| Thursday, 3rd January 2019, 7:37 am

ഹര്‍ത്താല്‍ തുടങ്ങി; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ അക്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമലകര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ആദ്യ മണിക്കൂറുകളില്‍ തന്നെ മലബാറിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ അക്രമം ഉണ്ടായിട്ടുണ്ട്.

കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വഴി തടയുന്നു. റോഡുകളില്‍ ടയര്‍ കത്തിച്ച് വാഹനങ്ങള്‍ തിരിച്ചുവിടുന്നു. കൊയിലാണ്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെയും കാറിന്റെയും ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. സി.ഐയുടെ വാഹനത്തിന് നേരെയും കല്ലെറിഞ്ഞു. പേരാമ്പ്രയില്‍ കെ.എസ്.ആര്‍.ടി.സി ബസിനും ഡി.വൈ.എഫ്.ഐ ഓഫീസിനും നേരെ കല്ലേറുണ്ടായി.

കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലിന്റെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. കൊട്ടാരക്കര വെട്ടിക്കവലയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. പാലക്കാട് വെണ്ണക്കരയില്‍ സി.പി.ഐ.എം വായനശാലയും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.

സംസ്ഥാനത്ത് വ്യാപകമായ അക്രമമുണ്ടാവുമെന്ന് സംസ്ഥാന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അക്രമമുണ്ടാവുമെന്ന മുന്നറിയിപ്പാണ് നല്‍കിയത്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ കര്‍ശനനടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ അടപ്പിക്കുകയോ അക്രമത്തിന് മുതിരുകയോ ചെയ്യുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more