| Monday, 26th November 2018, 8:21 pm

ശബരിമലയില്‍ നിരോധനാജ്ഞ 30 വരെ നീട്ടി; ക്രമസമാധാന പ്രശ്‌നം തുടരുന്നുവെന്ന് കലക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നവംബര്‍ 30 വരെ നീട്ടി. ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് കലക്ടറുടെ നടപടി. ശബരിമല സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ നീട്ടണമെന്ന് ജില്ലാ ഭരണകൂടത്തോട് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഈ മാസം 16ന് നട തുറന്നതിന് മുന്നോടിയായി 15ന് അര്‍ധരാത്രി മുതല്‍ 7 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നവംബര്‍ 22ന് വീണ്ടും 26 വരെ നീട്ടുകയായിരുന്നു. അതേ സമയം വിലക്കുകള്‍ ഓരോന്നായി പൊലീസ് ഒഴിവാക്കുകയും ചെയ്തിരുന്നു.

അതേസമയം ശബരിമലയില്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പുതിയ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. എസ്.പി മാരടക്കമുള്ളവര്‍ക്കാണ് മാറ്റം നല്‍കിയിരിക്കുന്നത്. നിലയ്ക്കലില്‍ യതീഷ് ചന്ദ്രയ്ക്ക് പകരം എച്ച്. മഞ്ജുനാഥിനെ ചുമതലയേല്‍പ്പിച്ചു. സന്നിധാനം മുതല്‍ മരക്കൂട്ടം വരെ ചുമതല ഐ.ജി ദിനേന്ദ്ര കശ്യപിന്. ഐ.ജി വിജയ് സാക്കറെയ്ക്ക് പകരമാണിത്.

പമ്പയില്‍ ഹരിശങ്കറിന് പകരം കാളിരാജ് മഹേഷ് കുമാര്‍. പമ്പ നിലയ്ക്കല്‍ മേഖലയില്‍ ചുമതല ഐ.ജി അശോക് യാദവിനാകും. മനോജ് എബ്രഹാമിന് പകരമാണിത്.

പുതിയ ഉദ്യോഗസ്ഥര്‍ 30ന് ചുമതലയേല്‍ക്കും.

We use cookies to give you the best possible experience. Learn more