ശബരിമലയിലെ അക്രമങ്ങള്‍ കോടതി വിധിക്കെതിരെ;സംഘപരിവാറിന്റെ കുപ്രചരണങ്ങള്‍ക്കെതിരെ കോടതിയില്‍ തെളിവുകള്‍ നിരത്തി സര്‍ക്കാര്‍
Sabarimala women entry
ശബരിമലയിലെ അക്രമങ്ങള്‍ കോടതി വിധിക്കെതിരെ;സംഘപരിവാറിന്റെ കുപ്രചരണങ്ങള്‍ക്കെതിരെ കോടതിയില്‍ തെളിവുകള്‍ നിരത്തി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd November 2018, 12:38 pm

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട പൊലീസ് നടപടികളില്‍ വിശദീകരണവുമായി ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലം. ശബരിമലയില്‍ അക്രമം കാട്ടിയ ക്രിമിനലുകളെയാണ് പൊലീസ് അറസ്റ്റു ചെയ്തതെന്നും യഥാര്‍ത്ഥ ഭക്തരെ ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും ബാധിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അക്രമങ്ങള്‍ സര്‍ക്കാറിന് എതിരെയല്ല. പൊലീസ് ശബരിമലയില്‍ പ്രകോപനം ഉണ്ടാക്കിയിട്ടില്ല. യഥാര്‍ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളില്ലെന്നും യഥാര്‍ഥ ഭക്തരെ ആക്രമിച്ചെന്ന് ഒരു പരാതിയുമില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Read Also : ശബരിമലയില്‍ തില്ലങ്കേരിയെ ഇറക്കിയത് സുരേന്ദ്രനെ ഒതുക്കാന്‍; സംഘപരിവാറിനുള്ളില്‍ പോര് മൂര്‍ച്ഛിക്കുന്നതായി റിപ്പോര്‍ട്ട്

ചിത്തിര ആട്ട സമയത്ത് പ്രശ്‌നം ഉണ്ടാക്കിയവര്‍ തന്നെ മണ്ഡലകാലത്തും എത്തിയെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. തെളിവായുള്ള ദൃശ്യങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലമാണ് ബേസ് ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയത്. പ്രളയം മൂലം പമ്പയില്‍ വലിയ തകര്‍ച്ചയാണുണ്ടായത്. ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയതും സുപ്രീംകോടതി വിധിയുമായി ബന്ധമില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നു.

നടപ്പന്തലില്‍ വിരിവെക്കാന്‍ അനുവദിക്കാത്തത് പ്രത്യേക സാഹചര്യം മൂലമാണെന്നും നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കി മാറ്റാനാവില്ലെന്നും ഇവിടെ പ്രശ്‌നമുണ്ടായാല്‍ എല്ലാ വഴികളും അടയുമെന്നും കോടതിയെ അറിയിച്ചു.