പമ്പ: ശബരിമല വികസനത്തിന് വനഭൂമി വിട്ടു നല്‍കാനാകില്ലെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. കടുവാ സങ്കേതത്തില്‍ ഉള്‍പ്പെട്ട ഭൂമിയായതിനാല്‍ സ്ഥലം വിട്ടുനല്‍കാനാകില്ലെന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിച്ചത്.
യുവതീപ്രവേശത്തിന് സുപ്രീം കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് കൂടുതല്‍ സൗകര്യം ഉറപ്പാക്കുന്നതിനായി ബോര്‍ഡ് വനഭൂമി ആവശ്യപ്പെട്ടത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 500 ഏക്കര്‍ വനഭൂമി വിട്ടുനല്‍കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്. ദേവസ്വം ബോര്‍ഡിന്റെ ഈ ആവശ്യമാണ് പരിസ്ഥിതി മന്ത്രാലയം തള്ളിയത്.
നിലവിലെ നിര്‍മാണങ്ങളില്‍ അപാകതയുള്ള പലതും പൊളിച്ചുനീക്കണമെന്ന നിര്‍ദേശവും ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.
വിരിവയ്ക്കാനുള്ള സൗകര്യക്കുറവിനൊപ്പം ശുചി മുറിയുടെ അപര്യാപ്തതയും നിലനില്‍ക്കുന്നുണ്ട്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഉള്‍പ്പെടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ദേവസ്വം ബോര്‍ഡും വനം വകുപ്പും തമ്മില്‍ ചില തര്‍ക്കങ്ങള്‍ നിലവിലുണ്ട്. ഇതു പരിഹരിക്കുന്നതിന് സംയുക്ത സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണു കൂടുതല്‍ വനഭൂമിയെന്ന ആവശ്യം ഉന്നയിച്ചതും നല്‍കാനാവില്ലെന്ന കേന്ദ്ര നിലപാട് വേഗത്തിലുണ്ടായതും.
നിലവിലെ സൗകര്യങ്ങള്‍ പരിമിതമെന്ന് ആവര്‍ത്തിക്കുന്ന ബോര്‍ഡിന് കേന്ദ്രത്തിന്റെ നിലപാട് പ്രതിസന്ധിയാകും.