| Saturday, 3rd November 2018, 8:28 pm

മാധ്യമ പ്രവര്‍ത്തനം ആരുടേയും വീട്ടിലെ അടുക്കള ജോലിയല്ല; നിലയ്ക്കലില്‍ അക്രമം നേരിട്ട സരിത എസ്.ബാലന്‍ സംസാരിക്കുന്നു

ശരണ്യ എം ചാരു

ശബരിമല യുവതീ പ്രവേശനവിധിക്ക് ശേഷം കേരളത്തില്‍ നടന്ന അക്രമണങ്ങള്‍ അടുത്തകാലത്ത് ജനം കണ്ട ഏറ്റവും ഇരുണ്ട ദിവസങ്ങളായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. യുവതികള്‍, സ്ത്രീകള്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊലീസുകാര്‍, പൊതു വാഹനങ്ങള്‍ തുടങ്ങി തുടരെ തുടരെ അക്രമിക്കപ്പെട്ടത് നിരവധി ആളുകള്‍. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം.

ഒക്ടോബര്‍ 16ന് ശബരിമലയിലെത്തിയ ആറ് വനിതാ റിപ്പോര്‍ട്ടര്‍മാരാണ് സംഘപരിവാര്‍ അക്രമകാരികളുടെ അതിക്രമങ്ങള്‍ക്ക് ഇരയായത്. എന്‍.ഡി.ടി.വി റിപ്പോര്‍ട്ടര്‍ സ്നേഹ കോശി, ഇന്ത്യ ടുഡേയുടെ മൗസ്മി സിങ്, ന്യൂസ് 18 ന്റെ രാധിക രാമസ്വാമി, റിപബ്ലിക് ടിവിയുടെ പൂജ പ്രസന്ന, ദ ന്യൂയോര്‍ക് ടൈംസിന്റെ സുഹാസിനി രാജ് എന്നിവരാണ് തങ്ങളുടെ ജോലി നിര്‍വ്വഹിക്കുന്നതിനിടെ ആക്രമിക്കപ്പെട്ടത്. ശബരിമലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ ദി ന്യൂസ്മിനിറ്റ് കേരള റിപ്പോര്‍ട്ടര്‍ സരിത എസ് ബാലനെ അന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആക്രമണത്തില്‍ ഡിസ്‌കിന് സാരമായ പരിക്കേറ്റിരുന്ന ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരം പൂജപ്പുര പഞ്ചകര്‍മ ആശുപത്രിയില്‍ ചികിത്സയിലാണ്.

അന്നും അതിന് ശേഷവും നടന്ന കാര്യങ്ങളെ കുറിച്ച് സരിത ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

വനിതാ മാധ്യമപ്രവര്‍ത്തകര്‍, പുരുഷ മാധ്യമപ്രവര്‍ത്തകന്‍ എന്ന സംഘപരിവാര്‍ ചേരിതിരിവിനെതിരെ നിലവിലെ സാഹചര്യം മുന്‍നിര്‍ത്തി എങ്ങനെ പ്രതിരോധിക്കാനാണ് നമ്മള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിക്കുക?

അക്രമിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ എനിക്ക് രോഷം തോന്നിയ ഒരു സംഭവം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അവിടെ എന്തിന് പോയി എന്ന ചോദ്യമാണ്. എത്ര വകതിരിവില്ലാത്ത ചോദ്യമാണത്. ഇത് ആരുടേയും വീട്ടിലെ അടുക്കള ജോലിയല്ല. ആണുങ്ങള്‍ക്ക് ഇത് പെണ്ണുങ്ങള്‍ക്ക് ഇത് എന്ന് പറഞ്ഞു വീതിക്കാന്‍. മാധ്യമപ്രവര്‍ത്തനം എന്താണ് എന്ന് ആദ്യം അറിയണം. പിന്നെ അവനവന്റെ വിശ്വാസത്തിന്റെയും മതത്തിന്റെയും നേരെ എന്തെങ്കിലും ഉണ്ടാകുമ്പോള്‍ ഒച്ചയിടുന്നതല്ലാതെ ഇന്ത്യയിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ എന്ത് ചെയ്യുന്നു എന്നെങ്കിലും അറിയണം.

വളരെ മാന്യമായി ആര്‍ജവത്തോട് കൂടി മാധ്യമ പ്രവര്‍ത്തനം ചെയ്യുന്ന പത്രങ്ങളോ ചാനലുകളോ ഓണ്‍ലൈനോ വായിച്ചിട്ട് എന്തൊക്കെയാണ് ഇന്ത്യയില്‍ ഇന്ന് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്നും ചെയ്തിരുന്നതെന്നും അറിയണം. മാധ്യമ പ്രവര്‍ത്തന മേഖലയില്‍ അവരുടെ സ്ഥാനം എന്താണ് എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണം. അത്തരത്തില്‍ എന്തെങ്കിലും മനസ്സിലാക്കിയിട്ടുള്ള ഒരാള്‍ പോലും ഇത്രയും വൃത്തികെട്ട രേു ചോദ്യം വനിതാ മാധ്യമ പ്രവര്‍ത്തകരോട് ചോദിക്കില്ല. നിങ്ങള്‍ എന്തിന് പോയി, പുരുഷ ജേണലിസ്റ്റുകള്‍ ഇല്ലായിരുന്നോ എന്നുളള ചോദ്യങ്ങള്‍ ഒക്കെ വിവരമില്ലായ്മയില്‍
നിന്നും മാത്രം ഉണ്ടാകുന്നതാണ്. സ്ത്രീക്ക് സ്വതന്ത്രമായി തൊഴില്‍ ചെയ്യാന്‍ പോലും കഴിയാത്ത ഒരു സ്ഥലമായി കേരളം മാറിയോ എന്നുള്ളതാണ് എനിക്കറിയേണ്ട ഒന്നാമത്തെ കാര്യം. രണ്ടാമത് അങ്ങനെ പോയാല്‍ തന്നെ നമ്മളെ അങ്ങ് അടിച്ചു കളയുമോ എന്നതാണ്? അത് എവിടുത്തെ രീതിയാണ്. അതിനെ എങ്ങനെ ആണ് ആളുകള്‍ക്ക് ന്യായീകരിക്കാന്‍ കഴിയുന്നത്.

Image result for നിലക്കല്‍ അക്രമം

എന്നെ മാത്രമല്ല, മറ്റനേകം ചാനലുകാരേയും അക്രമിച്ചിട്ടുണ്ടല്ലോ. ക്യാമറ, ചാനല്‍ വാഹനം തുടങ്ങി അവര്‍ എന്തൊക്കെ നശിപ്പിച്ചു. എന്നിട്ട് വനിതാ മാധ്യമ പ്രവര്‍ത്തകരെ മാത്രം എന്ന് പറയുന്നത് എങ്ങനെ ശരിയാകും. അക്രമിക്കപ്പെട്ടവരില്‍ പുരുഷന്മാരായ മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടായിട്ടില്ലേ.

കൃത്യമായ മുന്‍വിധിയോടെ പ്രവര്‍ത്തിച്ചവരാണ് അക്രമം നടത്തിയത് എന്ന് വ്യക്തമാണ്. കാരണം ഒരു വിശ്വാസിയുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതോ, വൃണപ്പെടുത്തുന്നതോ ആയ രീതിയില്‍ ഞങ്ങള്‍ ആരും ഒന്നും ചെയ്തിട്ടില്ല. മാന്യമായി പെരുമാറാതിരുന്നതും വിശ്വാസിക്ക് ചേരാത്ത തരത്തില്‍ സംസാരിക്കുന്നതും അവരായിരുന്നില്ലേ. സമരത്തിന് ആഹ്വാനം ചെയ്ത ഒരാളും ഞങ്ങള്‍ക്ക് മാധ്യമ പിന്തുണ വേണ്ട എന്ന് പറഞ്ഞത് ഞാന്‍ അറിഞ്ഞിട്ടില്ല. അവര്‍ നമ്മളെ വിലക്കിയ സ്ഥലത്തൊന്നുമല്ല നമ്മള്‍ പോയതും. മാധ്യമങ്ങളുടെ പിന്തുണ വേണം പക്ഷേ അവര്‍ക്ക് ഇഷ്ടമുള്ളത് മാത്രമേ റിപ്പോര്‍ട്ട് ചെയ്യാവൂ എന്നാണോ അവര്‍ ഉദ്ദേശിക്കുന്നത്. അങ്ങനെ ചെയ്യാന്‍ അവരുടെ ആജ്ഞാനുവര്‍ത്തികള്‍ ഒന്നും അല്ല കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ എന്ന് അവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ബാക്കിയുള്ള എല്ലാ സമയങ്ങളിലും മാധ്യമങ്ങളെ ഇങ്ങോട്ട് സമീപിച്ചവര്‍ ഈ വിഷയത്തില്‍ മാത്രം ഇത്തരത്തില്‍ ഒരു രീതി സ്വീകരിച്ചത് തന്നെ അവരുടെ കാപട്യത്തിന്റെ തെളിവാണ്.

അക്രമണം നടത്തിയത് ആര്‍.എസ്.എസ്, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആണ് എന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞ കാര്യമാണ്. അപ്പോഴും ഞങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്ന് പറയുന്ന ഒരു കൂട്ടത്തിന് അക്രമിക്കപ്പെട്ട ഒരാള്‍ എന്ന നിലയില്‍ എന്ത് മറുപടി നല്‍കും?

ഞാന്‍ ഒരു പ്രത്യേക സംഘടനയേയും പേരെടുത്ത് പറയുന്നില്ല. കാരണം വേറൊന്നുമല്ല, നമുക്കൊരു ആള്‍ക്കൂട്ടത്തില്‍ നിന്ന് ഇത് ഇന്ന സംഘടനയുടെ ആള്‍ ആണ്, അല്ല എന്നൊന്നും തിരിച്ചറിയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ ഒരു കാര്യം എനിക്കുറപ്പുണ്ട്, അത് ഞാന്‍ അക്രമിക്കപ്പെട്ടത് മുതല്‍ ഇപ്പോഴും അപ്പോഴും എല്ലാവരോടും പല തവണയായിട്ട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന ഒരേയൊരു കാര്യമാണ്, എന്നെ അക്രമിക്കാന്‍ വന്ന ആ ആള്‍ക്കൂട്ടത്തില്‍ എന്നെ തെറിവിളിച്ചവരിലോ, കൂവി വിളിച്ചവരിലോ ഒന്നും ഒരിക്കലും ഒരു വിശ്വാസിയില്ല.

ആ വന്നവരില്‍ യഥാര്‍ത്ഥ ഭക്തരോ വിശ്വാസിയോ ഉണ്ടെന്ന വിശ്വാസം എനിക്കില്ല. പുരുഷനായാലും സ്ത്രീ ആയാലും കൂട്ടംകൂടി ആളുകളെ ആക്രമിക്കുക, പൊലീസ് കവചത്തിനിടയിലൂടെ അയാളെ എങ്ങനെ എങ്കിലും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുക, ഇതൊന്നും ഭക്തിയില്‍ നിന്നോ വിശ്വാസത്തില്‍ നിന്നോ ഉണ്ടാകുന്ന ഒരു സംഭവമാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. പൊലീസ് ഇല്ലായിരുന്നുവെങ്കില്‍ ആളുകളെ കൊല്ലുന്ന തരമൊരു മാനസികാവസ്ഥയാണ് അവര്‍ക്കുണ്ടായിരുന്നത്.

ഞാന്‍ അന്ന് മുതലേ ചോദിക്കുന്ന ഒരു കാര്യമിതാണ്, ശ്രീ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു ഇവിടെ അക്രമം ഉണ്ടാക്കുന്നത് ആര്‍.എസ്.എസ് അല്ലെന്ന്, ബി.ജെ.പിക്ക് ഇതില്‍ ഒരു പങ്കും ഇല്ലെന്ന്. ശരി ഞാന്‍ അടങ്ങുന്ന സമൂഹം അത് സമ്മതിക്കാം. സമരത്തിന് ആഹ്വാനം ചെയ്തവരും, സമരത്തെ പിന്തുണച്ചവരും, അതില്‍ പങ്കെടുത്തവരും ഒന്നും അല്ല ഇത് ചെയ്തതെങ്കില്‍ പിന്നെ ആരാണ് ഈ അക്രമം ഒക്കെ അഴിച്ചു വിട്ടത്. ഇതിന്റെ ഉത്തരവാദിത്വം പിന്നെ ആര് ഏറ്റെടുക്കും.

ഇവരാരുമല്ല ഇത് ചെയ്തതെങ്കില്‍ പിന്നെ അവര്‍ ആരാണ്. ഇവരാരും ഇപ്പോള്‍ തന്ത്രി കൂടുംബത്തിന്റേയോ, പന്തളം രാജകുടുംബത്തിന്റേയോ, എന്‍.എസ്.എസിന്റേയോ ബി.ജെ.പിയുടേയോ പ്രതിനിധി അല്ലെങ്കില്‍, ഭാഗമല്ലെങ്കില്‍ ഇവരുടെയൊക്കെ പേര് മറയാക്കി വേറൊരു കൂട്ടര്‍ ആയിരിക്കില്ലേ ഈ വൃത്തികേടുകള്‍ എല്ലാം കാണിച്ചത്. അങ്ങനെ എങ്കില്‍ അവര്‍ ആരാണ്. അവര്‍ ആരാണ് എന്ന് കണ്ടെത്തുന്നതിന് സര്‍ക്കാരിനുള്ള അതേ ഉത്തരവാദിത്വം ഈ പ്രതിഷേധം ആഹ്വാനം ചെയ്ത സംഘടനയ്ക്കും ഉണ്ട്. കാരണം അവരാണല്ലോ സമരം നടത്തിയത്. പക്ഷേ ഈ പ്രശ്നം ഉണ്ടാക്കിയത് അവരല്ലാ എന്ന് പറയുമ്പോള്‍ അവരാരും അല്ലെങ്കില്‍ പിന്നെ ആര് എന്ന ചോദ്യം പ്രസക്തമല്ലേ ? അത് തെളിയിക്കാന്‍ ഉള്ള ധാര്‍മ്മികമായ ബാധ്യത ഇത് നടത്തിയവര്‍ക്കുണ്ട്.

Image result for നിലക്കല്‍ അക്രമം

ആയുധങ്ങള്‍ ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നോ എന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ചുറ്റിലും കൂടി കൂവി വിളിക്കയും തെറിവിളിക്കയും വീഡിയോ എടുക്കുകയും ചെയ്യുന്നവരുടെ ഇടയിലൂടെ പൊലീസ് സംരക്ഷണത്തില്‍ രക്ഷപ്പെടുമ്പോള്‍ എനിക്ക് ഈ ആള്‍ക്കൂട്ടത്തെ ഭയങ്കരമായിട്ട് നോക്കാനോ നിരീക്ഷിക്കാനോ ഒന്നും സാധിച്ചിരുന്നില്ല. ഒരു സ്ത്രീയെ ആണ് ഞാന്‍ മുന്നില്‍ നേരിട്ട് കണ്ടത്. അവരാണ് എന്നെ അക്രമിക്കാന്‍ ഓടി വന്നത്. അവരുടെ കയ്യില്‍ ഒരു കുപ്പി ഉണ്ടായിരുന്നു. ആ കുപ്പി വച്ചിട്ടെങ്കിലും എന്നെ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ അത് ചെയ്തേനെ, പൊലീസ് ഇല്ലായിരുന്നു എങ്കില്‍ അവര്‍ക്കത് വളരെ എളുപ്പവുമായേനെ.

പിന്നെ മറ്റൊന്ന് ഞാന്‍ പല തവണ പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ്. കേട്ടാല്‍ അറക്കുന്ന, പുറത്ത് പറയാന്‍ സാധിക്കാത്ത അത്രയും ചീത്ത വാക്കുകള്‍ ആണ് അവരെന്നെ വിളിച്ചത്. മലയാളത്തിലെ ഏറ്റവും മോശം വാക്കുകള്‍ ആണ് അവര്‍ ഉപയോഗിച്ചിരുന്നത്. ഈ നാമജപ പ്രതിഷേധത്തിന്റെ ഭാഗമാണോ ഇത് ? നാമജപമാണോ പിന്നീട് തെറിയായിട്ട് മാറിയത്. ഒന്നാമത് അവിടെയുള്ള സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിക്കുന്ന പ്രതിഷേധ പന്തലിനരികില്‍ കൂടിയാണ് ഞാന്‍ സഞ്ചരിച്ചിരുന്ന ബസ് കടന്നു പോയിരുന്നത്.

ശബരിമല ക്ഷേത്രത്തില്‍ നിന്നും ഏകദേശം ഇരുപത്തഞ്ച് കിലോമീറ്റര്‍ അകലെയാണിത്. പക്ഷെ അവര്‍ കൃത്യമായി ആസൂത്രണം ചെയ്തത് പോലെയാണ് എനിക്ക് നേരെ ആര്‍ത്ത് വന്നത്. അല്ലെങ്കില്‍ പ്രശ്‌നം ഉണ്ടാക്കണം എന്നവര്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നു എന്ന് വേണം കരുതാന്‍. ഇത് രണ്ടുമല്ലെങ്കില്‍ നമ്മള്‍ മാധ്യമ പ്രവര്‍ത്തകര്‍ ആണെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തില്‍ അവിടെ ഒന്നും ഉണ്ടായിരുന്നില്ല. നിലക്കലില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറി ഇരുന്നതേ ഉണ്ടായിരുന്നുള്ളു ഞാന്‍.

സാമൂഹിക പ്രസക്തിയുള്ള ഇത്തരം വിഷയങ്ങളില്‍ ആദ്യമായി ഇടപെടുന്ന ആളല്ല സരിത. ആ തരത്തില്‍ മുന്‍പ് എന്നെങ്കിലും ഇത്തരത്തിലുള്ള എന്തെങ്കിലും അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ? ഇത്രയും ഭീകരമായ ഒരു അക്രമണം പ്രതീക്ഷിച്ചിരുന്നോ?

ഇത്രയും വലിയൊരു അക്രമണം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം ഇതിലും വലിയ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയിട്ടുള്ള ഒരാള്‍ എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിച്ചത് ഒരു വാക്കേറ്റമോ മറ്റോ ആണ്. അത് തന്നെ മാധ്യമ പ്രവര്‍ത്തകയാണ് എന്നത് മനസ്സിലായാല്‍ തീരുന്നതേ ഉള്ളു എന്നാണ് വിചാരിച്ചിരുന്നത്. ആദ്യമായിട്ടാണ് ഇങ്ങലെ ഒരു അനുഭവം. പൊലീസ് സംരക്ഷണം ഒന്നുകൊണ്ട് മാത്രമാണ് ഞാന്‍ ഇന്ന് ജീവനോടെ ഇരിക്കുന്നത്. പൊലീസ് എണ്ണത്തില്‍ എന്ത് കൊണ്ട് കുറവായിരുന്നു. അവരെന്ത് കൊണ്ട് മാധ്യമ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടും എന്ന കാര്യം അറിഞ്ഞില്ല എന്നീ ചോദ്യങ്ങള്‍ എല്ലാം എന്റെ മനസ്സിലും ഉണ്ട്. എന്നാലും എനിക്ക് അവര്‍ തന്ന സംരക്ഷണം മറക്കാന്‍ സാധിക്കുന്നതല്ല.

പതിനാല് വര്‍ഷമായിട്ട് മാധ്യമ പ്രവര്‍ത്തക രംഗത്ത് സജീവമായിട്ടുള്ള ഒരാളാണ് ഞാന്‍. ഈ തൊഴില്‍ അത്രമേല്‍ ഇഷ്ടത്തോടെ തിരഞ്ഞെടുത്ത ഒരു വ്യക്തി ആണ്.എനിക്ക് കിട്ടിയ ഒരു അസൈന്‍മെന്റ് എന്നതിലുപരി ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്നതിന് ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ എനിക്കുണ്ടായിരുന്ന വ്യക്തിപരമായ ആഗ്രഹം കൂടി ഈ വിഷയത്തില്‍ എനിക്കുണ്ടായിരുന്നു. ഇത് പക്ഷെ എനിക്ക് ഞാന്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഒരു സ്ഥാപനം എനിക്ക് തന്ന അസൈന്‍മെന്റ് തന്നെയായിരുന്നു. എന്നാല്‍ പോലും നമ്മള്‍ ഇപ്പോള്‍ ഒരു ജോലിയായിട്ടല്ല ഒരു കാര്യത്തിനേയും കാണുന്നത്. അതില്‍ എല്ലായിടത്തും നമ്മുടെ ഒരു താത്പര്യം വരാറുണ്ട്.

Image result for saritha s balan

തൂത്തുക്കുടി വെടിവയ്പ്പ് വിഷയത്തില്‍ ആദ്യം സംഭവസ്ഥലത്തെത്തിയ റിപ്പോര്‍ട്ടര്‍ ആണ് ഞാന്‍.
അവിടെ പൊലീസ് വെടിവയ്പ്പില്‍ മരിച്ച എത്രയോ ശവശരീരങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ഒരു ജനത്തിന് ഉണ്ടായേക്കാവുന്ന ഒരു സ്വാഭാവിക വികാരമുണ്ട്. അന്ന് അവിടെ ഒരാള്‍ പോലും ഇത് പോലെ എന്നോട് പെരുമാറിയിട്ടില്ല. അവര്‍ക്കതിന് എന്ത് കൊണ്ടും അവകാശം ഉണ്ടായിരുന്നു. കാരണം അവര്‍ ശബ്ദം ഉയര്‍ത്തിയതും മരിച്ചു വീണതും ക്യാന്‍സര്‍ പരത്തുന്ന പ്ളാന്റിനെതിരെ പോരാടിയതിനായിരുന്നു. ഒരു ആശുപത്രിയില്‍ നിറയെ അന്നവിടെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. എന്നിട്ട് പോലും അവിടെ ഒരു മനുഷ്യനേയും ഞാന്‍ ശബരിമലയിലേത് പോലെ ആക്രമണ സ്വഭാവം ഉള്ളതായിട്ട് ഞാന്‍ കണ്ടിട്ടില്ല. അതും ഇതും തമ്മില്‍ ഉള്ള അന്തരം എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. ഇവിടെ ഏത് ജനതയുടെ വികാരത്തെയാണ് നമ്മള്‍ മാനിക്കേണ്ടത് അല്ലെങ്കില്‍ കണക്കിലെടുക്കേണ്ടത്.

ഒരു വ്യക്തി എന്ന നിലയിലോ ഒരു ജേണലിസ്റ്റ് എന്ന നിലയിലോ എനിക്കിത് ഒരു ഷോക്കായി എന്നോ, മാനസീകമായി ഞാന്‍ തളര്‍ന്നു എന്നോ ഒരു തരത്തിലും ഞാന്‍ അംഗീകരിക്കാന്‍ തയ്യാറല്ല. എനിക്കങ്ങനെ തോന്നിയിട്ടുമില്ല. പക്ഷെ കേരളത്തെ ഇഷ്ടപ്പെട്ട് കേരളത്തില്‍ ജീവിക്കുന്ന ഒരു സാമുഹ്യജീവി എന്ന നിലയില്‍ ഇത് എന്നെ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തില്‍ പുറത്തിറങ്ങുമ്പോള്‍ ഭയപ്പെടേണ്ടതുണ്ടോ എന്ന് പോലും ചിന്തിച്ചു പോകുന്നുണ്ട്. ഞാന്‍ കൃത്യമായ നിലപാടുകള്‍ ഉള്ള, രാഷ്ട്രീയമുമുള്ള വ്യക്തിയാണ് . അത് അങ്ങനെ തന്നെ സമൂഹമാധ്യമങ്ങളിന്‍ രേഖപ്പെടുത്തുന്ന ഒരാളാണ്.
പക്ഷെ എന്റെ ആ നിലപാടുകള്‍ ഒരിക്കലും എന്റെ ജോലിയില്‍ പ്രതിഫലിച്ചിരുന്നില്ല. നിലപാടുകള്‍ തുറന്ന് പറയുന്ന ആള്‍ എന്ന നിലയിലോ, ഇങ്ങനെ ഒരു സംഭവത്തിന്റെ ഭാഗമായി പോയതിന്റെ പേരിലോ ഇനി എനിക്ക് സമൂഹത്തില്‍ പഴയതുപോലെ ജീവിക്കാന്‍ സാധിക്കില്ലേ എന്ന് ഞാന്‍ സംശയിക്കുന്നുണ്ട്. ഒരു സമൂഹജീവി എന്ന നിലയില്‍ മാത്രം. കേരളത്തിന്റെ പ്രബുദ്ധത എന്നതിനോടൊക്കെ തോന്നുന്നത് ഇപ്പോഴാണ്.

Image result for nilakkal journalist protest

വിശ്വാസം സംരക്ഷിക്കാന്‍ ആണ് ഇതൊക്കെ എന്ന അക്രമികളുടെ വാദം കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ എന്താണ് തോന്നുന്നത്?

ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരാളാണ്. പക്ഷെ യുവതികള്‍ ശബരിമലയില്‍ പോകരുത് എന്ന് പറയുന്ന വാദത്തോട് എനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം നാല്‍പ്പത്തിയൊന്ന് ദിവസത്തെ കഠിനവൃതം ഒക്കെ എടുക്കുന്ന എത്ര ആളുകള്‍ ഉണ്ട് എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ട്. മറ്റൊരുകാര്യം അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീക്ക് ആര്‍ത്തവം ഇല്ലെന്ന് ഉറപ്പിക്കാന്‍ ഇവര്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നതാണ്. യൂട്രസ് ഇല്ലാത്ത, ആര്‍ത്തവമില്ലാത്ത ട്രാന്‍സ്ജെന്ററുകളെ ഇവര്‍ അംഗീകരിക്കാന്‍ തയ്യാറാണോ? എന്നെ ആക്രമിച്ച ആള്‍ക്കൂട്ടം എന്തായാലും വിശ്വാസികള്‍ അല്ല. പിന്നെ എങ്ങനെയാണ് ചില മാധ്യമങ്ങള്‍ അയ്യപ്പഭക്തന്മാര്‍ പിടിയില്‍ എന്നും മറ്റും വാര്‍ത്തകള്‍ നല്‍കുന്നത് എന്നതും എനിക്ക് മനസ്സിലാവാത്ത കാര്യമാണ്. വിശ്വാസവും ആള്‍ക്കൂട്ട ഭീകരതയും തമ്മില്‍ വളരെ വലിയൊരു വ്യത്യാസമുണ്ട്. ഞാന്‍ അവിടെ കണ്ടത് ആള്‍ക്കൂട്ട ഭീകരതയാണ്. ദേശീയതയെന്നോ, വിശ്വാസമെന്നോ അതിനെ വിളിക്കുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. സിനിമകളില്‍ മാത്രമേ ഞാന്‍ ഇങ്ങനെ ഒക്കെ കണ്ടിരുന്നുള്ളു. പ്രതികരിക്കാനോ എതിര്‍ക്കാനോ പോലും സാധിക്കാത്ത അവസ്ഥയാണത്.

ശബരിമലയില്‍ പ്രവേശിച്ച ഓരോ വനിതാ മാധ്യമ പ്രവര്‍ത്തകരേയും തിരഞ്ഞു പിടിച്ച് അക്രമിക്കുമ്പോള്‍ അക്രമികള്‍ അവകാശപ്പെടുന്നത് വിശ്വാസികളുടെ വിശ്വാസം വൃണപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണ്, ഒരാള്‍ അവരുടെ ജോലി ചെയ്യുമ്പോള്‍ വൃണപ്പെടുന്നതാണോ വിശ്വാസികളുടെ വിശ്വാസം?

വൃണപ്പെടുന്നത് മതവികാരം മാത്രമാണ്. അപ്പോള്‍ മാത്രമാണ് ഒരു സമൂഹം ഇത്രമേല്‍ വിവേകമില്ലാതെ പ്രതികരിക്കുകയും ആള്‍ക്കൂട്ട അക്രമണം നടത്തുകയും ചെയ്യുന്നത്. അല്ലെങ്കില്‍ എന്ത് കൊണ്ട് ജിഷ കൊല്ലപ്പെട്ടപ്പോള്‍, സൗമ്യ മാരകമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ നമ്മള്‍ സ്ത്രീകളാരും തെരുവില്‍ ഇറങ്ങുകയോ പ്രതികരിക്കുകയോ ചെയ്തില്ല. മാതൃത്വത്തിന് ഇത്രമേല്‍ വില നല്‍കുന്ന, ഇന്ന് തെരുവിലിറങ്ങിയ ഈ സ്ത്രീ സമൂഹം എല്ലാം അന്ന് എവിടെയായിരുന്നു.

നൂറ് വീടുകള്‍ ഉണ്ടെങ്കില്‍ അതില്‍ തൊണ്ണുറ്റി ഏഴിടത്തും ബന്ധപ്പെടുത്താന്‍ പറ്റുന്ന കാര്യമാണ് ആ പെണ്‍കുട്ടികള്‍ അനുഭവിച്ചത്. എന്നിട്ട് എന്ത് കൊണ്ട് മാതൃത്വം വൃണപ്പെട്ടില്ല. അതിന് സാമൂഹ്യബോധം എന്ന ഒരു സാധനം വേണം. അതൊന്നും ഇല്ലാത്ത മനുഷ്യനെ ഏറ്റവും എളുപ്പത്തില്‍ തെറ്റിദ്ധരിപ്പിക്കാനും ഭിന്നിപ്പിക്കാനും കഴിയുന്ന ഒരു ഉപാധി എന്ത് കൊണ്ടും മതം തന്നെയാണ്. അതിന് ആരെയാണോ നിയോഗിച്ചിരുന്നത് അവര്‍ക്കത് വളരെ കൃത്യമായി നടപ്പിലാക്കാന്‍ സാധിച്ചു എന്നാണ് ഈ വിഷയത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.

Image result for nilakkal journalist protest

സമൂഹത്തിന് ബാധ്യതയാകുന്ന ചിലതെങ്കിലും നിര്‍മ്മിച്ചെടുക്കുന്നതില്‍ നമ്മള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. മാധ്യമപ്രവര്‍ത്തകരായ നമുക്ക് ഇത്തരം വിഷയങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും?

ഞാന്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തരുടെ ഗതികേടില്‍ നിന്നും ഉണ്ടായ ഒരു ഉത്പന്നമാണ്
രാഹുല്‍ ഈശ്വര്‍. എന്തെങ്കിലും ഒരു വിഷയം വരുമ്പോള്‍ അതിനെ ബാലന്‍സ് ചെയ്ത് സംസാരിക്കാന്‍ ഒരാള്‍ വേണമല്ലോ എന്ന തോന്നലാണ് അയാളെ പോലെ ഉള്ളവരെ നിര്‍മ്മിക്കുന്നത്. 
അയാളെ കേരള ജനത ഇങ്ങനെ തുടരെ തുടരെ കേള്‍ക്കാനായിട്ട് എന്ത് സംഭാവനയാണ് അയാള്‍ കേരള സമൂഹത്തിന് നല്‍കിയിട്ടുള്ളത്. അത്തരം ആള്‍ക്കാരെ ആഘോഷിക്കുന്നതാണ് നമ്മള്‍ മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ പരാജയം. നമ്മള്‍ എന്നതിനേക്കാള്‍ മാധ്യമ മുതലാളിമാര്‍ ആണ് ഇതിന് കുറെ കൂടി കാരണം. ജോലി ആയതുകൊണ്ടും, അന്നമായത് കൊണ്ടും സഹിക്കേണ്ടി വരുന്നവരുണ്ട്. മുതലാളിമാരെ ചോദ്യം ചെയ്യാനോ എല്ലാ കാര്യത്തിലും അവരെ എതിര്‍ക്കാനോ കഴിഞ്ഞു കൊള്ളണം എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ മാധ്യമ പ്രവര്‍ത്തക സംഘടനയോ മറ്റോ ഒന്നിച്ച് ചേര്‍ന്ന് കൂട്ടായ ഒരു തീരുമാനം എടുക്കണം. അത് കൊണ്ടൊന്നും മുതലാളിത്ത അജണ്ടകള്‍ മാറ്റാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നില്ല. എങ്കിലും, മാധ്യമങ്ങള്‍ സ്വയം ഒരു ആത്മപരിശോധന നടത്തേണ്ടത് ആവശ്യമാണ്. കാര്യങ്ങള്‍ വളച്ചൊടിച്ചുള്ള  എഴുത്തും വാര്‍ത്തകളും നാം സ്വയം തിരുത്തേണ്ടതുണ്ട്.


ശരണ്യ എം ചാരു

We use cookies to give you the best possible experience. Learn more