ശബരിമല: പുന:പരിശോധനാ ഹരജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് പറയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ്
sabarimal women entry
ശബരിമല: പുന:പരിശോധനാ ഹരജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് പറയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd January 2019, 1:27 pm

 

ന്യൂദല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.

ഹരജി പരിഗണിക്കേണ്ട ഭരണഘടനാ ബെഞ്ചിലെ അംഗമമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തിരികെ വന്നശേഷമേ ഇക്കാര്യം തീരുമാനിക്കാനാവൂവെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനുവരി 30 വരെ അവധിയാണ്. അവരുടെ സൗകര്യം അറിയാതെ തീയതി നല്‍കാന്‍ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also read:ശബരിമല സമരം; ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ല; യു.ഡി.എഫിനെ കാത്തിരിക്കുന്നത് സര്‍വനാശമെന്നും വെള്ളാപ്പള്ളി

സുപ്രീംകോടതി വെബ്സൈറ്റില്‍ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്ന താല്‍ക്കാലിക തീയതി എട്ടാം തീയതി കാണിച്ചതിനാല്‍ അഭിഭാഷകന്‍ മാത്യു നെടുമ്പാറയാണ് ചീഫ് ജസ്റ്റിസിനോട് വ്യക്തത തേടിയത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അമ്പതോളം പുനപരിശോധനാ ഹരജികളും നാല് റിട്ട് ഹരജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

നാഷണല്‍ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈലജാ വിജയന്‍, വിശ്വഹിന്ദു പരിഷത് സംസ്ഥാന പ്രസിഡന്റ് എസ്. ജയരാജ് കുമാര്‍, ചെന്നൈ സ്വദേശി ജി. വിജയകുമാര്‍, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹരജികള്‍ നല്‍കിയത്.