കോഴിക്കോട്: ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. സാമൂദായിക ധ്രൂവീകരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചാല്‍ ചട്ടലംഘനമാകുമെന്നും ഓഫീസര്‍ അറിയിച്ചു.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ദുര്‍വിഖ്യാനം ചെയ്യരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ ചട്ടലംഘനമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടു കൂടെയാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.
പതിനേഴാം ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23നാണ് കേരളത്തില്‍ വോട്ടെടുപ്പ്. മെയ് 23ന് വോട്ടെണ്ണും. നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും വിവിധ നിയമസഭ ഉപതെരഞ്ഞെടുപ്പുകളും ഇതിനൊപ്പം നടക്കും.
ഏപ്രില്‍ 11നാണ് ആദ്യഘട്ട വോട്ടെടുപ്പ്. 20 സംസ്ഥാനങ്ങളിലായി 91 ലോക്സഭ മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്. ഏപ്രില്‍ 18ന് രണ്ടാം ഘട്ടം. 13 സംസ്ഥാനങ്ങളിലെ 97 സീറ്റുകളില്‍ പോളിങ്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23ന് കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങളിലെ 115 സീറ്റുകളില്‍ വോട്ടെടുപ്പ്. നാലാം ഘട്ടം ഏപ്രില്‍ 29നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം മെയ് 12നും. മെയ് 19ലെ അവസാനഘട്ടത്തോടെ വോട്ടെടുപ്പിന് പരിസമാപ്തി. മെയ് 23ന് എല്ലായിടത്തും ഫലമറിയാം.