| Saturday, 16th November 2019, 3:29 pm

യുവതികളില്ലെന്ന് ഉറപ്പു വരുത്താന്‍ നിലയ്ക്കല്‍-പമ്പ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ വനിതാ പൊലീസിന്റെ കര്‍ശന പരിശോധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലയ്ക്കല്‍: നിലയ്ക്കല്‍-പമ്പ കെ.എസ്.ആര്‍.ടി.സി ബസില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്. യുവതികളില്ലെന്ന് ഉറപ്പുവരുത്താനാണ് നടപടി. പമ്പയില്‍ നിന്ന് യുവതികളെ തിരിച്ചയച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.

ബസുകളില്‍ കയറി സ്ത്രീകളുണ്ടോയെന്നും ഉണ്ടെങ്കില്‍ അവരുടെ ഐഡന്റി കാര്‍ഡുമാണ് പൊലീസ് പരിശോധിക്കുന്നത്. വനിതാ പൊലീസാണ് കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ കയറി പരിശോധന നടത്തുന്നത്.

ഒരു തലത്തിലും സ്ത്രീകള്‍ നിലയ്ക്കല്‍ വിട്ട് പോകരുത് എന്ന നിര്‍ദേശമാണ് പൊലീസ് നല്‍കുന്നത്. നൂറോളം വനിതാ പൊലീസുകളെ മാത്രം നിലയ്ക്കലില്‍ നിയോഗിച്ചിട്ടുണ്ട്. 4000 തീര്‍ത്ഥാടകരാണ് ആദ്യത്തെ രണ്ട് മണിക്കൂറില്‍ സന്നിധാനത്തേക്ക് എത്തിയത്.

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പോകുന്ന വാഹനങ്ങളിലെല്ലാം പൊലീസ് കയറിയിറങ്ങുകയാണ്. സ്ത്രീകള്‍ ഉണ്ടെങ്കില്‍ തിരിച്ചുപോകുക എന്ന നിര്‍ദേശമാണ് പൊലീസ് നല്‍കുന്നത്.

ഇന്ന് യാതൊരു രീതിയിലുള്ള പ്രതിഷേധമോ മറ്റോ ഇവിടെ ഉണ്ടായിട്ടില്ല. അതേസമയം പമ്പയില്‍ യുവതികളെ തടഞ്ഞത് അറിയില്ലെന്നും ക്രമസമാധാനയുമായി ബന്ധപ്പെട്ട കാര്യം പൊലീസാണ് നോക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകരെ തടയുകയോ കയറ്റുകയോ ചെയ്യുന്ന ജോലി ഒരു കാലത്തും ദേവസ്വം ബോര്‍ഡ് ചെയ്തിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.

ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശികളായ മൂന്ന് യുവതികളെയാണ് പൊലീസ് ഇന്ന് തിരിച്ചയച്ചത്. ആന്ധ്ര വിജയവാഡയില്‍ നിന്നെത്തിയ പതിനഞ്ചംഗ സംഘത്തിലെ മൂന്ന് പേരെയാണ് തിരിച്ചയച്ചത്.

പ്രായം പരിശോധിച്ച ശേഷമായിരുന്നു നടപടി. പമ്പയിലെത്തുന്ന സ്ത്രീകളുടെ ആധാര്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വനിതാ പൊലീസ് ആധാര്‍ പരിശോധിച്ചപ്പോള്‍ അതില്‍ മൂന്ന് സ്ത്രീകളുടെ പ്രായം 50 വയസിന് താഴെയാണെന്ന് മനസിലായി. ഇതോടെ ഇവരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും മറ്റുള്ളവരെ ആധാര്‍ പരിശോധിച്ച ശേഷം 50 വയസിന് മുകളില്‍ പ്രായം ഉള്ളവരെ മാത്രം കടത്തിവിടുകയുമായിരുന്നു.

സ്ത്രീകള്‍ക്കൊപ്പമുള്ള പുരുഷന്‍മാര്‍ കാര്യം തിരക്കിയപ്പോള്‍ ഇത്തരത്തിലൊരു വിലക്ക് നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ മുന്നോട്ട് പോകാന്‍ ആകില്ലെന്നും പൊലീസ് അറിയിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more