ശബരിമല വിഷയത്തില്‍ ആറാമത്തെ ഹര്‍ത്താല്‍; അക്രമമുണ്ടാക്കിയാല്‍ ഉടനെ അറസ്റ്റ്
b.j.p harthal
ശബരിമല വിഷയത്തില്‍ ആറാമത്തെ ഹര്‍ത്താല്‍; അക്രമമുണ്ടാക്കിയാല്‍ ഉടനെ അറസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th December 2018, 7:53 am

കോഴിക്കോട്: മധ്യവയസ്‌കന്റെ ആത്മഹത്യയില്‍ ബി.ജെ.പി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. ശബരിമല വിഷയത്തില്‍ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും നടത്തുന്ന ആറാമത്തെ ഹര്‍ത്താലാണിത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ഒക്ടോബര്‍ 8ന് പത്തനംതിട്ടയിലാണ് ആദ്യം ഹര്‍ത്താല്‍ നടത്തിയത്. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.

ഒക്ടോബര്‍ എട്ടിന് നിലയ്ക്കലുണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തി.

നവംബര്‍ 2ന് പന്തളം സ്വദേശിയായ ശിവദാസന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ നടത്തി. നവംബര്‍ 17ന് ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തി. ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്ത് ബി.ജെ.പി പ്രകടനത്തിന് നേരെ ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി.

അതേസമയം ഹര്‍ത്താലിനിടയില്‍ അക്രമം കാണിക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ജില്ല പൊലീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അക്രമത്തിന് മുതിരുകയോ സഞ്ചാര സ്വാതന്ത്രം ഹനിക്കുകയോ ചെയ്താല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.