| Saturday, 1st December 2018, 11:46 am

ശബരിമല; അമിത് ഷാ കേരളത്തിലേക്ക്, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കും: വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയിലെ ബി.ജെ.പി നയിച്ച സമരവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും സമരം ശക്തമാക്കാനൊരുങ്ങി ബി.ജെ.പി. ഇതിന് മുന്നോടിയായി സരോജ് പാണ്ഡെ അടക്കമുള്ള ദേശീയ നേതാക്കളുടെ സംഘം ഇന്ന് എത്തും. ഡിസംബര്‍ 15ന് മുമ്പായി അമിത് ഷാ അടക്കമുള്ള പ്രധാന നേതാക്കളും കേരളത്തിലെത്തുമെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സമരത്തില്‍നിന്ന് ബി.ജെ.പി പിന്നോട്ടു പോകുന്നതായി പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സമരം ശക്തമാക്കാനും സെക്രട്ടറിയേറ്റിനു മുന്നില്‍ ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ് ഉയരുകയും എതിരാളികളുടെ പരിഹാസം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. നിലയ്ക്കല്‍ കേന്ദ്രീകരിച്ചുള്ള സമരത്തിന്റെ വേദി സെക്രട്ടറിയേറ്റിലേക്കു മാറ്റുന്നത് സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പാണെന്നതായിരുന്നു പ്രധാന വിമര്‍ശനം.

Read Also : ഇ.വി.എം സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സി.സി.ടി.വി പ്രവര്‍ത്തനരഹിതം, പ്രധാനകവാടത്തിലെ സീല്‍ തകര്‍ത്തു; മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് കോണ്‍ഗ്രസ്

മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും മറ്റ് മന്ത്രിമാരെയും തെരുവില്‍ തടഞ്ഞ് കരിങ്കൊടി കാണിക്കാനും നിലയ്ക്കലില്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും നിരോധനാജ്ഞ ലംഘിക്കാനും ബി.ജെ.പി തീരുമാനിച്ചെന്നാണ് വിവരം. രണ്ടാഴ്ചയിലേറെയായി ജയിലില്‍ കിടക്കുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനായും സമരം ശക്തമാക്കുമെന്നാണ് സൂചന.

കെ. സുരേന്ദ്രനെതിരെ കേസുകള്‍ ചുമത്തിയതിന് എതിരായി സമരം ശക്തിപ്പെടുത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ശശികലയെ അറസ്റ്റ് ചെയ്തപ്പോള്‍ ഉണ്ടായതുപോലെ ശക്തമായ പ്രതിഷേധം സുരേന്ദ്രന്റെ കാര്യത്തില്‍ ഉണ്ടായില്ല എന്ന ആരോപണവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് അടുത്ത ആഴ്ച മറ്റൊരു ഹര്‍ത്താലിലേക്ക് പോകുന്ന വിധത്തില്‍ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more