പമ്പ: നിരോധനാഞ്ജ ലംഘിച്ച് അഞ്ചോളം യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധാനാജ്ഞ ലംഘിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി എത്തിയത്.
യുവമോര്‍ച്ച സംസ്ഥാന നേതാവ് പ്രകാശ്ബാബു അടക്കമുള്ളവരാണ് അറസ്റ്റ് ചെയ്തത്. ശബരിമലയിലെ 41 ദിവസത്തെ വ്രതത്തെ മുന്‍നിര്‍ത്തി 41 യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധാനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുമെന്നായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞത്. എന്നാല്‍ അഞ്ച് പേര്‍ മാത്രമായിരുന്നു പ്രതിഷേധത്തിന് എത്തിയത്.
Read Also : ശബരിമലയിലെ അക്രമികളെ വെടിവെച്ച് കൊന്നുകൂടായിരുന്നോ എന്ന് ബി.ജെ.പി നേതാവ് പി. ശിവശങ്കരന്‍
അതിനിടെ നീലിമല, അപ്പാച്ചിമേട് ഭാഗത്തു അക്രമകാരികളുണ്ടെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്കായി തിരച്ചില്‍ നടത്താന്‍ പൊലീസ് അങ്ങോട്ട് തിരിച്ചിട്ടുണ്ട്. പ്രശ്‌നക്കാരായ 50 ഓളം പേര്‍ മലമുകളില്‍ തമ്പടിച്ചിരിക്കുകയാണെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. നിലയ്ക്കലില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
അതേസമയം ശബരിമല സംബന്ധിച്ച വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി, മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ നിരീക്ഷണത്തിലാണ്. വാട്‌സപ്പിലടക്കം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നിരോധാനാജ്ഞ വെള്ളിയാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. നിരോധാനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ സംഘം ചേരാന്‍ പാടില്ലെന്ന് കളക്ടര്‍ പറഞ്ഞു.
ശബരിമലയില്‍ വിശ്വാസികള്‍ക്കിടയില്‍ അക്രമികള്‍ നുഴഞ്ഞുകയറിയോ എന്ന് പരിശോധിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.