| Sunday, 25th November 2018, 11:24 am

ഞാന്‍ സംഘിയല്ല, പക്ഷെ എന്ന് പറയുന്നവരോട് രഞ്ജിത്ത് ആന്റണിക്ക് പറയാനുള്ളത്

രഞ്ജിത് ആന്റണി

ഈ ശബരിമല പ്രശ്‌നങ്ങള്‍ തുടങ്ങിയ അന്ന് തൊട്ട് ആലോചിക്കുന്നതാണ്. ഒരു പക്ഷെ കേരളത്തിലെ വേറൊരു പ്രധാന ക്ഷേത്രത്തെ സംബന്ധിച്ചായിരുന്നു ഈ വിധിയെങ്കില്‍ ഇത്ര ഒച്ചപ്പാടുണ്ടാകുമായിരുന്നൊ ?. സംശയമാണ്. ചോറ്റാനിക്കരയൊ, ഏറ്റുമാനുര്‍ ക്ഷേത്രങ്ങളിലെ സ്ത്രീപ്രവേശനം സംബന്ധിച്ചാണെങ്കില്‍ ഇത്തരം ഒരു വൈകാരികമായൊരു പ്രതികരണം ഉണ്ടാകുമായിരുന്നില്ല എന്നുറപ്പാണ്. ശബരിമല ഒരു തീര്‍ത്ഥാടകേന്ദ്രത്തേക്കാള്‍ ഉപരി പലരുടെയും കുട്ടിക്കാലത്തെ ഒരു നൊസ്റ്റാള്‍ജിക് ഓര്‍മ്മയും കൂടെയാണ്. ആ ഓര്‍മ്മയെ എഡിറ്റ് ചെയ്യാന്‍ മൂന്നാമതൊരാള്‍, അതും നോര്‍ത്തിന്‍ഡ്യന്‍ ജഡ്ജിമാര്‍ മാത്രമുള്ള ഒരു സുപ്രീം കോടതി ബഞ്ച്, ശ്രമിച്ചതിന്റെ വൈകാരിക പ്രകടനമാണ് ശബരിമല വിഷയം എന്നാണ് എന്റെ വിലയിരുത്തല്‍.

ആ വൈകാരിക പ്രതികരണങ്ങളുടെ ആവശ്യമുണ്ടൊ എന്നുള്ളത് അവിടെ നിക്കട്ടെ. പക്ഷെ ഒരു ജനാധിപത്യത്തില്‍ ഇത്തരത്തിലുള്ള അകാരണമായ വൈകാരിക പ്രകടനങ്ങളും പരാതികളും ശ്രവിക്കാനും നമുക്ക് ബാദ്ധ്യതയുണ്ട്. അതിനാല്‍ തുടക്കത്തില്‍; നാമജപം എന്ന നിരുദ്രപരമായ ഒരു സമരമുറയുമായി ഭക്തര്‍ ഇറങ്ങിയപ്പോള്‍, തമാശ തോന്നിയെങ്കിലും, ആ സമരത്തിനും ഈ ജനാധിപത്യത്തില്‍ ഒരു സ്‌പേസ് ഉണ്ടെന്ന് തന്നെയാണ് വിശ്വസിച്ചിരുന്നത്. ഇതില്‍ രാഷ്ട്രീയമില്ല, മുല്ലപ്പൂ വിപ്ലവം പോലെ നേതൃത്വമില്ലാത്ത സംഘടിത ഘടനയൊന്നുമില്ലാത്ത ഭക്തരുടെ സമരം മാത്രമാണെന്ന പല സുഹൃത്തുക്കളുടെ വാദത്തോടും വിയോജിപ്പുകളോടെ സമരസപ്പെട്ടു.

Read  Also : ശബ്ദമില്ലാത്ത ശോഭാ സുരേന്ദ്രനെപ്പറ്റി കേരളത്തിലെ സ്ത്രീജനങ്ങള്‍ക്ക് ഒരു തുറന്ന കത്ത്

ഈ സീനിലേയ്ക്കാണ് ബി.ജെ.പിയും, ആര്‍.എസ്.എസ്സും ഇതര സംഘപരിവാര്‍ സംഘടനകളും ഇറങ്ങുന്നത്. അതു വരെ സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്ത ടീമുകളാണെന്ന് ഓര്‍ക്കണം. പിന്നെ ഒരു രണ്ടാഴ്ചക്കാലത്തോളം പാവം ഭക്തരെ പൊട്ടരാക്കാന്‍ അവര്‍ വിജയിച്ചു എന്നത് സത്യമാണ്. സത്രീകള്‍ വരെ നിലയ്ക്കലില്‍ വണ്ടികള്‍ തടഞ്ഞ് പരിശോധന നടത്താന്‍ ഇവരുടെ ഒപ്പം കൂടിയെന്നത് തന്നെ ബി.ജെ.പി ആരംഭഘട്ടത്തില്‍ വിജയിച്ചു എന്നതിന് തെളിവാണ്.

Image result for sabarimala

ആദ്യം 1500 പേരുമൊക്കെയായി സന്നിധാനത്ത് എത്തിയവര്‍ ഇന്നലെയും, മിനിഞ്ഞാന്നും നാലാം നാളുമൊക്കെ 70, 20 പേരൊക്കെയായി കുറഞ്ഞിട്ടുണ്ട്. ആളെ കിട്ടാതെ ഓരോ ദിവസത്തെ ക്വട്ടേഷന്‍ ജില്ല തോറുമുള്ള ഘടകങ്ങള്‍ക്ക് വീതിച്ചു കൊടുക്കുന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ട്. പോലീസിന്റെ അസാമാന്യ സംയമനവും ബി.ജെ.പി യെ ഞെട്ടിച്ചു. ഒരു വര്‍ഗ്ഗീയ കലാപത്തിന് തിരി കൊളുത്താമെന്ന ബി.ജെ.പിയുടെ ആഗ്രഹമാണ് നടക്കാതെ പോകുന്നത്.

ഇപ്പോള്‍ പോലീസു തടയുന്നതും, അറസ്റ്റിലാവുന്നതും കലാപമുണ്ടാക്കാന്‍ എത്തുന്ന ക്രിമിനിലകുളാണെന്ന് കേരളത്തില്‍ ജനം ടി.വി കാണാത്ത അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ട്. അല്ലാതെ സാദാ ഭക്തര്‍ക്ക് ശബരിമലയില്‍ കയറാനൊ അയ്യപ്പനെ കാണാനൊ തൊഴാനൊ ബുദ്ധിമുട്ടുകളൊന്നുമില്ല എന്നത് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ശബരിമലയില്‍ പോലീസിന്റെ നര നായാട്ടാണ് നടക്കുന്നതെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം നിഷ്‌കളങ്കരുണ്ട്. ഇവരാണ്, “ഞാന്‍ സംഘിയല്ല … പക്ഷെ” ഗ്രൂപ്. ഞാന്‍ മനസ്സിലാക്കിയടത്തോളം ഇവരുടെ അടിസ്ഥാന പ്രശ്‌നം ശബരിമലയിലെ സ്ത്രീ പ്രവേശനം ഒന്നുമല്ല. അവരെ നയിക്കുന്നത് രണ്ട് നുണകളാണ്. 1. ഹിന്ദുക്കള്‍ അമ്പലത്തില്‍ നിക്ഷേപിക്കുന്ന സംഭാവന ഗവണ്മെന്റ് വഴി മാറ്റി ചിലവാക്കുന്നു. മറ്റ് മതസ്ഥരുടെ പെന്‍ഷനുകള്‍ പോലും ഹിന്ദുവിന്റെ സംഭാവനയാണ് എന്ന് അവര്‍ വിശ്വസിക്കുന്നു. 2. ഹിന്ദു സമൂഹത്തെ ഗവണ്മെന്റ് തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നു. ഹിന്ദുക്കള്‍ കേരളത്തില്‍ മൈനോറിറ്റി ആയതു കൊണ്ട് അവരുടെ ശബ്ദങ്ങള്‍ ആരും കേള്‍ക്കുന്നില്ല.

ഈ നിഷ്‌കളങ്ക ഗ്രൂപ്പിനോടാണ് എനിക്ക് പറയാനുള്ളത്.

നിങ്ങള്‍ അംഗമായ എല്ലാ അമ്പലം, ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തു കടക്കുക. ജനം ടി.വി കാഴ്ച നിര്‍ത്തുക. ജനം ടി.വി യുടെ ലോഗൊ അടിച്ച മീമുകള്‍ കാണാതിരിക്കുക. ഒരു രണ്ട് മാസം കൊണ്ട് നിങ്ങള്‍ക്ക് സത്യം ബോദ്ധ്യപ്പെടും. നിങ്ങള്‍ വിശ്വസിക്കുന്ന ഈ നുണകള്‍ പല പ്രാവശ്യം പല സന്ദര്‍ഭത്തില്‍ രേഖാ മൂലം പൊളിച്ച ഒരു നുണകളാണ്. ഏകദേശം 10 കൊല്ലം മുന്നെ തന്നെ ഈ നുണകളുടെ അടിത്തറ ഇളകി തുടങ്ങിയിരുന്നു. ഈ നുണകള്‍ പ്രചരിപ്പിച്ചിരുന്ന ശശികല പോലും ഇപ്പോള്‍ ഒരു പ്രസംഗത്തില്‍ പോലും ഈ നുണകള്‍ ആവര്‍ത്തിക്കുന്നില്ല. അവര്‍ക്ക് പോലും മടുത്തു. അപ്പഴും നിങ്ങള്‍ മാത്രം ഈ നുണകള്‍ ആവര്‍ത്തിക്കുന്നെങ്കില്‍ ഇത്രകാലം ഗുഹകളിലൊ, കല്ലിനടിയിലൊ ആയിരുന്നു താമസം എന്ന് അനുമാനിക്കണ്ടി വരും.

അമ്പലം ഫാമിലി ഗ്രൂപ്പുകളില്‍ നിന്ന് പുറത്തിറങ്ങി ജനം ടി.വി കാഴ്ചയും നിര്‍ത്തിയതിനു ശേഷം ചുറ്റും നോക്കുക. ഈ ശബരിമല പ്രശ്‌നത്തെ ഗവണ്മെന്റ് നേരിട്ട രീതികള്‍ കൃത്യമായി അപഗ്രഥിക്കുക. ഒരു കാര്യം ഉടനെ മനസ്സിലാകും. നിങ്ങള്‍ വിശ്വസിക്കുന്നത് പോലെ പ്രകോപനപരമായ പ്രസ്താവനകളൊ, ഹിന്ദുവിനെ ഒറ്റപ്പെടുത്തുന്ന ഒരു വാക്കൊ പ്രവൃത്തിയൊ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

മറിച്ച് ജില്ല തിരിച്ച് വിശദീകരണ യോഗങ്ങളും, പഠനങ്ങളും സിമ്പോസിയങ്ങളും ഒരുക്കിയാണ് നിങ്ങളുടെ നുണകളെ നേരിട്ടത്. നവോത്ഥാന ചരിത്രത്തെയും, കേരള ചരിത്രത്തെയും പുനര്‍വായിക്കുകയും, പുനര്‍ ചിന്തനത്തിന് വിധേയമാക്കുകയും ചെയ്യുന്ന പഠന രീതികളാണ് ഗവണ്മെന്റ് അവലംബിച്ചത്. നവോത്ഥാന മൂവ്‌മെന്റിന്റെ വെളിച്ചത്തില്‍ കേരള ചരിത്രം പഠിപ്പിക്കാനുള്ള ഒരു ലേണിങ് ഓപ്പര്‍ച്ച്യൂണിറ്റി ആയാണ് ഗവണ്മെന്റ് ഈ സമരം കണ്ടത്.

അറിയാം, ഇത്തരം ഒരു തുറന്ന് സമീപനത്തിന് മനസ്സൊരുക്കാന്‍ നിങ്ങള്‍ ശരിക്കും ബുദ്ധിമുട്ടും. പക്ഷെ ഒരു കാര്യം മനസ്സിലാക്കണം. കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും അറിവിന്റെ ഒരു തുറവാണ് ഈ അവസരം നല്‍കിയത്. ഇളംകുളം എഴുതിയ കേരള ചരിത്രം (എന്ന ഫിക്ഷന്‍) പഠിച്ച് പ്രായപൂര്‍ത്തിയായവര്‍ക്ക് കേരളത്തിന്റെ സമീപകാല ചരിത്രം നവോത്ഥാന പ്രസ്ഥാനത്തിന്റെ പുതിയ കണ്ണുകളിലൂടെ അറിയാന്‍ പറ്റി. പലരും വിസ്മരിച്ചിരുരന്ന കേരള ചരിത്രത്തിലെ ദീപ്തമായ മുഹൂര്‍ത്തങ്ങളായ ക്ഷേത്ര പ്രവേശന വിളംബരവും, വൈക്കം സത്യാഗ്രഹവും, ചാന്നാര്‍ ലഹളയും, പഞ്ചമിയുടെ സ്‌കൂള്‍ പ്രവേനവുമൊക്കെ ശബരിമല വിഷയത്തിന്റെ കോണ്ടക്സ്റ്റില്‍ അവര്‍ മനസ്സിലാക്കി. ഒരു പക്ഷെ ചരിത്രത്തില്‍ ഈ മുഹൂര്‍ത്തങ്ങളിലൂടെ സഞ്ചരിച്ചവരുടെ അതേ വികാരത്തോടെ റിലേറ്റ് ചെയ്യാന്‍ ഇവര്‍ക്ക് പറ്റി.

ഇതോടൊപ്പം, കേരളത്തിലെ ബുദ്ധി ജീവി സര്‍ക്കിളില്‍ മാത്രം അറിയപ്പെട്ടിരുന്ന സുനില്‍ ഇളയടവും, സണ്ണി കപിക്കാടും, ശ്രീ ചിത്രനും ഒക്കെ ഇന്ന് സാധാരണക്കാര്‍ ശ്രദ്ധിക്കുന്ന താരങ്ങളുമായി മാറി. സുനില്‍ മാഷിന്റെ ഒരു വീഡിയോയ്ക്ക് രണ്ട് ദിവസം കൊണ്ട് ലഭിച്ചത് 1.2 മില്യണ് വ്യൂസ് ആണ്. അതില്‍ ഒരു പത്തു ശതമാനം പേരെങ്കിലും ഈ വിഷയങ്ങള്‍ മനസ്സിലാക്കിയിരിക്കും എന്നാണ് എന്റെ ഒരു അനുമാനം.

Image result for sabarimala police

പറഞ്ഞ് വന്നത്, പ്രിയ “ഞാന്‍ സംഘിയല്ല .. പക്ഷെ” സഹോദരീ/സഹോദരന്‍മ്മാരെ, കേരളം നിങ്ങളെ കടന്ന് കുറച്ചൂടെ വര്‍ഷങ്ങള്‍ ഈ രണ്ട് മാസം കൊണ്ട് സഞ്ചരിച്ചു കഴിഞ്ഞു. ഇനിയെങ്കിലും നിങ്ങള്‍ വിശ്വസിക്കുന്ന നുണകളില്‍ നിന്ന് രക്ഷപെട്ടില്ലെങ്കില്‍ പുതിയ കേരളത്തോടൊപ്പം എത്താന്‍ അനേക കാതം ഓടണ്ടി വരും.

നന്ദി
രഞ്ജിത് ആന്റണി

രഞ്ജിത് ആന്റണി

We use cookies to give you the best possible experience. Learn more