കൊച്ചി: ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അയ്യപ്പസേവാ സമാജം ഹൈക്കോടതിയില്‍. സര്‍ക്കാര്‍ തീരുമാനം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ മിഥുനമാസ പൂജയ്ക്കും ഉത്സവത്തിനും ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അയ്യപ്പസേവാ സമാജം ഹൈക്കോടതിയെ സമീപിച്ചത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നുവെങ്കിലും ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് തടയണമെന്നും കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഭക്തരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഇത് ഭീഷണിയാണെന്നും അടിയന്തരമായി സര്‍ക്കാര്‍ തീരുമാനം സറ്റേ ചെയ്യണമെന്നുമാണ് ഹരജിയിലെ ആവശ്യം.
അതിനിടെ ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണര്‍ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കത്ത് നല്‍കിയിരുന്നു. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്.
ഉത്സവചടങ്ങുകള്‍ ആരംഭിച്ചാല്‍ അതില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും രോഗബാധ സ്ഥിരീകരിച്ചാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടതായി വരുമെന്നും അതുകൊണ്ട് തന്നെ ഉത്സവചടങ്ങുകള്‍ ആചാരപ്രകാരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു തന്ത്രി കത്തില്‍ പറഞ്ഞത്.
എന്നാല്‍ ശബരിമല ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമല തന്ത്രിക്കെതിരെ വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു രംഗത്തെത്തി. ഉത്സവം നടത്താന്‍ തീരുമാനിച്ചത് എല്ലാവരുമായി ആലോചിച്ചിട്ടാണെന്നും ഉത്സവം നടത്താന്‍ തീയതി കുറിച്ച് തന്നത് മന്ത്രി മഹേഷ് മോഹനരാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.
ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ ഏകപക്ഷീയമായി ഒരു തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയത് തന്ത്രിയായിരുന്നു. ഇക്കുറി ഉത്സവം നടത്തണമെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് നിര്‍ബന്ധമുണ്ടായിരുന്നില്ലെന്നും ഭക്തജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തതെന്നും ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തില്‍ പിടിവാശിയില്ലെന്നും വാസു പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ