| Friday, 23rd August 2019, 5:50 pm

'ശബരിമലയില്‍ യുവതികളെ കയറ്റുക എന്നതല്ല സി.പി.ഐ.എം നിലപാട്'; പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നതിന് എതിരല്ലെന്നും കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ കയറ്റുക എന്നതല്ല സി.പി.ഐ.എം നിലപാടെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയെ പാര്‍ട്ടി ഇപ്പോഴും അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും അവരവരുടെ വിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നതിന് പാര്‍ട്ടി എതിരല്ല. വര്‍ഗീയശക്തികളെ മാറ്റിനിര്‍ത്താന്‍ ക്ഷേത്രക്കമ്മിറ്റികളിലും പള്ളി മഹല്ലുകളിലും പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണം എന്നുതന്നെയാണ് പാര്‍ട്ടിയുടെ നിലപാട്.

അതേസമയം പാര്‍ട്ടി നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും വിധേയരായി നിന്നു വേണം അവര്‍ പ്രവര്‍ത്തിക്കാന്‍.’- കോടിയേരി പറഞ്ഞു.

സി.പി.ഐ.എം വിശ്വാസികള്‍ക്ക് എതിരാണെന്ന നിലയില്‍ ചില കേന്ദ്രങ്ങള്‍ ശക്തമായ പ്രചാരണം നടത്തുകയും ഒരു വിഭാഗത്തെ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരായി തിരിച്ചുവിടുകയും ചെയ്തു. ശബരിമല വിഷയത്തില്‍ തെറ്റായ പല പ്രചാരണങ്ങളും നടന്നു.

ഒരുവിഭാഗം വിശ്വാസികളെ സി.പി.ഐ.എമ്മിന് എതിരാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. വിശ്വാസികളുടെ വോട്ട് തിരികെക്കൊണ്ടുവരാന്‍ സി.പി.ഐ.എം ശ്രമിക്കും.

വിശ്വാസികളുടെ വികാരത്തെയും വിശ്വാസത്തെയും മുറിപ്പെടുത്തുന്ന ഒരു രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെടാന്‍ പാടില്ല. യു.ഡി.എഫ് മാത്രമല്ല, ബി.ജെ.പിയും ഇന്ന് കേരളത്തില്‍ സി.പി.ഐ.എമ്മിന്റെ പ്രധാന എതിരാളിയാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തില്‍ ഹിന്ദുത്വ വര്‍ഗീയ ശക്തിപ്പെടുത്താനാണ് സംഘപരിവര്‍ ശ്രമിക്കുന്നത്. താല്‍ക്കാലിക രാഷ്ട്രീയ ലാഭം കണക്കിലടുത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലള്ള യു.ഡി.എഫ് വലതുപക്ഷവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്.

ന്യൂനപക്ഷ വിഭാഗം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിവിധ രൂപത്തില്‍ മതന്യൂനപക്ഷങ്ങളെ വര്‍ഗീയമായി അണിനിരത്താന്‍ പ്രത്യേകിച്ച് മുസ്ലിം വര്‍ഗീയത ശക്തിപ്പെടുത്താന്‍ തീവ്രമായ ശ്രമങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്.

അതിനു നേതൃത്വം കൊടുക്കുന്നത് ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നീ പേരുകളിലൊക്കെ പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ സംഘടനകളാണെന്നും കോടിയേരി ആരോപിച്ചു.

‘ഇതില്‍ നിന്നും വ്യക്തമാകുന്നത് മുസ്ലിം തീവ്രവാദവും ഹിന്ദുത്വ തീവ്രവാദവും കേരളത്തില്‍ ശക്തിപ്പെടുകയാണെന്നാണ്. ഇത് കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നത്. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകളെ വിപലുമായി അണിനിരത്താന്‍ പാര്‍ട്ടിക്ക് സാധിക്കണം. ‘ അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍.എസ്.എസിന് ശക്തമായ സംഘടനാ രൂപം കേരളത്തിലുണ്ട്. ആര്‍.എസ്.എസിന്റെ കൂടുതല്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ന് ആര്‍.എസ്.എസ് സംഘടനാ ശക്തിക്കൊപ്പം കേന്ദ്ര ഭരണം കൂടി ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം സംസ്ഥാനത്ത് നടത്തുന്നുണ്ട്. ഈ വെല്ലുവിളികൂടി ഏറ്റെടുത്തുകൊണ്ടാവണം പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനം കാലോചിതമായി മാറ്റേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more