ശബരിമലയില്‍ ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി
Sabarimala women entry
ശബരിമലയില്‍ ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th January 2019, 10:34 am

പത്തനംതിട്ട: ശ്രീലങ്കന്‍ യുവതി പ്രവേശിച്ച പശ്ചാത്തലത്തില്‍ ശബരിമലയില്‍ ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി കയറിയെന്ന് പൊലീസോ ദേവസ്വം ബോര്‍ഡോ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ ശുദ്ധിക്രിയയുടെ ആവശ്യമില്ലെന്നായിരുന്നു തന്ത്രിയുടെ പ്രതികരണം.

ശ്രീലങ്കന്‍ യുവതി കയറിയതിന് പിന്നാലെ ശുദ്ധിക്രിയ നടത്തുമോയെന്ന ചോദ്യം മാധ്യമങ്ങള്‍ ആരാഞ്ഞപ്പോഴായിരുന്നു തന്ത്രിയുടെ ഈ പ്രതികരണം.

ശബരിമലയില്‍ പതിനെട്ടാം പടി കയറി ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നായിരുന്നു നേരത്തെ തന്ത്രി കണ്ഠരരുടെ രാജീവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു ഒന്നും പറയാനില്ലെന്ന രീതിയില്‍ തന്ത്രി മറുപടി നല്‍കിയത്.


‘ബിന്ദുവും കനകദുര്‍ഗയും ശശികലയും മാത്രമല്ല’; ശബരിമലയില്‍ ഇതുവരെ പത്ത് യുവതികള്‍ ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്


നേരത്തെ ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്ത് പ്രവേശിച്ചതിന് പിന്നാലെ ശബരിമല നടയടച്ച് തന്ത്രി ശുദ്ധി ക്രിയ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു തന്ത്രിയുടെ നിലപാട് അറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചത്. യുവതി പ്രവേശിച്ചെന്ന് വ്യക്തമായതോടെ തന്ത്രി നടയടക്കുമോ എന്ന ചോദ്യമായിരുന്നു ഉയര്‍ന്നത്. എന്നാല്‍ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബിന്ദുവും കനകദുര്‍ഗയും പ്രവേശിച്ചതിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയകള്‍ നടത്താന്‍ നിര്‍ദ്ദേശിച്ച തന്ത്രിയോട് ദേവസ്വം ബോര്‍ഡ് ഇന്നലെ വിശദീകരണം തേടിയിരുന്നു.

15 ദിവസത്തിനകം മറുപടി നല്‍കണമെന്നും വികാരപ്രകടനത്തിന്റെ അടിസ്ഥാനത്തിലൊന്നും കാര്യങ്ങള്‍ ചെയ്യാനാവില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞിരുന്നു.

സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിന്ദുവും കനകദുര്‍ഗയും ദര്‍ശനത്തിന് എത്തിയതിന് പിന്നാലെ നടയടച്ച തന്ത്രിയുടെ നടപടി ഗുരുതര വീഴ്ചയാണെന്നാണ് ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍. ബോര്‍ഡ് നിയമാവലി പ്രകാരം നട അടയ്ക്കാന്‍ തന്ത്രിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ല.

സുപ്രീംകോടതി വിധി അനുസരിച്ചാണ് യുവതികളെത്തിയത്. നിയപരമായ അവകാശത്തോടെ സന്നിധാനത്ത് എത്തിയവര്‍ പോയശേഷം ശുദ്ധിക്രിയ നടത്തിയത് വിധിയുടെ ലംഘനമാണെന്നും ബോര്‍ഡ് കരുതുന്നു. സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ബോര്‍ഡ് വിശദീകരണം നല്‍കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങളും ബോര്‍ഡ് പരിശോധിക്കുന്നുണ്ട്.