| Tuesday, 23rd October 2018, 12:10 pm

ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ മാത്രം സ്വത്താണ് അതില്‍ പന്തളം രാജകുടുംബത്തിനെന്നല്ല ആര്‍ക്കും അവകാശമില്ല: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ മാത്രം സ്വത്താണെന്നും അതില്‍ മറ്റൊരാള്‍ക്കും ഒരു അവകാശവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കഴിഞ്ഞ 2 വര്‍ഷമായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കാനായി സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചത് 302. 18 കോടി രൂപയാണ്. ചില പ്രചരണം കണ്ടതുകൊണ്ട് മാത്രമാണ് ഇത് പറയുന്നത്.

ചിലര്‍ പറയുന്നത് ദേവസ്വം ബോര്‍ഡിന്റെ പണം സര്‍ക്കാര്‍ എടുക്കുന്നു എന്നാണ്. ദേവസ്വം ബോര്‍ഡിന്റെ ചില്ലിക്കാശ് സര്‍ക്കാര്‍ എടുക്കുന്നില്ല. പ്രചരണം നടത്തുന്നവര്‍ക്ക് അതറിയാം. എങ്കിലും പറയുകയാണ്.


ശബരിമലയില്‍ നടന്നത് കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത ഗൂഢാലോചന: കാര്യകാരണം നിരത്തി മുഖ്യമന്ത്രി


ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. അതില്‍ മറ്റൊരാള്‍ക്കും അവകാശമില്ല. ഇത് എല്ലാവരും ഉള്‍ക്കൊള്ളണം. 1949 ല്‍ കരാര്‍ ഉണ്ടാക്കുമ്പോള്‍ തിരുവിതംകൂര്‍ രാജാവും കൊച്ചി രാജാവും കേന്ദ്രത്തെ പ്രതിനിധീകരിച്ച് വി.പി മേനോനുമായിരുന്നു ഉണ്ടായിരുന്നത്.

രണ്ട് കാര്യങ്ങളാണ് ആ കരാറില്‍ ഉണ്ടായിരുന്നത്. തിരുവിതാംകൂറും കൊച്ചിയും ലയിച്ച് ഒന്നാവുന്ന കാര്യവും മറ്റൊന്ന് തിരുവിതാംകൂറിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലും കൊച്ചിയിലേത് കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴില്‍ കൊണ്ടുവരാനുള്ള തീരുമാനവുമായിരുന്നു.

ഇതില്‍ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല. കാരണം തിരുവിതാംകൂറിന് നേരത്തെ തന്നെ പന്തളം രാജ്യവും രാജ്യാധികാരവും അടിയറവ് വെച്ചിരുന്നു. പന്തളം രാജ്യവും എല്ലാ വിധ ആദായങ്ങളും ശബരിമല ക്ഷേത്രത്തിലെ നട വരവ് സഹിതം തിരുവിതാംകൂറിന് വിട്ടുകൊടുത്തിരുന്നു.
അങ്ങനെ പരിശോധിച്ചാല്‍ ഇത്തരം അധികാരങ്ങള്‍ പണ്ടുമുതല്‍ തന്നെ ഇല്ലാതായതായി കാണാന്‍ കഴിയും.

അതോടുകൂടി ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലായി തീര്‍ന്നിരുന്നു. പിന്നീടാണ് ഐക്യ കേരളം രൂപപ്പെടുന്നത്. അതോടെ അത് കേരളത്തിന്റെ സ്വത്തായി. പിന്നീട് ഹിന്ദു ക്ഷേത്രങ്ങള്‍ പിടിക്കാന്‍ ദേവസ്വം ബോര്‍ഡ് എന്ന സ്വതന്ത്ര ബോര്‍ഡുണ്ടായി. അക്കാലം മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍- പിണറായി പറയുന്നു.

ശബരിമലയെ അക്രമികളുടെ കേന്ദ്രമാക്കാമെന്നാണ് ചിലര്‍ കരുതിയിരിക്കുന്നത്. ശബരിമലയെ മുന്‍നിര്‍ത്തി നേട്ടം കൊയ്യാമെന്നാണ് ബി.ജെ.പിയും കോണ്‍ഗ്രസും കരുതുന്നത്. ആ ശ്രമം വിലപ്പോവില്ല- പിണറായി പറഞ്ഞു.

We use cookies to give you the best possible experience. Learn more