ന്യൂദല്‍ഹി: ശബരിമല വിഷയത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയത്തില്‍ ഒരുവിഭാഗം ഭക്തരുടെ വികാരത്തിനൊപ്പം നില്‍ക്കാനും സമരം ശക്തമാക്കാനുമാണ് അമിത് ഷായുടെ നിര്‍ദേശം.
ഞായറാഴ്ച ബി.ജെ.പി ആസ്ഥാനത്ത് ചേര്‍ന്ന സംസ്ഥാന വക്താക്കളുടെ യോഗത്തിലാണ് അമിത് ഷാ നിര്‍ദേശം നല്‍കിയതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും, കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നുമാണ് അമിത് ഷായുടെ നിര്‍ദ്ദേശം. എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള വക്താക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
ALSO READ: ശബരിമലയിലേക്ക് പോകാനൊരുങ്ങുന്ന സ്ത്രീകളെ ബി.ജെ.പി തടയില്ല: എം.ടി. രമേശ്
ആമുഖ പ്രസംഗത്തിനുശേഷം പ്രതിനിധികളുടെ ചോദ്യത്തിന് മറുപടിയായാണ് ശബരിമല വിഷയത്തെക്കുറിച്ച് അമിത് ഷാ പരാമര്‍ശിച്ചത്. രാജ്യത്തൊട്ടാകെ ബാധിക്കപ്പെടുന്ന വിഷയമല്ലെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ശബരിമലയിലെ സ്ത്രീപ്രവേശനം ചര്‍ച്ചാ വിഷയമാണ്.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് മധ്യകേരളത്തില്‍ സമരപരിപാടികള്‍ ആരംഭിച്ചത്. വലിയ രീതിയില്‍ ജനപങ്കാളിത്തം യോഗങ്ങളിലുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തില്‍ ബി.ജെ.പി ശക്തമായ സാന്നിധ്യം അറിയിക്കണം. ഭക്തരെ പാര്‍ട്ടിക്കു കീഴില്‍ അണിനിരത്തി വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.
സുപ്രീംകോടതി വിധി സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ കേരളത്തിലെ പ്രതിനിധികള്‍ വിശദീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് വിഷയം സജീവമായി നിലനിര്‍ത്താനുള്ള നിര്‍ദേശമാണ് നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്.
ശബരിമല വിഷയത്തില്‍ ഹിന്ദു സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങുകയും വലിയ ജനപങ്കാളിത്തം ഉണ്ടാകുകയും ചെയ്തിട്ടും ബി.ജെ.പിക്ക് കാര്യമായ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
നേരത്തെ സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്ന നിലപാടായിരുന്നു ബി.ജെ.പി സംസ്ഥാനനേതൃത്വത്തിന്റേത്. ആര്‍.എസ്.എസ് കേന്ദ്രനേതൃത്വവും വിധിയെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നിലപാടില്‍ മലക്കം മറിഞ്ഞ് സര്‍ക്കാരിനെതിരെ നീങ്ങാനാണ് ബി.ജെ.പി ശ്രമിച്ചത്.
WATCH THIS VIDEO: