|

നറുക്ക് വീണില്ല; ശബരിമല സ്വകാര്യബില്‍ അടക്കം എന്‍.കെ പ്രേമചന്ദ്രന്റെ നാല് ബില്ലുകളും ചര്‍ച്ചക്കെടുക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമല സ്വകാര്യബില്‍ ചര്‍ച്ചയ്‌ക്കെടുക്കില്ല. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ലോക്‌സഭയില്‍ അവതരിപ്പിച്ച നാല് സ്വകാര്യ ബില്ലുകള്‍ക്കും നറുക്ക് വീണില്ല. ഇന്ന് ചര്‍ച്ചക്കെടുക്കേണ്ട സ്വകാര്യ ബില്ലുകള്‍ക്കായുള്ള നറുക്കെടുപ്പില്‍ തൊഴിലുറപ്പ്, ഇ.എസ്.ഐ, സര്‍ഫാസി നിയമ ഭേദഗതി എന്നീ ബില്ലുകള്‍ക്കും നറുക്ക് വീണില്ല.

ശബരിമലയില്‍ സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി തുടരണമെന്നാണ് പ്രേമചന്ദ്രന്റെ ബില്‍ നിര്‍ദേശിക്കുന്നത്.
17ാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലാണിത്.

ഒമ്പത് എം.പിമാര്‍ അവതരിപ്പിച്ച 30 സ്വകാര്യ ബില്ലുകളാണ് ആകെ നറുക്കെടുപ്പിനുണ്ടായിരുന്നത്. ബീഹാറില്‍ നിന്നുള്ള ജനാര്‍ദ്ദന്‍ സിങ് സിഗ്രിവാള്‍, ജാര്‍ഖണ്ഡില്‍ നിന്നുള്ള സുനില്‍ കുമാര്‍ സിങ്, മഹാരാഷ്ട്രയില്‍ നിന്നുള്ള ഷ്രിരാംഗ് ബര്‍നേ എന്നിവര്‍ സമര്‍പ്പിച്ച ബില്ലുകളാണ് നറുക്കെടുപ്പില്‍ ജയിച്ചത്.

ബില്‍ പാസാക്കാന്‍ കേന്ദ്രത്തിന് അവസരമുണ്ടായിട്ടും നിയമം കൊണ്ട് വന്നിട്ടില്ലെന്ന് നേരത്തെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി കുറ്റപ്പെടുത്തിയിരുന്നു.രാഷ്ട്രീയമാണ് ബി.ജെ.പി ക്ക് തടസമാവുന്നതെന്നായിരുന്നു എന്‍.കെ പ്രേമചന്ദ്രന്റെ ആരാപണം.

ശബരിമല ബില്‍ പാസാക്കുന്നതില്‍ ബി.ജെ.പി ക്ക് താല്‍പര്യമില്ലെന്നും സാങ്കേതിക വിഷയങ്ങളൊന്നും ബി.ജെ.പി തടസമാവില്ലെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു.

നേരത്തെ ബി.ജെ.പി വിശ്വാസിസമൂഹത്തിന്റെ താത്പര്യത്തോടൊപ്പം നിലകൊള്ളുന്നു എന്നുണ്ടെങ്കില്‍ ബില്ലിന്റെ ഉള്ളടക്കത്തെ പിന്തുണയ്ക്കാമെന്നും ബില്‍ പാസ്സാകുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടെങ്കില്‍ ആ തടസ്സങ്ങള്‍ പറയണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.