| Saturday, 19th January 2019, 5:20 pm

യുവതികളുമായി ശബരിമലയിലേക്ക് പോകുന്നെന്നാരോപിച്ച് ടൂറിസ്റ്റ് ബസ് തടഞ്ഞു; ഇരുപതോളം കര്‍മ്മസമിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ശബരിമലയിലേക്ക് സ്ത്രീകളെ കൊണ്ടുവരാനെത്തിയതെന്ന് ആരോപിച്ച് ടൂറിസ്റ്റ് ബസ് തടഞ്ഞ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഇരുപതോളം പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഏറെ നേരം പുല്ലുമേട്ടില്‍ ടൂറിസ്റ്റ് ബസ്സ് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞിട്ടിരുന്നു. സ്ത്രീകളുള്‍പ്പടെയുള്ള സംഘമാണ് ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്. എല്ലാവരും തമിഴ്‌നാട് സ്വദേശികളായിരുന്നു. ഗവിയിലേക്ക് പോവുകയായിരുന്നു ഇവര്‍.

മുപ്പതോളം വരുന്ന സംഘമാണ് പുല്ലുമേട്ടില്‍ വച്ച് ബസ് തടഞ്ഞത്. ശബരിമല കര്‍മസമിതി പ്രവര്‍ത്തകരാണെന്നും സ്ത്രീകളെയും കൊണ്ട് ശബരിമലയിലേക്ക് പോകുകയാണോ എന്ന് പരിശോധിക്കാനാണ് കയറിയതെന്നും പറഞ്ഞാണ് ഇവര്‍ ബസ്സിലേക്ക് കയറിയത്. തുടര്‍ന്ന് ബസ്സിലുള്ള എല്ലാവരുടെയും രേഖകള്‍ കര്‍മസമിതി പ്രവര്‍ത്തകര്‍ വാങ്ങി പരിശോധിച്ചു.

ALSO READ: തെരഞ്ഞെടുപ്പിനെ നേരിടാന്‍ നമ്മള്‍ ജനങ്ങളുമായി സഖ്യമുണ്ടാക്കുമ്പോള്‍ അവര്‍ സി.ബി.ഐയുമായി സഖ്യമുണ്ടാക്കുന്നു; ബി.ജെ.പിയെ പരിഹസിച്ച് അഖിലേഷ് യാദവ്

ഏറെ നേരം ബസ്സ് തടഞ്ഞിടുകയും ചെയ്തു. സംശയം മാറ്റാതെ ഇവരെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നായിരുന്നു കര്‍മസമിതിയുടെ നിലപാട്.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ രേഖകള്‍ പരിശോധിക്കാതെ മടങ്ങില്ലെന്ന നിലപാടില്‍ കര്‍മസമിതി പ്രവര്‍ത്തകര്‍ ഉറച്ചുനിന്നു. രേഖകള്‍ പൂര്‍ണമായും പരിശോധിച്ചാണ് ബസ് വിട്ടയച്ചത്.

രാവിലെ മുതല്‍ സന്നിധാനത്തേക്ക് യുവതികളെത്തുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് കര്‍മസമിതി പ്രവര്‍ത്തകര്‍ പലയിടത്തായി തമ്പടിച്ചിരിക്കുകയാണ്. പലയിടത്തും കെ.എസ്.ആര്‍.ടി.സി ബസ്സുകളും മറ്റ് സ്വകാര്യവാഹനങ്ങളും തടഞ്ഞ് പരിശോധിച്ചാണ് ഇവര്‍ കടത്തിവിടുന്നത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more