാതെ വേറെ ഉള്ളവര്‍ ആരും ഞങ്ങളെ തടഞ്ഞില്ല.
ബ്രഹ്മചര്യത്തിന്റെയും മറ്റും പേര് പറഞ്ഞു ശബരിമലയെ പുരുഷന്റെ മാത്രം ഇടമാക്കി തീര്‍ക്കാനുള്ള ശ്രമമാണ് ശബരിമലയില്‍ നടക്കുന്നത്. പുരുഷന്റെ ഇടം മാത്രമാണോ ശബരിമല?
തൃപ്തി: ഞാനൊരു കാര്യം ചോദിക്കട്ടെ, അയ്യപ്പന്റെ ബ്രഹ്മചര്യത്തിന്റെ കാര്യം ശരി, പക്ഷെ ശബരിമലയില്‍ പ്രവേശനം നടത്തുന്ന അമ്മമാര്‍ സ്ത്രീകളല്ലേ?. കുഞ്ഞുങ്ങള്‍ പോകുന്നുണ്ട്. പെണ്‍കുഞ്ഞുങ്ങള്‍. അപ്പോള്‍ അത് പുരുഷന്റെ മാത്രം ഇടം എന്ന് പറയാനാകില്ലല്ലോ? അയ്യപ്പന്റെ കഥയില്‍ പറയുന്നത് കന്നിഅയ്യപ്പന്മാര്‍ എന്ന് ഇല്ലാതാകുമോ, അന്ന് കല്യാണം കഴിക്കുമെന്നും, സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്നുമാണ്. അയ്യപ്പന്‍ അതുവരെ ബ്രഹ്മചാരി ആയിരിക്കും. നമ്മള്‍ പോകുന്നതില്‍ അങ്ങനെ ഒരു പ്രശ്‌നം ഞങ്ങള്‍ക്ക് തോന്നിയില്ല. ഇപ്പോള്‍ നിങ്ങള്‍ പറയുന്നത് പോലെ സ്ത്രീകള്‍ അവിടെ പോയാലും ബ്രഹ്മചര്യം പോകില്ല. ബ്രഹ്മചാരി ബ്രഹ്മചാരി തന്നെയല്ലേ?. എല്ലാം ആണുങ്ങളുടേതാണ് എന്ന് പറയാനാകില്ല.
അവന്തിക: നമ്മള്‍ പോയത് കൊണ്ട് ഒരിക്കലും ബ്രഹചര്യം പോകുന്നില്ല. ഇപ്പൊ 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നുണ്ടല്ലോ? അപ്പോള്‍ അയ്യപ്പന്റെ ബ്രഹ്മചര്യം പോകുന്നില്ലല്ലോ? ഞങ്ങള്‍ പോയത് ഞങ്ങളുടെ വിശ്വാപ്രകാരമാണ്. അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപെടുത്തുക എന്നുള്ള ദുരുദ്ദേശമൊന്നും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.
തൃപ്തി: ഹരിഹരനല്ലേ? ഞങ്ങള്‍ക്ക് വേണ്ടി ഉള്ളത് അല്ലെ?
അവന്തിക: അയ്യപ്പന്റെ അച്ഛനും അമ്മയും ആയിട്ടുള്ള വ്യക്തികളായ ഞങ്ങളാണ് അവിടെ ചെന്നിരിക്കുന്നത്. അപ്പോള്‍ അയ്യപ്പന്‍ ഞങ്ങളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയെ ഉള്ളൂ. ഒരിക്കലും മാറ്റി നിര്‍ത്തുകയില്ല.
തൃപ്തി: ഞങ്ങള്‍ക്ക് യഥാര്‍ത്ഥമായ ഭക്തി അല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഒരിക്കലും മല ചവിട്ടുമായിരുന്നില്ല. സന്നിധാനത്ത് ഞങ്ങള്‍ എത്തുകയും ചെയ്യില്ലായിരുന്നു. ഞങ്ങള്‍ തമ്മില്‍ത്തമ്മില്‍ പറയുന്നുണ്ടായിരുന്നു. ഞങ്ങളെ ഒരിക്കലും ആരും തടയില്ല. തടയുന്നുണ്ടെങ്കില്‍ അവര്‍ ഒരിക്കലും ശരിയായ വിശ്വാസികളായിരിക്കില്ല.
തൃപ്തി: അര്‍ദ്ധനാരീശ്വര സങ്കല്പത്തില്‍ അവര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, മോഹിനി സങ്കല്‍പ്പത്തില്‍ അവര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഞങ്ങളെ ഒരിക്കലും തടയാന്‍ അവര്‍ക്ക് സാധിക്കില്ല.
തൃപ്തി: അയ്യപ്പക്ഷേത്രം പോലൊരു ശക്തിയുള്ള ക്ഷേത്രത്തിലും അയ്യപ്പന്റെ മുന്‍പിലും വിശ്വാസി അല്ലാത്ത ആരും ഒരിക്കലും എത്തില്ല. അയ്യപ്പന്‍ അവരെ സ്വീകരിക്കില്ല എന്നാണു ഞങ്ങള്‍ വിശ്വസിക്കുന്നത്.