ശബരിമല പ്രശ്‌നത്തില്‍ പിണറായി വിജയന്‍ ചെയ്താണ് ശരി: സന്തോഷ് ഏച്ചിക്കാനം
Kairali International Cultural Festival
ശബരിമല പ്രശ്‌നത്തില്‍ പിണറായി വിജയന്‍ ചെയ്താണ് ശരി: സന്തോഷ് ഏച്ചിക്കാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th January 2019, 10:12 pm

കണ്ണൂര്‍: ശബരിമല പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്താണ് ശരിയെന്ന് എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം. ആത്മീയ ദാരിദ്ര്യം ബാധിച്ച ജനതയാണു കേരളത്തിലേത്. അവരെ ഹൈജാക്ക് ചെയ്യുക എളുപ്പമാണ്. ശബരിമലയില്‍ ബി.എസ്.എന്‍.എലിനെ നോക്കി താന്‍ ശരണംവിളിച്ചപ്പോള്‍ 30 പേര്‍ അതു പിന്തുടര്‍ന്നുവെന്നും സന്തോഷ് എച്ചിക്കാനം പറഞ്ഞു. കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച എന്റെ കഥ എന്റെ സ്വാതന്ത്ര്യം സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതവും മുതലാളിത്തവും ഏകാധിപത്യത്തിന്റെ രണ്ടു കൈകളായി പ്രവര്‍ത്തിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ അംബാനി സ്വാധീനം ചെലുത്തുന്നത് അതിനാലാണ്. ഇക്കാലത്ത് എഴുത്തിലൂടെ സ്വതന്ത്രമാവുക നിസ്സാര കാര്യമല്ല. ചിന്തിക്കുന്നതു പോലും പ്രസക്തമായ കാലമാണിത്. അതിനാല്‍ നട്ടെല്ലിന് ഉറപ്പുള്ളവര്‍ മാത്രം എഴുത്തിലേക്കു വന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥാ സാഹചര്യം മായികമായി നമ്മെ ചുറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. എന്നെ തല്ലിക്കൊല്ലുകയാണെങ്കിലും കഥകള്‍ എഴുതും. ഞാന്‍ കണ്ട കഥാപാത്രങ്ങള്‍ കഥയില്‍ വരും. മനപൂര്‍വം കഥാപാത്രത്തെ മുസ്‌ലിമാക്കി മാറ്റിയതല്ലെന്ന് ബിരിയാണി കഥയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. പത്താം ക്ലാസില്‍ വീട്ടില്‍ നിന്നു സ്വതന്ത്രനായവനാണ് ഞാന്‍. എല്ലായ്‌പ്പോഴും പൂര്‍ണസ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. എനിക്കു പറയാനുള്ളത് ഞാന്‍ പറയും. കഥയും കവിതയും ഉള്ളില്‍ കയറിവരുമ്പോള്‍ അത് ആവിഷ്‌കരിച്ചേ തീരൂ. ഒന്നിലും ഇടപെടാത്ത എഴുത്തുകാരാണ് ഏറ്റവും അപകടകാരികളെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.

പന്തിഭോജനം കഥയുമായി ബന്ധപ്പെട്ട് കേസ് നടന്നുവരുകയാണ്. ദലിതര്‍ സ്വത്വം മറന്ന് സവര്‍ണരാവാന്‍ ശ്രമിക്കുന്നതിനെയാണ് അതില്‍ വിമര്‍ശിച്ചത്. അതു ദലിത് വിരുദ്ധമല്ലെന്നു കോടതിക്കു ബോധ്യമായതിനാലാണ് തനിക്കു ജാമ്യം ലഭിച്ചത്. മീശയുടെ കഥാകാരനായ ഹരീഷിനു തനിക്കു പറയാനുള്ളത് ജനക്കൂട്ടത്തോട് വിളിച്ചുപറയാനുള്ള ഉത്തരവാദിത്തമുണ്ട്. താന്‍ അമ്പലത്തില്‍ കാശു കൊടുക്കാറില്ല, ദൈവം നമുക്കാണ് കാശു തരേണ്ടത് എന്നു വിശ്വസിക്കുന്നയാളാണ്. ഒരാള്‍ക്കു സമാധാനം ലഭിക്കുമെങ്കില്‍ മുത്തപ്പന്റെയോ വീരപ്പന്റെയോ അമൃതാനന്ദമയിയുടെയോ അടുത്തേക്കു പോവുന്നതില്‍ പോലും കുഴപ്പമില്ല. എന്നാല്‍ അവിടേക്കു പോവാതിരിക്കാനും അവയില്‍ വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യവും വ്യക്തിക്കുണ്ട്. സന്തോഷ് ഏച്ചിക്കാനംപറഞ്ഞു.