'രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ഇത്; കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധം'; ശബരിമല നിലപാടില്‍ സര്‍ക്കാരിനെതിരെ പുന്നല ശ്രീകുമാര്‍
തിരുവനന്തപുരം: ശബരിമലയില്‍ തത്ക്കാലം സ്ത്രീ പ്രവേശനം വേണ്ടെന്ന സര്‍ക്കാരിന്റേയും സി.പി.ഐ.എമ്മിന്റേയും തീരുമാനത്തിനെതിരെ നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍.
രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ഇതെന്ന് പുന്നല പറഞ്ഞു. സര്‍ക്കാരിന്റേയും സി.പി.ഐ.എമ്മിന്റേയും നയവ്യതിയാനം നവോത്ഥാന സമിതിയെ ദുര്‍ബലപ്പെടുത്തുമെന്നും ശബരിമലയില്‍ പോകണമെന്നുള്ള സ്ത്രീകള്‍ കോടതി ഉത്തരവുമായി വരണമെന്നുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ദേവസ്വം മന്ത്രിയുടെ പരാമര്‍ശം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. നവംബറില്‍ കേസ് പരിഗണിക്കുമ്പോള്‍ തന്നെ കോടതി സ്‌റ്റേ ഇല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ വിധി പ്രസ്താവത്തിലും നിലവിലുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധിയില്‍ സ്റ്റേ ഇല്ല എന്ന കാര്യം നിലനില്‍ക്കെ ഭരണഘടന പദവി വഹിക്കുന്ന ഒരു ഭരണാധികാരി ഇപ്പോള്‍ നടത്തിയിരിക്കുന്ന പരാമര്‍ശം ഭരണാഘടനാ വിരുദ്ധവും നിയവിരുദ്ധവുമാണ്. ശബരിമലയില്‍ കയറണമെങ്കില്‍ സ്ത്രീകള്‍ പ്രത്യേക ഉത്തരവുമായി വരണമെന്ന പരാമര്‍ശം ഗൗരവമാണെന്നും പുന്നല പറഞ്ഞു.
2007 ല്‍ വി.എസ് ഗവര്‍മെന്റും അതിന് ശേഷം പിണറായി സര്‍ക്കാരും സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യാവാങ്മൂലം യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലയിലായിരുന്നു. ഇപ്പോള്‍ സാങ്കേതികമായി അഞ്ചംഗ ബെഞ്ചിലെ ഒരു ഭൂരിപക്ഷ വിധി പ്രസ്താവം വന്നപ്പോള്‍ പുനപരിശോധനാ ഹരജികള്‍ തന്നെ വിശാലമായ ബെഞ്ചിന് വിടുന്നതിനെ കുറിച്ച് തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് നമ്മള്‍ ഇതൊക്കെ ചര്‍ച്ച ചെയ്യുന്നത്.
അങ്ങനെയൊരു ഘട്ടത്തില്‍ ഇത്തരത്തിലൊരു സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള രാഷ്ട്രീയനേതൃത്വം ഇപ്പോള്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തുന്നത് യു.ഡി.എഫ് ഉന്നയിക്കുന്ന ആക്ഷേപത്തെ ശരിവെക്കുന്ന നിലയിലാണ്. പൊതുവില്‍ പറഞ്ഞാല്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി സര്‍ക്കാരും പാര്‍ട്ടിയും പുലര്‍ത്തുന്നു എന്നാണ് എന്റെ അഭിപ്രായം.
പുനപരിശോധനാ ഹരജികളിലെ പരിഗണനാ വിഷയം വിശാല ബെഞ്ചിലേക്ക് വിട്ടതിലൂടെ സ്റ്റേ നിലവിലുള്ള സാഹചര്യമായി കണക്കാക്കാമെന്നാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ഇതിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന്
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിലൊക്കെ സാമാന്യയുക്തിയാണ് സൂചിപ്പിക്കുന്നതെന്നും വിശാലബെഞ്ചിലേക്ക് പോകുമ്പോഴുള്ള അവരുടെ കാഴ്ചപ്പാടാണ് പുറത്തുവരുന്നതെന്നും പുന്നല പറഞ്ഞു. അഞ്ചംഗ ബെഞ്ചിന്‍മേലുള്ള വിധി പ്രസ്താവത്തിന് മേല്‍ നവംബറില്‍ തന്നെ കോടതി വളരെ വ്യക്തമായി ഡിക്ലറേഷന്‍ വന്നിട്ടുണ്ട്. ഇപ്പോഴുള്ള വിധി പ്രസ്താവത്തിലും സ്റ്റേ ഇല്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള വിലയിരുത്തല്‍ അത് ശരിയല്ലെന്നാണ് എന്റെ പക്ഷം.
നവോത്ഥാന മൂല്യ സംരക്ഷണവുമായി മുന്നോട്ട് പോകുമ്പോള്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിച്ചിട്ടുള്ള പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ഇത്തരം നയവ്യതിയാനങ്ങള്‍ ഇതിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തും. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ അടക്കം ഇതില്‍ ആശയവ്യക്തത വരുത്തേണ്ടതുണ്ട്.
വിശ്വാസസമൂഹത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കും എന്ന് പറഞ്ഞാല്‍ നമുക്ക് ബോധ്യപ്പെടുമായിരുന്നു. അല്ലെങ്കില്‍ യുവതീ പ്രവേശനത്തിന് മുന്‍കൈ എടുക്കില്ലെന്ന് പറഞ്ഞാലും അത് ബോധ്യമാകും. എന്നാല്‍ നിലവില്‍ ഒരു ഉത്തരവ് എഫക്ടില്‍ ഉണ്ടായിരിക്കെ അന്തിമ വിധി വരുന്നത് വരെ യുവതീ പ്രവേശനം വേണ്ട എന്ന പ്രഖ്യാപനം അത് ഒരു വിഭാഗത്തെ കൂടെ നിര്‍ത്തുന്നതിന് വേണ്ടിയുള്ള വ്യഗ്രതയായിട്ടാണ് മനസിലാക്കുന്നത്. അത് ആശയവ്യതിയാനാണ്. സത്യവാങ്മൂലത്തില്‍ നിന്നുള്ള വ്യതിയാനമാണ്. അത് പരിശോധിക്കേണ്ടതാണ്. – പുന്നല പറഞ്ഞു.