സന്നിധാനത്ത് പൂജകള്‍ നിര്‍ത്തിവെച്ച് പതിനെട്ടാം പടിക്ക് താഴെ പരികര്‍മിമാരുടെ പ്രതിഷേധം
Sabarimala women entry
സന്നിധാനത്ത് പൂജകള്‍ നിര്‍ത്തിവെച്ച് പതിനെട്ടാം പടിക്ക് താഴെ പരികര്‍മിമാരുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th October 2018, 10:14 am

പത്തനംതിട്ട: ശബരിമലയില്‍ പൂജകള്‍ നിര്‍ത്തിവെച്ച് പരികര്‍മിമാരുടെ പ്രതിഷേധം. മേല്‍ശാന്തിമാരുടെ പരികര്‍മികള്‍ പതിനെട്ടാം പടിയുടെ താഴെ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്.

തന്ത്രിയുടെ സഹായികളും ഉള്‍പ്പെടെ 35 ഓളം പേരാണ് പതിനെട്ടാം പടിയുടെ താഴെ ഇരുന്ന് പ്രതിഷേധിക്കുന്നത്. ശരണം വിളിച്ചുകൊണ്ടാണ് ഇവരുടെ പ്രതിഷേധം. ശബരിമല സന്നിധാനത്ത് ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധം നടക്കുന്നത്.


ശോഭാ സുരേന്ദ്രന്‍ കസ്റ്റഡിയില്‍


പ്രധാനപൂജകളില്‍ ഇടപെടുന്നവരാണ് ഇപ്പോള്‍ എല്ലാ പൂജകളും നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നത്. ശ്രീകോവില്‍ മാത്രമാണ് ഇപ്പോള്‍ തുറന്നുവെച്ചത്. മറ്റുപൂജകള്‍ നടക്കുന്നില്ല. തന്ത്രികളും മേല്‍ശാന്തിമാരും പുറത്തേക്ക് വന്നിട്ടില്ല.

തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പതിനെട്ടാം പടിക്ക് താഴെയിരുന്നാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് പരികര്‍മിമാര്‍ പറഞ്ഞു.

യാതൊരു കാരണവശാലും യുവതികളെ പ്രവേശിപ്പിക്കരുതെന്നും അതിനെതിരെ തങ്ങളുടെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഇവര്‍പറയുന്നു. ആക്ടിവിസ്റ്റുകളെ ഒരുകാരണവശാലും ഇവിടേക്ക് കടത്തിവിടരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ശബരമലയില്‍ ആചാരലംഘനം നടക്കുകയാണെങ്കില്‍ നടയടച്ച് താക്കോല്‍ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവരിന് പന്തളം കൊട്ടാരത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. പന്തളം കൊട്ടാര നിര്‍വാഹക സമിതി സെക്രട്ടറി വി.എന്‍ നാരായണ വര്‍മയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

ശുദ്ധിക്രിയ നടത്തിയതിനുശേഷം മാത്രമേ പിന്നീട് നട തുറക്കാന്‍ പാടുള്ളൂവെന്നും കൊട്ടാരം അറിയിച്ചു. അതേസമയം ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയാണ്. ബലം പ്രയോഗിച്ച് യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കില്ലെന്ന് ഐജി ഉറപ്പുനല്‍കി.

കനത്ത പൊലീസ് സുരക്ഷയില്‍ യുവതികള്‍ വലിയ നടപ്പന്തലിനു സമീപത്തേക്ക് എത്തിയിരുന്നു. ശക്തമായ പ്രതിഷേധത്തിനിടെയായിരുന്നു യുവതികളെ പൊലീസ് നടപ്പന്തലിലേക്ക് എത്തിച്ചത്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു യുവതികളുടെ മലകയറ്റം.

പൊലീസ് ഉപയോഗിക്കുന്ന ഹെല്‍മറ്റും മറ്റ് വേഷവിധാനങ്ങളും അണിഞ്ഞ് നൂറിലധികം പോലീസുകാരുടെ വലയത്തിലാണ് യുവതികള്‍ സന്നിധാനത്തെത്തിയത്.