കോഴിക്കോട്: 1986 ല്‍ ഒരു തമിഴ് സിനിമയ്ക്കു വേണ്ടി ശബരിമലയിലെ പതിനെട്ടാം പടിയില്‍ ഒരു നടി നൃത്തം ചെയ്യുന്നത് ചിത്രീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞത് എഴുത്തുകാരന്‍ എന്‍.എസ് മാധവനായിരുന്നു. ഷൂട്ടിംഗിന്റെ ഫീസ് ആയി 7,500 രൂപ ദേവസ്വം ബോര്‍ഡ് വാങ്ങിയിട്ടുമുണ്ടെന്നും 1990 ല്‍ ആണ് കേരള ഹൈക്കോടതി 10-50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തി വിധി നടത്തുന്നതെന്നും എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു.
എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്നും ഏതാണ് ആ സിനിമയെന്നും തുടങ്ങി സോഷ്യല്‍ മീഡിയയില്‍ സംശയങ്ങളും ചര്‍ച്ചകളുമുണ്ടായിരുന്നു. ഇപ്പോഴിതാ അതിന്റെ വസ്തുത സോഷ്യല്‍ മീഡിയ തന്നെ കണ്ടുപിടിച്ചിരിക്കുന്നു. “നമ്പിനാല്‍ കെടുവതില്ലൈ” എന്ന സിനിമയ്ക്ക് വേണ്ടിയാണ് ശബരിമലയിലെ പതിനെട്ടാം പടിയില്‍ നൃത്തം ചെയ്യുന്ന രംഗം ചിത്രീകരിച്ചത്.
“നമ്പിനാല്‍ കെടുവതില്ലൈ” എന്ന സിനിമയിലെ നായികയായി അഭിനയിച്ചത് ജയശ്രീ ആയിരുന്നു. സഹനായികയായി സുധാചന്ദ്രനും അഭിനയിച്ചിരുന്നു. സന്നിധാനത്ത് ദര്‍ശനം നടത്തുന്ന രംഗങ്ങളും സിനിമയില്‍ ഉണ്ട്.
സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത് കെ.ശങ്കറും മ്യൂസിക്ക് ഡയറക്ടര്‍ എം.എസ് വിശ്വാനാഥനുമായിരുന്നു.