തിരുവനന്തപുരം: ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തോര വേള തടസ്സപ്പെടുത്തി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളി തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെയാണ് മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷ എം.എല്‍.എമാര്‍ നടുത്തളത്തിലിറങ്ങിയത്.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കുന്നതെന്നും ദയവായി ശാന്തരാകണമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും കൂട്ടാക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല.
ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കുക, പൊലീസ് രാജ് അവസാനിപ്പിക്കുക എന്നീ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്.
9 മണിക്ക് ചോദ്യോത്തര വേള തുടങ്ങിയത് മുതലേ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. നിങ്ങളുടെ ആവശ്യം ശൂന്യവേളയില്‍ ചര്‍ച്ചയ്‌ക്കെടുക്കാം എന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും അതിനും ചെവികൊള്ളാന്‍ പ്രതിപക്ഷ അംഗങ്ങള്‍ തയ്യാറായില്ല.
എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം വകവെക്കാതെയാണ് പ്രളയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറപടി നല്‍കിയത്.
അതേസമയം ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ സൂചനയുമായി കറുപ്പണിഞ്ഞ് കൊണ്ടാണ് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാലനും പി. സി. ജോര്‍ജ് എം.എല്‍.എയും നിയമസഭയിലെത്തിയത്.
അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമെന്ന് പി. സി. ജോര്‍ജ് പ്രതികരിച്ചു. ഇന്നു മുതല്‍ നിയമസഭയില്‍ ബി.ജെ.പിക്ക് ഒപ്പമാണെന്നും പി. സി. ജോര്‍ജ് വ്യക്തമാക്കി.