ശബരിമലയില്‍ ആസൂത്രിത കലാപത്തിന് ശ്രമം; ശബ്ദ സന്ദേശം പുറത്ത് വിട്ട് കടകംപള്ളി
Sabarimala women entry
ശബരിമലയില്‍ ആസൂത്രിത കലാപത്തിന് ശ്രമം; ശബ്ദ സന്ദേശം പുറത്ത് വിട്ട് കടകംപള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th October 2018, 1:13 pm

പമ്പ: ശബരിമലയില്‍ ബോധപൂര്‍വ്വം കലാപമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തീര്‍ത്ഥാടകരുടെ വേഷത്തില്‍ ആളെ എത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം മന്ത്രി പുറത്ത് വിട്ടു. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“സ്വാമി ശരണം, നമസ്തേ. ഞാന്‍ എ.എച്ച്.പി ജില്ലാ സെക്രട്ടറി ജിജിയാണ് സംസാരിക്കുന്നത്. അത്യാവശ്യമായി വോയ്സ് മെസേജ് ഇടുന്നത് നമ്മുടെ അയ്യപ്പഭക്തരാരെങ്കിലും നിലയ്ക്കലിലേക്ക് പോകാനായി തയ്യാറെടുക്കുന്നുണ്ടെങ്കില്‍ അവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ട് കൂട്ടമായി പോയാല്‍ അറസ്റ്റ് ചെയ്യുകയും ഇരുമുടി ഇല്ലാതെ ആളെ കയറ്റിവിടാത്ത അവസ്ഥയുമുണ്ട്.


Read Also : 13 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തകര്‍ത്തു, പൊലീസ് വാഹനം കൊക്കയിലിട്ടു, മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചു; നിലയ്ക്കലില്‍ കലാപകാരികള്‍ അക്രമം അഴിച്ചുവിട്ടത് ഇങ്ങനെ


 

അതുകൊണ്ട് തന്നെ തല്‍ക്കാലം പോകാന്‍ നില്‍ക്കുന്നവര്‍ കൈകളില്‍ ഇരുമുടിക്കെട്ട്, ഇരുമുടിക്കെട്ട് പോലെ തന്നെ തേങ്ങയും ബാക്കിയുള്ളതും നിറച്ച് ഒരു ഇരുമുടിക്കെട്ടും കൈയില്‍ കരുതി ഒറ്റയ്ക്കോ രണ്ട് പേരോ ആയി കറുപ്പുടുത്ത് ഒരു മാലയെങ്കിലും കഴുത്തിലിട്ട് നിങ്ങള്‍ നിലയ്ക്കലെത്തുക, നിലയ്ക്കലിലെത്തിയശേഷം 9400161516 എന്ന നമ്പറിലേക്ക് വിളിക്കുക. അപ്പോഴേക്കും നിങ്ങള്‍ക്ക് നിങ്ങളെ കോണ്ടാക്ട് തരും. ആ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ എല്ലാ നിലയ്ക്കലില്‍ എല്ലാ സജ്ജീകരണങ്ങളും ഉണ്ടാകും. എത്രയും പെട്ടെന്ന് എത്താന്‍ പറ്റുന്ന മുഴുവന്‍ അയ്യപ്പഭക്തരും നിലയ്ക്കലിലെത്തുക.. സ്വാമി ശരണം”. എന്നാണ് കടകംപള്ളി പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ പറയുന്നത്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശബ്ദസന്ദേശം കേള്‍പ്പിച്ചു കൊടുത്ത കടകംപള്ളി എന്താണ് ശ്രീധരന്‍ പിള്ളേ നിങ്ങളുടെ പരിപാടി എന്നും ചോദിച്ചു. ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച കടകംപള്ളി ശബരിമലയില്‍ സംഘപരിവാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേസ് നടത്തിയത് സംസ്ഥാന സര്‍ക്കാര്‍ അല്ല ആര്‍.എസ്.എസ് ആണന്നും പറഞ്ഞു.

നേരത്തെ തന്നെ കേരളത്തില്‍ സംഘപരിവാര്‍ കലാപത്തിന് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതീഷ് വിശ്വനാഥ് അടക്കമുള്ള നേതാക്കള്‍ ചേര്‍ന്ന് കലാപത്തിന് ശ്രമിക്കുന്നെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്റെ മുന്‍ പ്രവര്‍ത്തകന്‍ ഡൂള്‍ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. അതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അവര്‍ നിരവധിപേരുടെ ഫോണ്‍ നമ്പര്‍ കളക്ട് ചെയ്യുകയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കകുയും ചെയ്തു എന്നായിരുന്നു വെളിപ്പെടുത്തിയത്.