| Tuesday, 25th December 2018, 8:50 am

നാമജപത്തിന് സ്ത്രീകളെ നിര്‍ബന്ധിച്ച് തെരുവിലിറക്കുന്നു: ന്യൂനപക്ഷമോര്‍ച്ച ജില്ലാ സെക്രട്ടറി ബി.ജെ.പി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമല വിഷയത്തിലെ നിലപാടിനെ ചൊല്ലി ബി.ജെ.പിയില്‍ രാജി തുടരുന്നു. പത്തനംതിട്ട യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാമിന്റെ രാജിക്ക് പിന്നാലെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷീല വര്‍ഗീസും ബി.ജെ.പി ബന്ധം ഉപേക്ഷിച്ചു. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് തെരുവില്‍ ഇറക്കുന്നതിലും ന്യൂനപക്ഷങ്ങളോടുളള ബി.ജെ.പിയുടെ അവഗണനയിലും പ്രതിഷേധിച്ചാണ് രാജി.

ബി.ജെ.പി വിട്ടതിന് പിന്നാലെ ഷീല വര്‍ഗീസ് സി.പി.ഐ.എമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചതായാണ് സൂചന. 16 വര്‍ഷമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്ന ഷീല മൂന്നു വര്‍ഷം മുമ്പാണ് ന്യൂനപക്ഷ മോര്‍ച്ച ജില്ല സെക്രട്ടറി ആയത്.

Read Also : കുമ്മനം തിരിച്ചുവരണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു: ബി.ജെ.പി വക്താവ്

ബി.ജെ.പിയുടെ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. നാമജപം മാത്രമേയുളളൂ. ഞങ്ങളെയെല്ലാം നിര്‍ബന്ധിച്ച് തെരുവില്‍ ഇറക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം തരാന്‍ ബി.ജെ.പിക്ക് ഒരിക്കലും കഴിയില്ലെന്ന് ബോധ്യപ്പെട്ടെന്നും ഷീല വ്യക്തമാക്കി.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിടുന്നവരുടെ എണ്ണം കൂടിയതോടെ ബി.ജെ.പി കുരുക്കിലായിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാര്‍, പത്തനംതിട്ട യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സിബി സാം തോട്ടത്തില്‍ എന്നിവരാണ് നേരത്തെ രാജിവെച്ചവര്‍. ഇനി മുതല്‍ സി.പി.ഐ.എമ്മുമായി സഹകരിക്കുമെന്ന് സിബി സാം തോട്ടത്തില്‍ അറിയിച്ചിരുന്നു. ന്യൂനപക്ഷ ദളിത് വേട്ടയാണ് ബി.ജെ.പിയുടെ പ്രധാന അജണ്ടയെന്ന് ആരോപിച്ചായിരുന്നു സിബിയുടെ രാജി.

ശബരിമല വിഷയത്തില്‍ ബി.ജെ.പി സ്വീകരിക്കുന്ന നിലപാടില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ നാലുപേര്‍ സി.പി.ഐ.എമ്മിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചത്.

We use cookies to give you the best possible experience. Learn more