തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ ശബരിമല കര്‍മ്മസമിതി നടത്താനിരുന്ന രഥയാത്രയും,സെക്രട്ടേറിയേറ്റ് മാര്‍ച്ചും റദ്ദാക്കി.
ഈ മാസം 11 മുതല്‍ 13 വരെയായിരുന്നു രഥായാത്രയും. പതിനെട്ടിന് 120 ഹിന്ദു സംഘടനകളെ ഉള്‍പ്പെടുത്തി സെക്രട്ടേറിയേറ്റ് മാര്‍ച്ചും നടത്തുമെന്നുമായിരുന്നു നേരത്തെ കര്‍മ്മസമിതി അറിയിച്ചിരുന്നത്.
പകരം ജനുവരി 10ന് സംസ്ഥാനത്തെ നൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്തും. 14ന് കേരളത്തിലെമ്പാടും നടത്തുന്ന മകരജ്യോതി നടത്താനുമാണ് തീരുമാനം. ജനുവരി 19ാം തിയ്യതി തിരുവനന്തപുരം പുത്തരിക്കണ്ടത്ത് കര്‍മ്മസമിതിയിടെ നേതൃത്വത്തില്‍ യുവതീപ്രവേശനം എതിര്‍ക്കുന്നവരുടെ മഹാസംഘമവും സംഘടിപ്പിക്കാനുമാണ് തീരുമാനം. ശ്രീ ശ്രീ രവിശങ്കര്‍ ആണ് മഹാസംഗമം ഉദ്ഘാടനം ചെയ്യുന്നത്.
Also Read “”തന്ത്രിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ല””; സര്‍ക്കാരിനെതിരെ താഴമണ്‍ കുടുംബം
കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളെയും കേസുകളെയും തുടര്‍ന്നാണ് കര്‍മ്മസമിതി പരിപാടി റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ നഷ്ടം നേതാക്കളില്‍ നിന്ന് ഈടാക്കണമെന്ന ഹരജിയില്‍ ടി.പി.സെന്‍കുമാര്‍, കെ.എസ്.രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി ഇന്ന് നോട്ടീസ് നല്‍കിയിരുന്നു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ബി.ജെപി ശബരിമല കര്‍മസമിതിക്കും, ആര്‍.എസ്.എസിനും നോട്ടീസ് അയച്ചിട്ടുണ്ട്.
ഹര്‍ത്താലിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നിര്‍ണയിക്കാനും വിതരണം ചെയ്യാനുമായി ക്ലെയിം കമീഷണറെ നിയമിക്കാന്‍ ഉത്തരവിടണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് തൃശൂര്‍ സ്വദേശി ടി. എന്‍ മുകുന്ദനാണ് കോടതിയെ സമീപിച്ചത്.
DoolNews Video