ശബരിമലയില്‍ 24 മണിക്കൂറില്‍ കൂടുതല്‍ ഒരാളും തങ്ങരുതെന്ന് നിര്‍ദേശം: 5000 പൊലീസുകാര്‍; പരിസരങ്ങളിലെല്ലാം ക്യാമറകള്‍
Sabarimala women entry
ശബരിമലയില്‍ 24 മണിക്കൂറില്‍ കൂടുതല്‍ ഒരാളും തങ്ങരുതെന്ന് നിര്‍ദേശം: 5000 പൊലീസുകാര്‍; പരിസരങ്ങളിലെല്ലാം ക്യാമറകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th October 2018, 7:58 am

പമ്പ: ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കൊപ്പം പ്രശ്‌നമുണ്ടാക്കുന്ന പ്രതിഷേധക്കാര്‍ തമ്പടിക്കുന്നത് തടയാന്‍ പൊലീസ് നിയന്ത്രണം. സന്നിധാനത്ത് ഒരു ദിവസത്തിനപ്പുറം ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്നാണ് പുതിയ തീരുമാനം. ഒരു ദിവസത്തിനപ്പുറം മുറികളും നല്‍കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

ഒരു തീര്‍ത്ഥാടകനെപ്പോലും 16 മുതല്‍ 24 മണിക്കൂറിനപ്പുറം സന്നിധാനത്ത് താമസിക്കാന്‍ അനുവദിക്കേണ്ടെന്നാണ് തീരുമാനം. മുറികളെടുക്കുമ്പോള്‍ ഒരു ദിവസത്തിനപ്പുറം നല്‍കരുതെന്ന് ദേവസ്വം ബോര്‍ഡിനോടും നിര്‍ദേശിക്കും. വനങ്ങളില്‍ തങ്ങുന്നത് ഒഴിവാക്കാന്‍ കര്‍ശന നിരീക്ഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെടും. കൂടാതെ തീര്‍ഥാടകരുടെ തിരക്കും അനധികൃത വരവും നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ നിലയ്ക്കലില്‍ ഒരുക്കി നല്‍കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടും.


Read Also : ശബരിമല മുന്‍തന്ത്രി കണ്ഠരര് മോഹനരര് തനിക്ക് 1 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു; വെളിപ്പെടുത്തലുമായി ദേവസ്വം മുന്‍ പ്രസിഡന്റ്


 

മണ്ഡലകാലത്തു ശബരിമലയില്‍ സുരക്ഷാജോലിക്കായി 5000 പൊലീസുകാരെ നിയമിക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, വടശ്ശേരിക്കര സ്റ്റേഷനുകളിലെ പൊലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സന്നിധാനത്തും പരിസരങ്ങളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും.

അടിയന്തരഘട്ടങ്ങള്‍ നേരിടാന്‍ റാപിഡ് ആക്ഷന്‍ ഫോഴ്‌സിനേയും എന്‍.ഡി.ആര്‍.എഫിനെയും നിയോഗിക്കും. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും ഇതര സംസ്ഥാനങ്ങളിലെ സാമൂഹ്യവിരുദ്ധരെ തിരിച്ചറിയാനും കൂടുതല്‍ പൊലീസിനെ നല്‍കാന്‍ മറ്റു സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. സന്നിധാനം, ഗണപതികോവില്‍നിന്നു നടപ്പന്തലിലേക്കുള്ള വഴി, നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളില്‍ തിരക്കു നിയന്ത്രിക്കാനും വനിതാ തീര്‍ഥാടകര്‍ക്കു സുരക്ഷ ഒരുക്കാനും നടപടിയെടുക്കും.

സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും സംഘര്‍ഷമുണ്ടാക്കിയവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട പൊലീസ് മുഴുവന്‍ പ്രതികളെയും കണ്ടെത്താനായി എല്ലാ ജില്ലയിലും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തുലാമാസ പൂജ സമയത്ത് യുവതി പ്രവേശം സാധ്യമായില്ലങ്കിലും മണ്ഡല തീര്‍ത്ഥാടനകാലത്ത് ഇതിന് അവസരം ഒരുക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് ഉന്നതതലയോഗത്തിന് മുന്‍പ് ഡി.ജി.പിക്ക് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ക്ക് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന പ്രത്യേകയോഗം രൂപം നല്‍കി.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളിലും യുവതികളെ തടഞ്ഞതിലും പ്രതികളായ മുഴുവനാളുകളെയും അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പി നിര്‍ദേശിച്ചു. 146 കേസുകളിലായി എഴുന്നൂറോളം പേര്‍ക്കെതിരെയാണ് കേസ്.