ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും; സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നിരോധനാജ്ഞ ദീര്‍ഘിപ്പിക്കണമെന്ന് പൊലീസ് ആവശ്യം
Sabarimala Temple
ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും; സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നിരോധനാജ്ഞ ദീര്‍ഘിപ്പിക്കണമെന്ന് പൊലീസ് ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th November 2018, 9:17 am

പത്തനംതിട്ട: ശബരിമലയില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ശനിയാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘം ചേര്‍ന്നവരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചേക്കുമെന്നാണ് സൂചന.

സംഭവവുമായി ബന്ധപ്പെട്ട് കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തുലാമാസ പൂജയ്ക്ക് ശേഷം ഇത് നാലാം വട്ടമാണ് ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.


ശബരിമലയില്‍ സ്ത്രീയെ അക്രമിച്ച കേസ്; കെ. സുരേന്ദ്രന്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും


കഴിഞ്ഞ 22ന് ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് നീട്ടിയിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവടങ്ങളില്‍ 26 വരെ നിരോധനാജ്ഞ തുടരുമെന്നാണ് കളക്ടര്‍ അറിയിച്ചത്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും വിവിധ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ കല്കടര്‍ പി.ബി നൂഹ് നിരോധനാജ്ഞ നീട്ടിയത്. എന്നാല്‍ ഭക്തര്‍ക്ക് നിരോധനാജ്ഞയെ തുടര്‍ന്ന് തടസ്സമുണ്ടാകില്ലെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു.

നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യം യു.ഡി.എഫും ബി.ജെ.പിയും ശക്തമാക്കുന്നതിനിടെയാണ് 26 വരെ നിരോധാനജ്ഞ തുടരാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. യുവതി പ്രവേശന വിധി വന്നശേഷം നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും മണ്ഡലമാസ പൂജ തുടങ്ങിയതിന് ശേഷം 72 പേരെ അറസ്റ്റ് ചെയ്തതും നിരോധനാജ്ഞ തുടരണമെന്ന ആവശ്യപ്പെട്ടുള്ള പൊലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.


മന്ത്രി മാത്യു.ടി.തോമസ് ഇന്ന് രാജി വെക്കും; കെ.കൃഷ്ണന്‍കുട്ടിയുടെ കാര്യത്തില്‍ തീരുമാനം ഉടന്‍


സന്നിധാനം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിയമിച്ചിട്ടുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്മാരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടൊപ്പം തുലാമാസ പൂജാ വേളയിലും ചിത്തിര ആട്ടവിശേഷസമയത്തും നടന്ന അക്രമസംഭവങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ടതിന്റെ കൂടെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ തുടരുന്നതെന്ന് കലക്ടറുടെ ഉത്തരവില്‍ പറഞ്ഞു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ നിരോധനാജ്ഞ ബാധകമായിരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.