ശബരിമല സമരം യുവതീ പ്രവേശനത്തിന് എതിരെയല്ല, സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ഒത്തുതീര്‍പ്പ് പരിഗണിക്കാം : ഒ. രാജഗോപാല്‍
Sabarimala
ശബരിമല സമരം യുവതീ പ്രവേശനത്തിന് എതിരെയല്ല, സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ഒത്തുതീര്‍പ്പ് പരിഗണിക്കാം : ഒ. രാജഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th November 2018, 4:18 pm

തിരുവനന്തപുരം: ശബരിമല സമരം യുവതീ പ്രവേശനത്തിന് എതിരല്ലെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ. പൊലീസ് നടപടി, അടിസ്ഥാന സൗകര്യം എന്നീ പ്രശ്‌നങ്ങളുയര്‍ത്തിയാണ് സമരം. ശബരിമലയില്‍ സമരം നടത്തില്ല എന്നാണ് പാര്‍ട്ടി നിലപാട്. സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ഒത്തുതീര്‍പ്പ് പരിഗണിക്കാമെന്നും രാജഗോപാല്‍ പറഞ്ഞു.

റിവ്യു ഹര്‍ജി പരിഗണിക്കാനിരിക്കെ സമരം നടത്തിയിട്ട് കാര്യമെന്താണെന്നും രാജഗോപാല്‍ ചോദിച്ചു. സഭ തടസ്സപ്പെടുത്തുന്ന യു.ഡി.എഫ് ശൈലി താന്‍ അംഗീകരിക്കില്ല. നിയമസഭ അലങ്കോലപ്പെടുത്തരുത്. ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭയില്‍ ധാരാളം സമയമുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.

ബി.ജെ.പിയുടേത് രാഷ്ട്രീയസമരമാണ്. സര്‍ക്കാരിനെതിരായ സമരം വ്യാപിപ്പിക്കാനാണ് സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റിയത്. അതിനെ ഒത്തുതീര്‍പ്പ് എന്ന് പറയാനില്ല. രാജഗോപാല്‍ പറഞ്ഞു.

മണ്ഡലകാലം ആരംഭിച്ച് ആഴ്ചകള്‍ കഴിയുന്നതിന് മുന്നേ ശബരിമല സമരത്തില്‍ നിന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം പിന്‍വാങ്ങിയത് പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടാക്കിയിരുന്നു.  ശബരിമല സമരം ഒത്തുതീര്‍പ്പാക്കാന്‍ ആത്മാഭിമാനുള്ള ഒരു ബിജെപി പ്രവര്‍ത്തകനും അനുവദിക്കില്ലെന്ന് വി.മുരളീധരന്‍ എം.പി പ്രതികരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഒത്തുതീര്‍പ്പിന് തയ്യാറാകില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.