എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് ശബരിമല സന്ദര്‍ശിക്കാമെന്ന സുപ്രീം കോടതിവിധി വന്നതിനു ശേഷം വിശ്വാസത്തെ ആയുധമാക്കി തീവ്ര ഹിന്ദുത്വ സംഘടനകളും സംഘപരിവാര്‍ സംഘടനകളും കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. തുലാമാസ പൂജയ്ക്ക് ശബരിമല നടതുറന്ന അന്നുമുതല്‍ നിലയ്ക്കല്‍ തൊട്ട് പമ്പ വരേയും സന്നിധാനം വരേയും ഇവര്‍ വന്‍തോതിലുള്ള ആക്രമണം അഴിച്ചുവിട്ടു.
ബി.ജെ.പി, ആര്‍.എസ്.എസ്, സംഘപരിവാര്‍ എന്നീ സംഘടനകളും പന്തളം മുന്‍രാജ കാട്ടാരവും തന്ത്രി സമൂഹവുമാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ശബരിമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ വിശ്വാസികളെവരെ ഇവര്‍ ആക്രമിച്ചു. ദര്‍ശനത്തിനെത്തിയ സ്ത്രീകളെ തെറി വിളിച്ചും ശാരീരികമായി ആക്രമിച്ചും കലാപാന്തരീക്ഷം സൃഷ്ടിച്ചു.
മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ശബരിമലയുടെ യഥാര്‍ത്ഥ അവകാശികളായ മലഅരയര്‍ ശബരിമല അടക്കമുള്ള 18 മലകളിലെ അവകാശം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തുന്നത്. 1954ല്‍ പൂര്‍ണമായി ശബരിമലയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മലഅരയ സമുദായം അവരുടെ ഭൂമിക്കും വിഭവങ്ങള്‍ക്കും ക്ഷേത്രസ്വത്തിനും വേണ്ടിയുള്ള അവകാശം ഉന്നയിച്ചു.
ഇത് തന്ത്രി സമൂഹവും പന്തളം മുന്‍രാജകുടുംബവും സംഘപരിവാര്‍ സംഘടനകളും എതിര്‍ത്തുകൊണ്ടേയിരുന്നു. ശബരിമലയിലെ യഥാര്‍ത്ഥ അവകാശികളായ മലഅരയരുടെ കയ്യില്‍നിന്നും പന്തളം മുന്‍രാജ കൊട്ടാരവും ദേവസ്വംബോര്‍ഡും സവര്‍ണ സമുദായങ്ങളും ശബരിമല തട്ടിയെടുക്കുകയായിരുന്നുവെന്ന് ശബരിമല അയ്യപ്പന്റെ അമ്മാവന്‍ സ്ഥാനീയരുടെ ആറാം തലമുറയില്‍പെട്ട പി.ആര്‍ പൊന്നപ്പന്‍ പറയുന്നു.
ഒരുകാലത്ത് സ്ത്രീകളോടൊപ്പം കുടുംബമായി ശബരിമല അടക്കമുള്ള 18 മലകളില്‍ കഴിഞ്ഞിരുന്ന മലഅരയരെ ഇവര്‍ അടിച്ചോടിക്കുകയായിരുന്നു. അന്ന് ആര്‍ത്തവമുള്ള സ്ത്രീകളും സന്നിധാനത്ത് കഴിഞ്ഞിരുന്നു. സ്ത്രീകളുടെ ആര്‍ത്തവത്തിന്റെ പേരില്‍ കലാപമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും പൊന്നപ്പന്‍ പറയുന്നു. ആര്യ സമൂഹം എഴുതിയ ചരിത്രം അവരുടെതാണെന്നും ആദിവാസികളുടെ ചരിത്രം മൂടപ്പെട്ടതാണെന്നും ഇദ്ദേഹം പറയുന്നു.
