| Tuesday, 6th November 2018, 11:03 pm

ആചാരം സംരക്ഷിക്കാനിറങ്ങിയവര്‍ തന്നെ ആചാരം ലംഘിച്ച ആന്റി ക്ലൈമാക്‌സ്; ശബരിമല നട അടച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശബരിമല: ചിത്തിര ആട്ടവിശേഷത്തിനായി തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തുറന്ന ശബരിമല നട അടച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനമാണ് പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയിരുന്നത്.

ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ധരാത്രിയോടെ പിന്‍വലിക്കും. ഭക്തര്‍ മലയിറങ്ങുന്ന സമയത്തും അതീവ ജാഗ്രതയിലാണ് പൊലീസ്.

29 മണിക്കൂര്‍നീണ്ട തീര്‍ഥാടനത്തിനാണ് ഇതോടെ സമാപനമായത്. ഇനി വൃശ്ചികം ഒന്നിന് നട തുറക്കും.

ALSO READ: ശബരിമലയില്‍ ആചാരലംഘനം നടത്തിയെന്ന് സമ്മതിച്ച് വല്‍സന്‍ തില്ലങ്കേരി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്നതിനുശേഷം സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം നടന്നത്.

തുലാമാസപൂജകള്‍ക്കായി നട തുറന്നപ്പോഴും ഇന്നലെ നട തുറന്നപ്പോഴും സന്നിധാനത്തും നിലയ്ക്കലിലുമെല്ലാം ഭക്തരടമുള്ളവര്‍ക്കെതിരെ വലിയ ആക്രമണമാണ് നടന്നത്.

ഇന്ന് കുഞ്ഞിനെ ചോറൂണിനായി കൊണ്ടുവന്ന യുവാവിനെയും അമ്മയേയും ഒരു സംഘമാളുകള്‍ ആക്രമിച്ചിരുന്നു. 50 വയസിനുമുകളിലുള്ളവര്‍ പോലും ആക്രമണത്തിനിരയായി.

ALSO READ: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത് ആചാരലംഘനം: തന്ത്രി

അതേസമയം ആര്‍.എസ്.എസ് നേതാവ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് വിവാദമായി. ഇത് ആചാരലംഘനമാണ്. ആചാരപ്രകാരം തന്ത്രിമാര്‍ക്കും പന്തളം കൊട്ടാരം പ്രതിനിധികള്‍ക്കും മാത്രമെ പതിനെട്ടാംപടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറാനുള്ള അനുവാദമുള്ളൂ.

ഇന്ന് രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തുകയും പുറംതിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്. ഇതിന് ശേഷം വത്സന്‍ തില്ലങ്കേരി ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുകയും ചെയ്തു.

പതിനെട്ടാം പടി പ്രസംഗപീഠമാക്കിയ വത്സന്‍ തില്ലങ്കേരിയുടെ നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more