നിലയ്ക്കല്‍: ശബരിമലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രം നല്‍കിയ 100 കോടി ഇതുവരെ ചെലവഴിക്കാന്‍ കേരള സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്ഥ പരിശോധിക്കാനാണ് താന്‍ എത്തിയതെന്നും കണ്ണന്താനം പറഞ്ഞു.
ശബരിമല ക്ഷേത്രം പുണ്യഭൂമിയാണ്. ഇവിടെ എന്തിനാണ് നിരോധനാജ്ഞ പുറപ്പെടുവിക്കുന്നത്. അതിന്റെ ഒരാവശ്യവും ഇപ്പോഴില്ല-കണ്ണന്താനം പറഞ്ഞു. ശബരിമലയിലേക്ക് പോകുന്നത് ഭക്തന്‍മാരാണ്. അല്ലാതെ പ്രശ്‌നക്കാരല്ല എന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
ALSO READ: ഇന്നലെ ദര്‍ശനം പൂര്‍ത്തിയാക്കിയത് ആയിരക്കണക്കിന് അയ്യപ്പഭക്തര്‍; അറസ്റ്റിലായത് 65 പേര്‍ മാത്രം
താന്‍ ഒരു ടൂറിസം മന്ത്രി എന്ന നിലയ്ക്കാണ് വന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക എന്നത് എന്റെ ആവശ്യമാണ്. കാരണം ശബരിമലയിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കിയിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാന്‍ വന്ന തനിക്ക് ഭക്ഷണം കഴിക്കാനുള്ള അവസരം പോലും ഇവിടെയുണ്ടായില്ല. ഒരു ഹോട്ടല്‍ പോലും ഇല്ല. അവസ്ഥ വളരെ ശോചനീയമാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യപരമായല്ല കാര്യങ്ങള്‍ നീങ്ങുന്നത്. ആവശ്യമില്ലാതെ പ്രകോപനമുണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും കണ്ണന്താനം പറഞ്ഞു.