പമ്പ: മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്നു തുറക്കും. സന്നിധാനം, മാളികപ്പുറം നിയുക്ത മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും ഇന്നു നടക്കും. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്.
നിയുക്ത മേല്‍ശാന്തിമാരാകും നട തുറക്കുക. 2800 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സന്നിധാനത്ത് അവലോകന യോഗവും ചേരും.
യുവതീ പ്രവേശന വിധിക്ക് സ്‌റ്റേയില്ലെങ്കിലും ശബരിമലയിലേക്ക് യുവതികളെത്തിയാല്‍ കോടതിവിധിയിലെ സങ്കീര്‍ണത ചൂണ്ടിക്കാട്ടി തടയാന്‍ സാധ്യതയുണ്ട്. തല്‍ക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട്.
യുവതീ പ്രവേശം അനുവദിക്കുന്ന വിധി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും വ്യാഴാഴ്ചത്തെ സുപ്രീം കോടതി വിധി സ്റ്റേയ്ക്ക് തുല്യമായി കരുതാമെന്ന് സര്‍ക്കാരിന് എ.ജി.യുടെ നിയമോപദേശം ലഭിച്ചിരുന്നു. അന്തിമ വിധി വരും വരെ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിലയിലുള്ള നിയമോപദേശമാണ് ലഭിച്ചത്.
അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയാണ് നിയമോപദേശം നല്‍കിയത്. നിയമ സെക്രട്ടറി, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത എന്നിവരോടും സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു.
വിധിയില്‍ വ്യക്തത വരുംവരെ യുവതീ പ്രവേശനം അനുവദിക്കേണ്ടന്ന് സി.പി.എം സെക്രട്ടേറിയറ്റും നിലപാടെടുത്തിട്ടുണ്ട്. വിധിയില്‍ അവ്യക്തത നീങ്ങിയിട്ടില്ലെന്ന് നിയമ മന്ത്രി എ.കെ. ബാലനും ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. പോകണമെന്നുള്ളവര്‍ കോടതി ഉത്തരവുമായി വരട്ടെയെന്നും കടകംപള്ളി പറഞ്ഞിരുന്നു.
അതേസമയം, ക്രമസമാധാന പ്രശ്‌നമാണ് സര്‍ക്കാറിന് മുമ്പിലുള്ള പ്രധാന വെല്ലുവിളി. ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ 36 സ്ത്രീകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഇവര്‍ ദര്‍ശനം നടത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
ഈ മാസം 28 ന് ശേഷം ശബരിമലയില്‍ പോകുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനോട് സുരക്ഷ ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ സുരക്ഷ നല്‍കിയാലും ഇല്ലെങ്കിലും ഇത്തവണ ദര്‍ശനം നടത്തുമെന്നും തൃപ്തി ദേശായി പറഞ്ഞു.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനു ശേഷം തൃപ്തി ദേശായി ശബരിമലയില്‍ ദര്‍ശനം നടത്താനായി എത്തിയിരുന്നു. എന്നാല്‍ സംഘപരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകുകയായിരുന്നു.