| Tuesday, 4th December 2018, 8:31 pm

ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്, പോസിറ്റീവായിട്ടും കുറച്ചൊക്കെ എഴുതുക; മാധ്യമ പ്രവര്‍ത്തകരോട് ശബരിമല നിരീക്ഷകസമിതി -വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശബരിമല: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷകസമിതി. ഭക്തര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തന്നെ സന്നിധാനത്ത് ഉണ്ടെന്നും മൂന്ന് പേരും നേരിട്ട് കണ്ട് ഉറപ്പ് വരുത്തി.

ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് എസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി നിരീക്ഷക സമിതിയാണ് അടിസ്ഥാന സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയത്. ശബരിമല തീര്‍ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സമിതി വിലയിരുത്തി.

Read Also : ചാനലുകളില്‍ വന്നിരുന്ന് പ്രേക്ഷകരുടെ സമയം മെനക്കെടുത്തുന്നതിന് പിഴയിട്ടിരുന്നെങ്കില്‍ ചാനലുകള്‍ക്കും ഒരു വരുമാനമാവുമായിരുന്നു; ശോഭാ സുരേന്ദ്രനെ ട്രോളി എം.ബി രാജേഷ്

ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങളെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്. മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങളാണ് ഈ തെറ്റിദ്ധാരണ പരത്തുന്നത്. മാധ്യങ്ങളോട് ഇത്തരം കുപ്രചരണങ്ങള്‍ അവസാനിപ്പിക്കാനും, സത്യം മാത്രം റിപ്പോര്‍ട്ട് ചെയ്യാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു” ഡി.ജി.പി. ഹേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

“നിങ്ങള്‍ എല്ലാരും ഒരുമിച്ച് കണ്ടതല്ലേ ? നിങ്ങള്‍ സംതൃപ്തരല്ലെ? ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്? പോസിറ്റിവ് ആയിട്ട് കുറച്ചൊക്കെ എഴുതുക….തെറ്റായ പ്രൊപ്പഗാണ്ട ഉണ്ടായിട്ടുണ്ട്…ഇനി അത് അവര്‍ ശരിയാക്കുമായിരിക്കും.” എന്നാണ് മാധ്യമ പ്രവര്‍ത്തകരോട് സമിതി അംഗങ്ങള്‍ പറഞ്ഞത്. സമിതി അംഗങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ശബരിമലയിലെ തീര്‍ത്ഥാടനം സുഗമമാക്കാനും, ഭക്തര്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താനുമാണ് ഹൈകോടതി മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ചത്. ഈ സീസണിലെ ശബരിമല തീര്‍ത്ഥാടനത്തിന് സമ്പൂര്‍ണ്ണ മേല്‍നോട്ട ചുമതലയും, തല്‍സമയം തീരുമാനങ്ങളെടുക്കാനുള്ള അധികാരവുമാണ് ഹൈകോടതി ഈ സമിതിക്ക് നല്‍കിയിരുന്നത്.

നിരീക്ഷണ സമിതി സന്നിധാനത്ത് സന്ദര്‍ശനം നടത്തുകയും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പ്രഥമ പരിഗണന നല്‍കുമെന്നും സമിതി അധ്യക്ഷന്‍ ജസ്റ്റീസ് പി.ആര്‍.രാമന്‍ പറഞ്ഞിരുന്നു. നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവയെല്ലാം സന്ദര്‍ശിച്ച് എന്തെങ്കിലും പോരായ്മ കണ്ടെത്തിയാല്‍ തത്സമയം നിര്‍ദ്ദേശം നല്‍കാനുള്ള അധികാരവും നിരീക്ഷണ സമിതിയ്ക്ക് ഹൈക്കോടതി കൊടുത്തിരുന്നു.

We use cookies to give you the best possible experience. Learn more