| Monday, 12th November 2018, 12:21 pm

ചിത്തിര ആട്ടത്തിരുന്നാളില്‍ ശബരിമലയില്‍ ലഭിച്ചത് റെക്കോര്‍ഡ് നടവരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ചിത്തിര ആട്ടത്തിരുന്നാള്‍ ദിവസം ശബരിമലയില്‍ ലഭിച്ചത് റെക്കോര്‍ഡ് നടവരവ്. പതിമൂവായിരത്തിലധികം ആളുകളാണ് ചിത്തിരാട്ടതിരുന്നാള്‍ പൂജയക്ക് ശബരിമലയിലെത്തിയത്. ആദ്യമായാണ് ഇത്രയും ആളുകള്‍ പ്രസ്തുത ദിവസം മലകയറുന്നത്.

28 ലക്ഷം രൂപ നടവരവാണ് ഒരൊറ്റ ദിവസം കൊണ്ട് ശബരിമലയില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം തുലാമാസ പൂജയോട് ചേര്‍ന്ന് ചിത്തിര ആട്ടത്തിരുന്നാള്‍ വന്നതിനാല്‍ പ്രത്യേകമായി നടവരവ് രേഖപ്പെടുത്തിയിട്ടില്ല.

ചിത്തിര ആട്ട പൂജയ്ക്ക് നടതുറന്നപ്പള്‍ 13,675 പേര്‍ ദര്‍ശനത്തിനെത്തി എന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്. 3,054 പേര്‍ നെയ്യഭിഷേകം നടത്തി. സ്വാമി ശരണം എന്നെഴുതിയ 100 കണക്കിനു പേപ്പറുകള്‍ കാണിക്ക വഞ്ചിയില്‍ നിന്ന് ലഭിച്ചിരുന്നു. 28 ലക്ഷം രൂപ നടവരവ് ലഭിച്ചെന്നാണ് ദേവസ്വംബോര്‍ഡിന്റെ കണക്ക്.


അയോധ്യാ കേസില്‍ ഉടന്‍ വാദം കേള്‍ക്കില്ല; ഹിന്ദു മഹാസഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി


ശബരിമലയില്‍ കാണിക്ക ഇടുന്നതിന് എതിരെ സംഘപരിവാര്‍ സംഘടനകളുടെ വ്യാപക പ്രചാരണം ഉണ്ടായിരുന്നെങ്കിലും നടവരവിനെ പ്രചാരണങ്ങള്‍ ബാധിച്ചില്ലെന്നാണ് വിലയിരുത്തല്‍.

മുന്‍വര്‍ഷങ്ങളിലൊന്നും ഇല്ലാതിരുന്ന തിരക്കും സുരക്ഷാക്രമീകരണങ്ങളുമായിരുന്നു ഇത്തവണ ചിത്തിരാട്ട പൂജയ്ക്ക് ശബരിമലയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം 4000ല്‍ താഴെ ആളുകളാണ് ദര്‍ശനത്തിന് എത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം തുലാമാസ പൂജയോട് ചേര്‍ന്ന നാളിലായിരുന്നു ചിത്തിരാട്ട പൂജ. അതിനാല്‍ നടവരവ് മാസപൂജയോട് ചേര്‍ത്താണ് കണക്കാക്കിയത്.

തുലാമാസ പൂജ സമയത്തും ചിത്തിര ആട്ടത്തിരുന്നാള്‍ ദിനവും കനത്ത സുരക്ഷാവിന്യാസമായിരുന്നു പൊലീസ് ശബരിമലയിലും വഴികളിലുമെല്ലാം ഒരുക്കിയത്. എ.ഡി.ജി.പിയും ഐ.ജിയുമൊക്കെ നേതൃത്വം നല്‍കിയെങ്കിലും യുവതി പ്രവേശത്തെ എതിര്‍ക്കാനെത്തിയവരുടെ മുന്നില്‍ പലപ്പോഴും പൊലീസ് പരാജയപ്പെട്ടിരുന്നു.

ചിത്തിര ആട്ട പൂജ സമയത്ത് സന്നിധാനത്തിന്റെ നിയന്ത്രണം പകുതിയിലേറെയും നഷ്ടമായെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. തൃശൂര്‍ സ്വദേശി ലളിതയെ തടഞ്ഞപ്പോളും തുടര്‍ന്ന് പ്രതിഷേധക്കാര്‍ തന്നെ വഴിയൊരുക്കിയപ്പോളും ആര്‍.എസ്.എസ് നേതാവ് പൊലീസ് മൈക്കിലൂടെ ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചപ്പോളുമെല്ലാം പൊലീസിന് മേധാവിത്വം നഷ്ടമായിരുന്നു.

മണ്ഡലപൂജകള്‍ക്കായി നട തുറക്കുമ്പോള്‍ കനത്ത പൊലീസ് വിന്യാസം ശബരിമലയില്‍ ഉണ്ടാകും. ഡി.ജി.പിയുടെയും ഐ.ജി. മനോജ് എബ്രഹാമിന്റെയും നേതൃത്വത്തില്‍ പുതിയ പദ്ധതിയുടെ രൂപരേഖ തയാറാക്കിയിട്ടുണ്ട്.

ഐ.ജി റാങ്കിലുള്ള കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരെത്തും. പൊലീസ് സേനയുടെ എണ്ണം ആറായിരത്തിലേറെയാക്കും.

We use cookies to give you the best possible experience. Learn more