നിലയ്ക്കലിലെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി; സന്നിധാനത്ത് അവലോകനയോഗം, വനിതാ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും
Sabarimala women entry
നിലയ്ക്കലിലെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി; സന്നിധാനത്ത് അവലോകനയോഗം, വനിതാ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th October 2018, 7:42 am

പത്തനംതിട്ട: നിലയ്ക്കലില്‍ ശബരിമല ആചാരസംരക്ഷണ സമിതിയുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി. ഒരു വിഭാഗം വിശ്വാസികള്‍ നടത്തിവന്ന പ്രതിഷേധത്തിന്റെ മറവില്‍ വാഹനങ്ങള്‍ തടയുകയും ആളുകളെ കൈയേറ്റം ചെയ്യുകയും ചെയ്തതോടെയാണ് പൊലീസ് നടപടി.

അതേസമയം ശബരിമല നട ഇന്ന് തുറക്കുന്ന സാഹചര്യത്തില്‍ ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ തുടങ്ങി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.

രണ്ട് എസ്.പിമാരാണ് സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത്. പമ്പയിലും നിലയ്ക്കലിലുമായി 1000 പൊലീസകാരെ നിയോഗിച്ചിട്ടുണ്ട്.

ALSO READ: ശബരിമല പ്രതിഷേധം കേരളത്തെ പിറകോട്ട് നയിക്കുന്നു; പന്തല്ലൂരില്‍ വിഎസ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

അതേസമയം സന്നിധാനത്ത് ഇന്ന് രാവിലെ അവലോകനയോഗം ചേരുന്നുണ്ട്. ദേവസ്വം മന്ത്രി നേതൃത്വം വഹിക്കുന്ന യോഗത്തില്‍ വനിത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുക്കും.

പുലര്‍ച്ചെ ഹനുമാന്‍ സേനയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം നേരിയ സംഘര്‍ഷത്തിനിടയാക്കി. ചാനല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റശ്രമവും നടന്നു. തുടര്‍ന്ന് പൊലീസിന്റെ നിയന്ത്രണം മറികടന്ന് സമരപ്പന്തലില്‍ കയറിയ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രിയോടെ ബസ്സുകള്‍ പരിശോധിക്കാനെന്ന പേരില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടയുകയും തമിഴ്നാട്ടുകാരായ ദമ്പതികളെ ബസില്‍നിന്ന് പുറത്തിറക്കിവിടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.