| Monday, 19th November 2018, 2:24 pm

അയ്യപ്പനെ കാണുന്നതുവരെ മാലയൂരില്ല; വിശ്വാസി സമൂഹത്തിന്റെ പിന്തുണയോടെ പോകാനാണ് ആഗ്രഹം: കൊച്ചിയിലെത്തിയ യുവതികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: അയ്യപ്പനെ കാണുന്നതുവരെ മാലയൂരില്ലെന്ന് ശബരിമലയിലേക്ക് പോകാനായി കൊച്ചിയിലെത്തിയ ആറ് യുവതികള്‍. എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വിശ്വാസി സമൂഹത്തിന്റെ പിന്തുണയോടുകൂടി ശബരിമലയിലേക്ക് പോകാനാണ് ആഗ്രഹം. ശബരിമലയെ കലാപഭൂമിയാക്കാന്‍ താല്‍പര്യമില്ല. നേരത്തെ പല സ്ത്രീകളും പോയതുപോലെ പമ്പവരെ പോയി മടങ്ങിവരാന്‍ താല്‍പര്യമില്ല. പൊലീസ് സുരക്ഷയില്‍ വിശ്വാസികളുടെ കൂടി പിന്തുണയില്‍ ശബരിമലയിലേക്ക് പോകാനാണ് ആഗ്രഹമെന്നും ഇവര്‍ വ്യക്തമാക്കി.

Also Read:ശബരിമല: സുപ്രീം കോടതി വിധിയായതിനാല്‍ ഇടപെടാനാകില്ല; ചെയ്യാന്‍ പറ്റുന്നതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യണം: തടിയൂരി കേന്ദ്ര ആഭ്യന്തരമന്ത്രി

ശബരിമലയിലേക്ക് പോകാനായി മാലിയിട്ട് വ്രതമെടുക്കുന്ന കാര്യം നേരത്തെ ഫേസ്ബുക്കിലൂടെ അറിയിച്ച കണ്ണൂര്‍ സ്വദേശി രേഷ്മ നിശാന്ത് അടക്കമുള്ള സ്ത്രീകളാണ് കൊച്ചിയിലെത്തിയത്.

തങ്ങള്‍ക്കൊപ്പം ശബരിമലയിലേക്ക് പോകാനായി വ്രതമെടുത്ത കുറച്ചു സ്ത്രീകള്‍ കൂടിയുണ്ടെന്നും അവര്‍ പറഞ്ഞു. ശബരിമലയിലേക്ക് പോകാനായി വ്രതമെടുത്ത കാര്യം പരസ്യമാക്കിയതിനു പിന്നാലെ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട നിലയിലാണ് തങ്ങള്‍. അരക്ഷിതാവസ്ഥയിലാണ് കഴിയുന്നത്. മറ്റുള്ളവരെക്കൂടി ഈ സംഘര്‍ഷാവസ്ഥയ്ക്കുള്ളില്‍ വലിച്ചിഴക്കേണ്ടെന്നു കരുതിയാണ് അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്നും ഇവര്‍ പറഞ്ഞു.

യുവതികള്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഒരുകൂട്ടമാളുകള്‍ പ്രസ് ക്ലബ്ബിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ശരണം വിളിച്ചുകൊണ്ടാണ് പ്രതിഷേധം.

Latest Stories

We use cookies to give you the best possible experience. Learn more