“ഉത്തരേന്ത്യയുടെ രാമജന്മഭൂമിയാണ് അയോധ്യയെങ്കില്‍ ദക്ഷിണേന്ത്യയുടെ രാമജന്മഭൂമിയാണ് ശബരിമല. അദ്വാനി നടത്തിയ രഥയാത്രയ്ക്ക് സമാനമായിരിക്കും ശ്രീധരന്‍പിള്ളയുടെ രഥയാത്ര”. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള കോടതിവിധിക്കെതിരെയും വിധിനടപ്പിലാക്കുമെന്ന് പറഞ്ഞ സര്‍ക്കാറിനെതിരെയും നടന്ന പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞ വാക്കുകളാണിത്.
ഗോപാലകൃഷ്ണനു മുമ്പ് ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണെന്ന് പറഞ്ഞത് വി.എച്ച്.പി. (വിശ്വഹിന്ദു പരിഷത്ത്) വക്താവ് വിനോദ് ബന്‍സലാണ്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധിവരുന്നതിന് മുമ്പും വന്നയുടനേയും സ്ത്രീപ്രവേശനം അനുവദിക്കണം എന്ന വാദിച്ചു കൊണ്ടിരുന്ന ആര്‍.എസ്.എസ് നേതാക്കളും വിധിക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ശ്രിമിക്കാത്ത കേന്ദ്രമന്ത്രിമാരും ശ്രീധരന്‍പിള്ളയുടെ രഥയാത്രയില്‍ പങ്കെടുക്കുന്നുമെന്നാണ് നേതൃത്വം തന്നെ അറിയിച്ചിട്ടുള്ളത്.
ഇന്ത്യയില്‍ ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിച്ച് അയോധ്യയെ ഒരു പ്രധാന രാഷ്ട്രീയ ആയുധമാക്കി 1990 സെപ്റ്റംബര്‍ 25നാണ് അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര ആരംഭിച്ചത്. രാമക്ഷേത്ര നിര്‍മാണത്തിന് രാജ്യത്തിന്റെ മുഴുവന്‍ പിന്തുണ തേടിക്കൊണ്ട് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്നും അയോധ്യയിലേക്കായിരുന്നു യാത്ര. ഇതിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഭീകരമായ വര്‍ഗീയ സംഘര്‍ഷങ്ങളും ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങളും അഴിച്ചുവിട്ടുകൊണ്ടായിരുന്നു രഥയാത്ര കടന്നു പോയത്. 1990 നവംബര്‍ ബിഹാറിലെ സമസ്തിപ്പൂരില്‍ വച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് രഥയാത്ര തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച് കേന്ദ്രത്തിലെ വി.പി സിംഗ് സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു. ഇതോടെ രാജ്യം അടുത്ത തെരഞ്ഞെടുപ്പ് നേരിട്ടു. തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വന്‍ നേട്ടമുണ്ടാക്കി. ഉത്തര്‍ പ്രദേശില്‍ അധികാരത്തിലെത്തി.
1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ ബാബരിപള്ളി പൊളിക്കുകയും ഇതിനടുത്തായി ഒരു താത്കാലിക ക്ഷേത്രം നിര്‍മിക്കുകയും ചെയ്തു. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി അടക്കമുള്ളവര്‍ പള്ളി പൊളിക്കുന്നതിന് കര്‍സേവകര്‍ക്ക് പ്രചോദനം നല്‍കുന്ന രീതിയില്‍ പ്രസംഗിച്ചു. ഒന്നരലക്ഷത്തോളം കര്‍സേവകരായിരുന്നു അവിടെ ഉണ്ടായിരുന്നത്. പള്ളി പൊളിച്ചതിനെ തുടര്‍ന്നുള്ള കലാപങ്ങളില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടു. നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു, രാജ്യം അക്ഷരാര്‍ത്ഥത്തില്‍ കത്തിയെരിഞ്ഞു.
ഇതാണ് രാമജന്മഭൂമിക്ക് വേണ്ടി അദ്വാനി നടത്തി എന്ന് പറയുന്ന രഥയാത്ര. ഇതിനെ മാതൃകയാക്കിയാണ് ബി.ജെ.പി പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മധൂര്‍ ക്ഷേത്രത്തില്‍ നിന്നും പമ്പവരെ രഥയാത്ര നടത്തുന്നത് എന്നാണ് സംശയമേതുമില്ലാതെ ബി.ജെ.പി നേതാവ് തെരുവില്‍ പ്രസംഗിച്ചത്.
ഇതുവരെ വേരുറപ്പിക്കാനാവാത്ത കേരളത്തിന്റെ മണ്ണിനെ കാവിപുതപ്പിക്കാനുള്ള സുവര്‍ണാവസരമായിട്ടാണ് സംഘപരിവാര്‍ ശബരിമലയെ കാണുന്നത്. ഉള്ളിലെ അജണ്ട തുറന്നു പറഞ്ഞത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തന്നെയാണ്. ഇപ്പോള്‍ നമ്മളെ സംബന്ധിച്ച് ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റിയാണെന്നും നമ്മള്‍ മൂന്നോട്ട് വെച്ച അജണ്ടയില്‍ ഓരോരുത്തരുമായി വന്ന് വീണു എന്നും പറഞ്ഞ ശ്രീധരന്‍പിള്ള ശബരിമയിലെ തങ്ങളുടെ പ്രശനം ആചാരമോ വിശ്വാസമോ അല്ല, രാഷ്ട്രീയ നേട്ടം മാത്രമാണെന്ന് തുറന്നു സമ്മതിക്കുകയായിരുന്നു. രംഗം കാലിയാക്കുമ്പോള്‍ അവസാനം അവശേഷിക്കുന്നത് നമ്മളും നമ്മുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാര്‍ട്ടിയുമാണ് എന്ന് ഞാന്‍ കരുതുകയാണ് എന്നു കൂടി പറഞ്ഞു വെക്കുന്ന ശ്രീധരന്‍ പിള്ള കേരളത്തില്‍ ഏത് വിധേനയും അധികാരമുറപ്പിക്കാനുള്ള ശ്രമം തുടങ്ങി എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്.
എന്നാല്‍ സംഘപരിവാറിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ നിശ്ചയിച്ച അജണ്ടയിലേക്കാണ് മറ്റുള്ളവര്‍ വരുന്നതെന്ന ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലും തന്നോട് നിയമോപദേശം തേടിയെന്ന വാദം തന്ത്രിതന്നെ നിഷേധിച്ചതോടെ വ്യാഴാഴ്ച തുടങ്ങുന്ന ശബരിമല സംരക്ഷണ രഥയാത്ര കേരളം തള്ളിക്കളയുമെന്നാണ് രാഷ്ട്കീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ശബരിമലയുടെ വിധിക്ക് പിന്നാലെ തീവ്രഹൈന്ദവ സംഘടനകളെ രംഗത്തിറക്കി ബി.ജെ.പിയും ആര്‍.എസ്.എസും അണിയറയില്‍ ഒരുക്കിയത് കേരളം പിടിച്ചടക്കാനുള്ള കളികളായിരുന്നെന്ന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് വ്യക്തമായി. നിരന്തരം നുണകള്‍ പ്രചരിപ്പിച്ച് സത്രീകളെയും കുട്ടികളെയും കവചമാക്കി തെരുവുകള്‍ തോറും പ്രകടനങ്ങളും ധര്‍ണ്ണകളും നടത്തി, ചാനലിലും യോഗങ്ങളിലും വര്‍ഗീയത ആളിക്കത്തിച്ചു കൊണ്ട് ബി.ജെ.പി ആര്‍.എസ്.നേതാക്കള്‍ പ്രസംഗിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ പച്ചയ്ക്ക് കത്തിച്ചു കളയുമെന്ന് വരെ പ്രകോപനം സൃഷ്ടിക്കുന്ന പ്രയോഗങ്ങള്‍ നടത്തി ശബരിമലയില്‍ തങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്ന അജണ്ടയെകുറിച്ചുള്ള സൂചനകള്‍ ഇവര്‍ നല്‍കിയിരുന്നു.
നിലയ്ക്കലിലും പരിസരത്തുമായി സ്ത്രീകളെയും വനിതാമാധ്യമ പ്രവര്‍ത്തകരെയും തടഞ്ഞതും, പൊലീസിന് നേരെയുണ്ടായ കല്ലേറും മാധ്യമ പ്രവര്‍ത്തകരുടേതടക്കം നിരവധി വാഹനങ്ങള്‍ തകര്‍ത്തതുമെല്ലാം സമരത്തിന് പിന്നില്‍ ആരെന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരങ്ങളായിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്ത 3000 ത്തില്‍ പരം ആളുകളില്‍ ഭൂരിഭാഗവും സംഘപരിവാറിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു.
സുരേന്ദ്രന്‍, ശ്രീധരന്‍ പിള്ള, ഗോപാലകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, പത്മകുമാര്‍, രാധാ കൃഷ്ണന്‍ വത്സന്‍ തില്ലങ്കേരി തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം വിധി വന്ന ദിവസം മുതല്‍ ഇതുവരെ ശബരിമലയെ മുന്‍ നിര്‍ത്തി തീവ്രഹൈന്ദവ വീകാരം ആളിക്കത്തിക്കാനാണ് ശ്രമിച്ചത്. വിധിനടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ ചാമ്പലാകുമെന്നാണ് ഇവര്‍ പറഞ്ഞത്.
അതിന് അവര്‍ വ്യാപക നുണപ്രചരണങ്ങളാണ് നടത്തിയത്. 18ം തീയതി വീട്ടില്‍ നിന്നിറങ്ങിയ 19ാം തിയതി വീട്ടിലേക്ക് വിളിച്ച അയ്യപ്പ ഭക്തന്‍ മരിച്ചത് നിലക്കയ്ക്കലിലുണ്ടായ പൊലീസ് നടപടിക്കിടെയാണെന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞതും ഇതിന്റെ കൃത്യമായ വിശദീകരണം ജില്ലാ പൊലീസ് മേധാവി നല്‍കിയിട്ടും തിരുത്താന്‍ ശ്രീധരന്‍പിള്ള തയ്യാറാവാത്തതും അതിന്റെ പേരില്‍ പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ നടത്തിയതുമെല്ലാം ഇത് ലാഭം കൊയ്യാനുള്ള രാഷ്ട്രീയ ആയുധമാണെന്ന തിരിച്ചറിവില്‍ നിന്നാണ്. ഇത്തരത്തില്‍ നിരവധി നുണ പ്രചരണങ്ങളാണ് സംഘപരിവാറിന്റെ മുഖമായ ജനം ടിവിയും സംഘപരിവാര്‍ കേന്ദ്രങ്ങളും നടത്തിയത്.
ഇത് പോലെ ശബരിമല ലൈവായി നര്‍ത്താന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗാമായാണ് രഥയാത്രയുമായി ബി.ജെ.പി എത്തുന്നത്. ലക്ഷ്യം കേരളം പിടിച്ചടക്കുക എന്ന് തന്നെയാണ്. അത് കേരള നേതൃത്വത്തിന്റെ മാത്രം ആവിശ്യമല്ല. അമിത് ഷായുടെ ദേശീയ നേതൃത്വം കേരള നേതാക്കളോട് കഴിഞ്ഞ കുറേകാലമായി ആവിശ്യപ്പെടുന്ന കാര്യമാണ്, പദ്ധതിയാണ്. അത് എത്രത്തോളം വിജയിക്കുമെന്നാണ് ഇനി കേരളം ഉറ്റുനോക്കുന്നത്. അതിന് കൊടുക്കേണ്ട വില എന്താണെന്നും…
ശ്രീധരന്‍ പിള്ളയുടെ രഥയാത്രയെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറയുന്നത്-“”ഇന്ത്യയുടെ രാഷ്ട്രീയ അട്ടിമറിച്ച ഒരു പ്രവര്‍ത്തനമായിരുന്നു സത്യത്തില്‍ ക്രിത്രിമമായുണ്ടാക്കിയ രഥയാത്ര. രഥയാത്രയെന്നല്ല കൊലയാത്രയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്. എന്തുപേരില്‍ വിളിച്ചാലും അത് പ്രവൃത്തി പഥത്തിലെത്തിയപ്പോള്‍ നാം കണ്ടത് ഉത്തരേന്ത്യയിലുടനീളം ചോരപ്പുഴയൊഴുകുന്നതാണ്. തുടക്കത്തില്‍ ഈ രഥയാത്ര ശ്രീരാമനോടുള്ള സ്നേഹമാമ്, ഭക്തിയാണ് എന്നൊക്കെ കരുതിയ നിഷ്‌കളങ്കരായ മനുഷ്യര്‍ പോലും രഥയാത്രയെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ പലഭാഗത്തുണ്ടായ കലാപങ്ങളും മറ്റും അവരുടെ കണ്ണ് തുറപ്പിച്ചു. ഇതൊരു തട്ടിപ്പാണ് രാഷ്ട്രീയ തട്ടിപ്പാണ് എന്നവര്‍ക്കു വ്യക്തമായി.
ഈ കൊലയാത്ര മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിലും ഏല്‍പ്പിച്ച പരിക്ക് ഇന്നും പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. ഒരു സമൂഹമാകെ നെറുകെ പിളര്‍ക്കുന്ന തരത്തിലേക്കാണ് ആ ആര്‍ത്ഥത്തില്‍ ഉത്തരേന്ത്യന്‍ മണ്ണിലൂടെയല്ല ഇന്ത്യന്‍ ജനതയുടെ മനസ് മുറിച്ചാണ് ഈ യാത്ര മുന്നേറിയത്. എന്നാല്‍ ഉത്തരേന്ത്യ യിലെ രഥയാത്രകൊണ്ട് ഇളകി മറിയുമ്പോഴും കേരളം അതിനെ ഒരു തരം പുച്ഛത്തോടെയും പരിഹാസത്തോടെയുമാണ് നോക്കിക്കണ്ടത്.
എന്നാല്‍ ഇവര്‍ മറക്കുന്നത് ഉത്തരേന്ത്യയല്ല, ഗുജറാത്തല്ല, മഹാരാഷ്ട്രയല്ല കേരളം എന്നതാണ്. ഇതൊരു തരം കോമാളിയാത്രയായിട്ട് മാറും. സംഘപരിവാര്‍ അതിന് നേതൃത്വം നല്‍കുന്നവര്‍ കേരള സമൂഹത്തിന് മുമ്പില്‍ കോലം കെടും. കേരളം പൊളിക്കുകയെന്ന സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് അവര്‍ ശബരിമല പൊളിക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ഈ യാത്രയും. ഉത്തരേന്ത്യയില്‍ ജയിച്ചുവെന്നാണവര്‍ കരുതുന്നത്. മതനിരപേക്ഷതയെ തോല്‍പ്പിച്ചുവെന്ന അര്‍ത്ഥത്തില്‍ അവര്‍ക്കു വേണമെങ്കില്‍ അഭിമാനിക്കാം ആ കൊലയാത്ര ഒരു വിജമായിരുന്നെന്ന്. അതിന്റെ ചുവടുപിടിച്ച് കേരളത്തിലും ഇത്തരമൊരു യാത്ര നടത്തി വിജയിപ്പിച്ചു കളയാം ഇല്ലെങ്കില്‍ മതനിരപേക്ഷതയെ തോല്‍പ്പിച്ചു കളയാം എന്നാണവര്‍ മോഹിക്കുന്നത്. പക്ഷേ അവരുടെ മോഹം കേരളത്തില്‍ സാക്ഷാത്കരിക്കപ്പെടില്ല””.