മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ സ്ത്രീയ്‌ക്കെതിരെ കേസെടുത്തു
Kerala News
മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ സ്ത്രീയ്‌ക്കെതിരെ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 9:18 am

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധമാണ് നടക്കുന്നത്. വിവിധ ഹിന്ദു സംഘടനകളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇതിനിടെയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതിപ്പേര് വിളിച്ച് അവഹേളിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിക്കുകയും ചീത്ത പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതിന് സ്ത്രീക്കെതിരെ ആറന്മുള പൊലീസ് കേസെടുത്തു. കോഴഞ്ചേരി ചെറുകോല്‍ വടക്കേ പാരൂര്‍ വീട്ടില്‍ ശിവന്‍പിള്ളയുടെ ഭാര്യ മണിയമ്മയ്ക്കെതിരെയാണ് കേസെടുത്തത്.

മല്ലപ്പുഴശ്ശേരി നെല്ലിക്കാല ഗുരുപ്രസാദം വീട്ടില്‍ സുനില്‍കുമാറിന്റെ പരാതിയിലാണ് കേസ് എടുത്തത്. എസ്.എന്‍.ഡി.പി യോഗം പത്തനംതിട്ട യൂണിയന്‍ മുന്‍ സെക്രട്ടറിയും ചെങ്ങന്നൂര്‍ യൂണിയന്‍ മുന്‍ കണ്‍വീനറുമാണ് പരാതിക്കാരന്‍. ജാതിപ്പേര് വിളിച്ചത് തനിക്കും സമുദായത്തിനും മാനഹാനിക്ക് ഇടയാക്കി, കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനപ്പൂര്‍വം ഈ വീഡിയോ പോസ്റ്റ് ചെയ്തതാണ്, ഇതിനുപിന്നിലുള്ളവരെക്കൂടി കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Read Also : “ഈഴവ മുഖ്യനെ സവര്‍ണര്‍ക്ക് സഹിക്കുന്നില്ല”; മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി


 

പിണറായി വിജയന്‍ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ്. തെക്കന്‍ മേഖലയില്‍ ഇഴവരെ ചോകോന്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേര്‍ത്താണ് പിണറായിയെ ഇവര്‍ തെറിവിളിക്കുന്നത്. യുവതികളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് നായര്‍ സമരത്തിനിടെ ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്.

അതേസമയം മുഖ്യമന്ത്രിക്കെതിരായ ജാതി-തെറി അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നുമുള്ള സര്‍ക്കാര്‍ നിലപാടാണ് ഒരു വിഭാഗം വിശ്വാസികളെ മുന്‍നിര്‍ത്തി സവര്‍ണ്ണഹിന്ദുത്വ സംഘടനകള്‍ സമരം നടത്തുന്നത്.