'കേരളത്തില്‍ ക്രമസമാധാനം തകര്‍ക്കണം; എ.കെ.ജി സെന്റര്‍ കത്തിക്കണം, പൊലീസ് സ്റ്റേഷന്‍ ആക്രമിക്കണം; സമൂഹമാധ്യമങ്ങളിലൂടെ കലാപ ആഹ്വാനവുമായി സംഘപരിവാര്‍
Sabarimala women entry
'കേരളത്തില്‍ ക്രമസമാധാനം തകര്‍ക്കണം; എ.കെ.ജി സെന്റര്‍ കത്തിക്കണം, പൊലീസ് സ്റ്റേഷന്‍ ആക്രമിക്കണം; സമൂഹമാധ്യമങ്ങളിലൂടെ കലാപ ആഹ്വാനവുമായി സംഘപരിവാര്‍
ആര്യ. പി
Monday, 19th November 2018, 2:51 pm

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ കേരളത്തില്‍ കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത് സംഘപരിവാര്‍.

സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലാണ് സര്‍ക്കാരിനും പൊലീസിനും സി.പി.ഐ.എമ്മിനുമെതിരെ സംഘടിത ആക്രമണങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കാന്‍ ആഹ്വാനമുള്ളത്.

കലാപം അഴിച്ചുവിടുന്നതിന് പുറമെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടുകള്‍ കത്തിക്കണമെന്ന സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ശബരിമല കര്‍മ സേന, സേവ് ശബരിമല, രാഷ്ട്രീയ ബജ്രംഗദള്‍ തുടങ്ങിയ ഗ്രൂപ്പുകളിലൂടെയാണ് ആഹ്വാനം.

രാഷ്ട്രീയ ബജ്രംഗദളിന്റെ പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് എ.കെ.ജി സെന്റര്‍ കത്തിക്കണമെന്നും ക്രമസമാധാനം തകര്‍ക്കണമെന്നും ആഹ്വാനമുള്ളത്. കലാപത്തിനും കൊലപാതകത്തിനും ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ ഈ ഗ്രൂപ്പില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നുണ്ട്. എസ്. ശ്രീജിത്ത് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് ഈ ഗ്രൂപ്പിന്റെ അഡ്മിന്‍. സംഘപരിവാര്‍ നിയന്ത്രിക്കുന്ന ഇത്തരം അനവധി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ കലാപത്തിന് ആസൂത്രണം ചെയ്യുന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കുവാനും കൂടുതല്‍ പേരെ അണിനിരത്തി പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാനും ഗ്രൂപ്പിലെ സന്ദേശങ്ങളില്‍ പറയുന്നു. പൊലീസ് തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം ഭീകരമാക്കണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. കൂടുതല്‍ പേരെ അണിനിരത്തി പൊലീസ് സ്റ്റേഷന്‍ ആക്രമിക്കണമെന്ന് ആവശ്യപ്പെടുന്ന ശബ്ദ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

സന്നിധാനത്തേക്ക് പോകുകയും വരികയും ചെയ്യുന്ന പൊലീസ് വാഹനങ്ങളുടെ ടയറുകള്‍ നശിപ്പിക്കാന്‍ തക്കവണ്ണം റോഡുകളില്‍ കുപ്പിച്ചില്ലും ആണിയും വിരിക്കണമെന്നാണ് രാഷ്ട്രീയ ബജ്രംഗദള്‍ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങളില്‍ ഒന്ന്. ശാരൂട്ടി എന്ന പേരില്‍ +966580752400 എന്ന നമ്പറില്‍ നിന്നാണ് പൊലീസിനെ ആക്രമിക്കാനുള്ള സന്ദേശം പ്രചരിച്ചത്. ഇത് വിദേശ നമ്പറാണ്.

“”ക്രമസമാധാനം നശിക്കണം. ഇത് നാട്ടിലെ എല്ലാവരുടേയും പ്രശ്‌നമായി മാറണം.”” എന്നാണ് മറ്റൊരു പോസ്റ്റ്. അഭിനന്ദ് എന്നയാളുടെ പേരിലുള്ള കണക്ഷനില്‍ നിന്നാണ് ഈ സന്ദേശം.

“”പ്രതിഷേധിച്ചില്ലെങ്കില്‍ പിന്നെ നമ്മുടെ മക്കള്‍ക്ക് ഹിന്ദു എന്ന മതം ഉണ്ടായിരുന്നു എന്ന് പഠിപ്പിക്കേണ്ടി വരുന്നവര്‍ ആയി മാറിപ്പോകും””- എന്നാണ് അഭിനാഥ് എം എന്നയാള്‍ രാഷ്ട്രീയ ബജ് രംഗദള്‍ എന്ന ഗ്രൂപ്പില്‍ വന്ന് പറയുന്നത്.

“” കേസ് ഭയക്കണ്ട, അയ്യപ്പന് വേണ്ടി ജീവന്‍ കളയൂ”” എന്നാണ് ചാന്‍സ് ഗ്രൂപ്പ് ഇവന്റ എന്ന പേരിലുള്ള 9846777658 എന്ന നമ്പറില്‍ നിന്ന് അയച്ച സന്ദേശം.

ചെന്നൈ മെയിലില്‍ കോട്ടയത്ത് നിന്ന് ശബരിമലയിലേക്ക് യുവതികള്‍ എസ് 10 ബോഗിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. നമ്മുടെ പ്രവര്‍ത്തകര്‍ ചെങ്ങന്നൂരില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇത് പാസ്സ് ചെയ്യണം””- എന്നാണ് സൈജു വിശ്വംഭരന്‍ എന്നയാളുടെ നമ്പറില്‍ നിന്നും വന്ന മറ്റൊരു സന്ദേശം.

“”തടയാന്‍ കഴിയില്ല സര്‍ക്കാരേ, നിങ്ങളെ പൊലീസ് ഞങ്ങള്‍ക്ക് കാലിലെ ചെരിപ്പിന്റെ വിലയേ ഉള്ളൂ. ശബരിമല ഹിന്ദുക്കള്‍ക്കുള്ള അഹങ്കാരമാണ്. അതാര്‍ക്കും തകര്‍ക്കാന്‍ പറ്റില്ല. ……പിണറായി കേരളത്തിലെ നിയമം അയ്യപ്പ ഭക്തരുടെ കൈകളിലാണ്. കൗണ്ട് ഡൗണ്‍ തുടങ്ങിക്കോ..ഞങ്ങളുടെ ഒരു ഭക്തന്റ മേല്‍ ഒരു ലാത്തി വീണാല്‍ കേരളം സ്തംഭിപ്പിക്കും. സംശയം ഞങ്ങള്‍ക്കില്ല. നിങ്ങള്‍ക്കുണ്ടേല്‍ ഇനിയും തടയാം. അറസ്റ്റു ചെയ്തു നോക്കാം. ലാത്തി വീശി നോക്കാം..

ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന മറ്റു ഗ്രൂപ്പുകളെക്കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

ശബരിമലയില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്താല്‍ സംസ്ഥാന വ്യാപകമായി മിന്നല്‍ പ്രതികരണത്തിന് ആര്‍.എസ്.എസ് -ബി.ജെ.പി നേതൃത്വം പദ്ധതിയിട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് നടപടിയുണ്ടായാല്‍ ഉടന്‍ അതതിടത്ത് ക്ഷേത്രങ്ങളില്‍ കേന്ദ്രീകരിക്കാനായിരുന്നു നിര്‍ദേശം.

ശബരിമല വലിയ നടപ്പന്തലിന് സമീപം ഞായറാഴ്ച രാത്രി നിരോധനാജ്ഞ ലംഘിച്ചവരെ അറസ്റ്റുചെയ്തതിന് പിന്നാലെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും പലയിടത്തും ശബരിമല കര്‍മസമിതിയുടെ പേരില്‍ നാമജപ പ്രതിഷേധം അരങ്ങേറിയത് ഇതിന്റെ പശ്ചാത്തലത്തിലാണെന്ന് പൊലീസ് വിലയിരുത്തിരുന്നു.

ശബരിമല സന്ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും കൂട്ടരും എത്തുന്നതിന് മുമ്പ് തന്നെ യുവതികള്‍ പ്രവേശിക്കുന്നത്, ഏത് വിധേനയും തടയാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ടുള്ള ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.

ശബരിമല സ്ത്രീപ്രവേശന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സര്‍ക്കാരിനെതിരെയാണ് കെ. സുരേന്ദ്രന്‍ രംഗത്തെത്തിയത്. അവിശ്വാസികളായ യുവതികളെ ബലം പ്രയോഗിച്ച് ശബരിമലയില്‍ എത്തിച്ച് ആചാരലംഘനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് തടയാന്‍ രണ്ടു വഴികളാണുള്ളതെന്നും, പ്രക്ഷോഭത്തിന് തയാറാകണമെന്ന ആഹ്വാനവുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ കുറിച്ചത്.

“”സര്‍ക്കാര്‍ അപകടകരമായ നിലപാടെടുത്തുകഴിഞ്ഞു. എന്തുവിലകൊടുത്തും അവിശ്വാസികളായ യുവതികളെ ബലം പ്രയോഗിച്ച് ശബരിമലയില്‍ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തുമെന്ന് തീരുമാനിച്ചുകഴിഞ്ഞു. ഹിന്ദുസമൂഹത്തെ അപമാനിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തി ദുര്‍ബലമാക്കാനുള്ള നീക്കം. ഇനി വിശ്വാസികളുടെ മുന്നില്‍ രണ്ടു മാര്‍ഗ്ഗമേയുള്ളൂ. ഒന്നുകില്‍ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന് കൂട്ടുനില്‍ക്കുക.
അല്ലെങ്കില്‍ എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയുക.


Also Read നിങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പോകാം, വിലക്കില്ലെന്ന് യു.ഡി.എഫ് നേതാക്കളോട് എസ്.പി യതീ്ഷ് ചന്ദ്ര; 144 പിന്‍വലിക്കാതെ പോകില്ലെന്ന് നേതാക്കള്‍; നിലയ്ക്കലില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി നേതാക്കള്‍


രണ്ടാമത്തെ മാര്‍ഗ്ഗമേ ആത്മാഭിമാനമുള്ളവരുടെ മുന്നില്‍ കരണീയമായിട്ടുള്ളൂ. അയ്യപ്പന്റെ അനുഗ്രഹത്തോടെ രംഗത്തിറങ്ങാം. ചരിത്രപരമായ പോരാട്ടത്തിന് സമയമായി. അന്തിമ വിജയം വിശ്വാസികള്‍ക്കു മാത്രമായിരിക്കും””.- എന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.

ഇതിനിടെയായിരുന്നു ശബരിമലയില്‍ കലാപം തന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തി ആര്‍.എസ്.എസ് നേതാവിന്റെ പ്രസംഗവും. എന്തിനും തയ്യാറായ 300 ഓളം കര്‍സേവകരെ സന്നിധാനത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ആര്‍.എസ്.എസ് സംസ്ഥാന ഘോഷ് പ്രമുഖ് പി ഹരീഷ് കോഴിക്കോട് നവംബര്‍ 19 നായിരുന്നു പ്രസംഗം നടത്തിയത്.

ശബരിമലയില്‍ അടുത്ത 61 ദിവസം എന്തെല്ലാം നടക്കണമെന്ന് ആര്‍.എസ്.എസ് തീരുമാനിച്ചുകഴിഞ്ഞുവെന്നായിരുന്നു അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത്. കോഴിക്കോട് മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് നടന്ന സംഘപരിവാര്‍ പ്രതിഷേധ മാര്‍ച്ചിനിടെയായിരുന്നു ഹരീഷിന്റെ പ്രസംഗം.

“കര്‍സേവകര്‍ നിത്യേന മൂന്നൂറ് പേര്‍ ശബരിമലയിലുണ്ടാകും. അതിനനുസരിച്ചുള്ള 61 ദിവസത്തെ പരിപാടി ഹൈന്ദവപ്രസ്ഥാനങ്ങള്‍ പ്ലാന്‍ ചെയ്തുകഴിഞ്ഞു. എന്തെല്ലാം സംഭവിക്കണമെന്നൊക്കെ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു മടിയും ഇല്ലാതെ, ഏത് പാതിരായ്ക്ക് വിളിച്ചാലും, എന്തിനും തയ്യാറായി, ചങ്കൂറ്റത്തോടുകൂടി, പൗരുഷത്തോടുകൂടി ശബരിമലയിലേക്ക് ഒരു പക്ഷേ നാം മാര്‍ച്ച് ചെയ്യേണ്ടി വരും.”- പ്രസംഗത്തില്‍ ഹരീഷ് പറയുന്നു.

മണ്ഡലകാലം കഴിയുന്നതുവരെ എന്തെല്ലാം ശബരിമലയില്‍ നടക്കണമെന്നതിനേക്കുറിച്ച് കൃത്യമായി അജണ്ട തയ്യാറാക്കിയിട്ടുണ്ട്. ഈ പദ്ധതിക്കനുസരിച്ചാണ് കാര്യങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. പൊലീസിനും മന്ത്രിമാര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്നുമായിരുന്നു അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത്.

ആര്‍.എസ്.എസ് നേതാവിന്റെ പ്രസംഗവും പുറത്തായതോടെ ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള സംഘപരിവാര്‍ നീക്കം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

നേരത്തെ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയ്‌ക്കെതിരെ സംഘടിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബി.ജെ.പിയുടെ സര്‍ക്കുലര്‍ പുറത്തായിരുന്നു. ശബരിമലയില്‍ സംഘടിക്കണമെന്നാവശ്യപ്പെട്ട് ഓരോ ദിവസവും ഓരോ ജില്ലയിലെ നേതാക്കള്‍ക്ക് ചുമതല നല്‍കിക്കൊണ്ട് ബി.ജെ.പി പുറത്തിറക്കിയ സര്‍ക്കുലറാണ് പുറത്തുവന്നത്. ഒരു ദിവസം മൂന്നു നിയോജക മണ്ഡലത്തിലുള്ളവര്‍ ശബരിമലയിലെത്താനാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നത്.

 

 

 

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.