ശബരിമല: ശബരിമല എരുമേലി വിമാനത്താവള പദ്ധതി 579 കുടുംബങ്ങളെ ബാധിക്കുമെന്ന സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് പുറത്ത്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് തയാറാക്കിയ സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
പദ്ധതി 579 കുടുംബങ്ങളെയാണ് ബാധിക്കുകയെന്നും ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളില്‍ ഉള്ള 221 കുടുംബങ്ങളുടേത് ഉള്‍പ്പെടെ 474 വീടുകളിലെ ജനങ്ങളെ പൂര്‍ണമായും കുടിയിറക്കേണ്ടി വരുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നര ലക്ഷം മരങ്ങള്‍ വിമാനത്താവളത്തിനായി വെട്ടി മാറ്റണം.
പദ്ധതിക്കായി വീടുകള്‍ ഒഴിയേണ്ടി വരുന്നവരുടെ പേരുകള്‍ സഹിതമാണ് 360 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 285 വീടുകളെയും 358 ഭൂവുടമകളേയുമാണ് ഈ പദ്ധതി നേരിട്ട് ബാധിക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.
കൂടാതെ ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന 221 കുടുംബങ്ങളും കുടിയിറങ്ങേണ്ടി വരും. എസ്റ്റേറ്റിലും പുറത്തുമായി തേക്കും പ്ലാവും ആഞ്ഞിലിയും റബ്ബറും അടക്കം മൂന്നര ലക്ഷം മരങ്ങള്‍ മുറിച്ച് മാറ്റണം.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലാണ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുക. ആകെ 1039.8 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതില്‍ 916.27 ഹെക്ടര്‍ ചെറുവള്ളി എസ്റ്റേറ്റിലും, 123.53 ഹെക്ടര്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും ലഭിക്കണം.
ഒരു പള്ളിയും ഒരു എല്‍.പി സ്‌കൂളും ഏറ്റെടുക്കേണ്ട പ്രദേശത്തുണ്ട്. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ഹിയറിങ് ജൂണ്‍ 12, 13 തീയതികളില്‍ നടക്കും. പദ്ധതി മൂലം ഉണ്ടാകുന്ന ഗുണം പരിഗണിച്ച് വിമാനത്താവളവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ.
content highlights: Sabarimala Erumeli Airport Social impact study report