| Friday, 6th November 2020, 2:56 pm

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ശബരിമലയില്‍ സര്‍ക്കാര്‍ ആചാരലംഘനത്തിന് ശ്രമിക്കുന്നു; വിദ്വേഷ പ്രചരണവുമായി അയ്യപ്പ സേവാ സമാജം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ശബരിമലയില്‍ സര്‍ക്കാര്‍ ആചാരലംഘനത്തിന് ശ്രമിക്കുന്നുവെന്ന വിദ്വേഷ പ്രചരണവുമായി ശബരിമല അയ്യപ്പ സേവാ സമാജം. നെയ്യഭിഷേകം, പമ്പാ സ്‌നാനം ഉള്‍പ്പടെയുള്ള ചടങ്ങുകളില്‍ ഇത്തവണ മാറ്റം വരുത്തിയത് ആചാരലംഘനങ്ങള്‍ക്ക് കാരണമാകുമെന്ന് അയ്യപ്പസേവാ സമാജം നേതാക്കള്‍ അറിയിച്ചു.

ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അയ്യപ്പസേവാ സമാജം നേതാക്കള്‍ അറിയിച്ചു.

‘ശബരിമലയിലെ എല്ലാ ആചാരങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സര്‍ക്കാരിന് കാണിക്കയിടാന്‍ മാത്രം നിയന്ത്രണമൊന്നും ഏര്‍പ്പെടുത്താന്‍ താത്പര്യമില്ല. ആചാരലംഘനം ഉണ്ടാക്കുന്ന തീര്‍ത്ഥാടനയാത്ര ഭക്തര്‍ ഉപേക്ഷിക്കണം. പകരം സ്വന്തം വീടുകളില്‍ തന്നെ കര്‍മ്മങ്ങള്‍ ചെയ്യണം’, നേതാക്കള്‍ പറഞ്ഞു.

ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നവംബര്‍ 8ന് അയപ്പ മഹാസംഗമം നടത്തുമെന്നും അയ്യപ്പസേവാ സമാജം അറിയിച്ചു. പന്തളം കൊട്ടാരത്തിലും കേരളത്തിനകത്തും പുറത്തുമായി 18 വേദികളിലാവും അയ്യപ്പ മഹാസംഗമം നടത്തുക.

കുമ്മനം രാജശേഖരന്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര വര്‍മ്മ തുടങ്ങിയവര്‍ പരിപാടിയില്‍ അദ്ധ്യക്ഷത വഹിക്കും. തന്ത്രിയുമായോ പന്തളം രാജപ്രതിനിധിയിയുമായോ ഹൈന്ദവ ഭക്തജന സംഘടനകളുമായോ ചര്‍ച്ച ചെയ്യാതെയാണ് സര്‍ക്കാര്‍ ശബരിമലയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

നേരത്തെ എന്‍.എസ്.എസും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഒരു ദിവസം ആയിരം പേര്‍ക്കാണ് ശബരിമല ദര്‍ശനം അനുവദിക്കുന്നത്.

ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ആചാരപ്രകാരമുള്ള സാധനങ്ങള്‍ കൂടാതെ പരമാവധി കുറച്ചു സാധനങ്ങള്‍ മാത്രമേ കൊണ്ടുവരാവൂ എന്ന് ഡി.ജി.പി പറഞ്ഞിരുന്നു.

സാനിറ്റൈസര്‍, കൈയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും വേണം. നല്ല ഗുണനിലവാരമുള്ളതും വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്‌ക്കുകള്‍ കരുതണം. ഭക്തര്‍ സാമൂഹിക അകലം പാലിക്കണം. കൂട്ടമായി നടക്കാനോ മല കയറാനോ പാടില്ല തുടങ്ങിയവയാണ് ഭക്തര്‍ക്കുള്ള പ്രോട്ടോകോള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sabarimala Covid Protocol Ayyappa Seva Samajam

We use cookies to give you the best possible experience. Learn more