ശബരിമലയില്‍ അക്രമം നടത്തിയവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കും; അക്രമികള്‍ 'പൊതുശല്യക്കാര്‍'
Sabarimala women entry
ശബരിമലയില്‍ അക്രമം നടത്തിയവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കും; അക്രമികള്‍ 'പൊതുശല്യക്കാര്‍'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th August 2019, 12:19 pm

പത്തനംതിട്ട: ശബരിമലയില്‍ അക്രമം നടത്തിയവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതികളാക്കപ്പെട്ടവരെ ‘പൊതുശല്യക്കാര്‍’ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്.

14 പേര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് സമന്‍സ് ലഭിച്ചേക്കുമെന്നാണ് സൂചന. ബി.ജെ.പി, യുവമോര്‍ച്ച, ആര്‍.എസ്.എസ്, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കാണ് സമന്‍സ്.

ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ക്രമസമാധാനപ്രശ്‌നങ്ങളില്‍ ഇടപെടില്ല എന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. ഇത് ലംഘിച്ചാല്‍ ശക്തമായ നടപടി നേരിടേണ്ടി വരും.

ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി തങ്ങളെ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ പറഞ്ഞു.

യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശബരിമലയിലെത്തിയ സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ നിരവധി പേര്‍ പ്രതികളാണ്.