കെ.സുരേന്ദ്രന്‍ എട്ട് ലക്ഷം വോട്ട് നേടും: ശബരിമല പറഞ്ഞുതന്നെ വോട്ട് പിടിക്കുമെന്നും ടി.പി സെന്‍കുമാര്‍
D' Election 2019
കെ.സുരേന്ദ്രന്‍ എട്ട് ലക്ഷം വോട്ട് നേടും: ശബരിമല പറഞ്ഞുതന്നെ വോട്ട് പിടിക്കുമെന്നും ടി.പി സെന്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th April 2019, 2:05 pm

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ എട്ട് ലക്ഷം വോട്ട് നേടുമെന്ന് മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി സെന്‍കുമാര്‍. ശബരിമല പറഞ്ഞുതന്നെ വോട്ട് പിടിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

ശബരിമലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് സാധ്യമായ കാര്യമല്ല. ശബരിമല ചര്‍ച്ച ചെയ്യുകതന്നെ ചെയ്യും. കര്‍മ്മസമിതി ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചതില്‍ യാതൊരു ചട്ടലംഘനവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വിഭാഗങ്ങളോട് എന്തിനാണ് സര്‍ക്കാര്‍ ഇത്ര ധാര്‍ഷ്ട്യം കാണിക്കുന്നതെന്നും കേരളത്തില്‍ പ്രീണന രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കും ഈ തിരഞ്ഞെടുപ്പോടെ ഉണ്ടാകുകയെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മതം പറഞ്ഞോ ജാതി പറഞ്ഞോ വോട്ട് ചോദിക്കരുത്. പക്ഷേ ശബരിമലയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്ത നിയമവിരുദ്ധമായ, പക്ഷപാതപരമായ കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കണമെന്നും അദ്ദേഹം ഒറ്റപ്പാലത്ത് പറഞ്ഞു.

ഇപ്പോള്‍ പോലീസില്‍ സി.ആര്‍.പി.എഫോ ഐ.പി.സി.യോ കേരള പോലീസ് ആക്ടോ ഇല്ലെന്നും പിണറായി പറയുന്ന ശുംഭവചനങ്ങളുടെ ഒറ്റനിയമമേ പോലീസിലുള്ളൂവെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സെന്‍കുമാര്‍ പറഞ്ഞു.

അടിയന്തരാവസ്ഥാക്കാലത്തുപോലും പോലീസ് ഇത്ര പക്ഷപാതപരമായും രാഷ്ട്രീയമായും മാറിയിട്ടില്ലെന്നും സെന്‍കുമാര്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാരിനെതിരേ രാഷ്ട്രീയം പറയാനില്ലാത്തതുകൊണ്ടാണ് മോദി ജയിച്ചാല്‍ ഇനി തെരഞ്ഞെടുപ്പുണ്ടാകില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.