അവര്‍ക്കു വേണ്ടത് തര്‍ക്കമന്ദിരങ്ങളാണ്, വര്‍ഗീയ ധ്രുവീകരണമാണ്
FB Notification
അവര്‍ക്കു വേണ്ടത് തര്‍ക്കമന്ദിരങ്ങളാണ്, വര്‍ഗീയ ധ്രുവീകരണമാണ്
ഡോ: നെല്‍സണ്‍ ജോസഫ്
Sunday, 14th October 2018, 12:55 pm

കേരള സര്‍ക്കാര്‍ കൊടുത്ത ഓല വായിച്ച് നോക്കിയിട്ട് സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റീസിനോട് ഇന്ദു മല്‍ഹോത്രയൊഴികെയുള്ള സഹ ജഡ്ജിമാര്‍ പറയുകയായിരുന്നത്രേ ” കൊട് ജസ്റ്റീസേ പിണറായീടെ പെണ്ണുങ്ങക്ക് അനുവാദം ” എന്ന്.

അല്ല, അങ്ങനെയാണ് നാട്ടില്‍ പരത്തുന്ന വാര്‍ത്ത. അതുകൊണ്ടായിരിക്കുമല്ലോ ഫേസ്ബുക്കും വാട്‌സാപ്പുമില്ലാത്ത അമ്മച്ചിക്ക് ആ ____മോന്റെ മോന്ത അടിച്ചുപൊട്ടിക്കാന്‍ തോന്നിയതും..പന്ത്രണ്ട് കൊല്ലം നടന്ന കേസവിടെയില്ല. വാദങ്ങളില്ല. പ്രവേശനത്തെ അനുകൂലിച്ച ആര്‍.എസ്.എസ് ഇല്ല.. സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ് സീനിലുള്ളത്.

ഒരു സംരക്ഷണജാഥയുടെ – ആരില്‍ നിന്ന് ആര്‍ക്കുള്ള സംരക്ഷണമാണെന്ന് എനിക്ക് മനസിലാകുന്നില്ല – ഫോട്ടോകള്‍ ഇപ്പോള്‍ ദിവസവും ബി.ജെ.പിയുടെ കെ.സുരേന്ദ്രന്‍ ഫേസ്ബുക് പേജിലിടുന്നുണ്ട്. ആരും അറിയില്ലെന്നോര്‍ത്ത് അദ്ദേഹം രണ്ട് വര്‍ഷം മുന്‍പ് ഇട്ട ഒരു പോസ്റ്റ് മുക്കിയിരുന്നു ഈയിടെ. അതില്‍ നിന്ന് ചില വരികള്‍ ക്വോട്ട് ചെയ്യാം.

” നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നതിനിടയില്‍ ഒരു ആര്‍ത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉല്‍സവാനന്തരം നടത്തുന്ന പ്രശ്നചിന്തയില്‍ തന്നെ തെളിയുന്നത്.


Read Also : പൗരസമത്വവും, ക്ഷേത്രാചാര സംരക്ഷണവാദവും: കേരളത്തിന്റെ ഇന്നും, ഇന്നലെയും


യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പന്‍ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നല്‍കിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആര്‍ത്തവം ഒരു പ്രകൃതി നിയമമല്ലേ?. അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയില്‍ മാനവജാതി നിലനില്‍ക്കുന്നത്?. അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്ക് തോന്നുന്നത് ”

അവിടെനിന്നാണ് 180 ഡിഗ്രി തിരിഞ്ഞ് ഇന്ന് യാത്രപോകാനിറങ്ങിയിരിക്കുന്നത്..അവരോട് പറഞ്ഞിട്ട് കാര്യമില്ല. പറയാനുള്ളത് സഹയാത്രികരോടാണ്.

Image result for ശബരിമല സത്രീപ്രവേശനം

നിങ്ങളോടുള്ള സ്‌നേഹം കൊണ്ടാണ്, അല്ലെങ്കില്‍ മതമോ മലയോ സംരക്ഷിക്കാനുള്ള ആത്മാര്‍ഥമായ ആഗ്രഹം കൊണ്ടാണ് നിങ്ങളുടെ കൂടെ നടക്കുന്നവര്‍ അതെക്കുറിച്ച് പറയുന്നതെന്ന് തെറ്റിദ്ധരിക്കരുത്. അവര്‍ക്ക് വേണ്ടത് തര്‍ക്കമന്ദിരങ്ങളാണ്. കാലാകാലങ്ങളില്‍ അവര്‍ക്കുവേണ്ട തര്‍ക്കമന്ദിരങ്ങളുണ്ടാക്കുന്നതില്‍ അവര്‍ വിജയിച്ചിട്ടുമുണ്ട്.

അവര്‍ക്ക് വികസനമെന്താണെന്നറിയില്ല. പറഞ്ഞ വാക്ക് പാലിച്ചുള്ള ശീലവുമില്ല. ഒരുപാട് പിന്നോട്ട് പോകണ്ട. 2014ല്‍ തിരഞ്ഞെടുപ്പില്‍ നല്‍കിയ മോഹന വാഗ്ദാനങ്ങളും അതില്‍ നടപ്പായതുമൊക്കെയൊന്ന് ഓര്‍മിച്ചുനോക്കിയാല്‍ മതി..

വികസനമോ മറ്റെന്തെങ്കിലും കാമ്പുള്ള രാഷ്ട്രീയമോ മുന്നോട്ട് വെക്കാനില്ലത്തവര്‍ക്ക് കേരളത്തിലും ഒരു തര്‍ക്കമന്ദിരം ആവശ്യമാണ്. അതുവഴിയുണ്ടാകുന്ന വര്‍ഗീയ ധ്രുവീകരണം ആവശ്യമാണ്. അതുണ്ടാക്കുന്നതില്‍ വിജയിക്കുകയും ചെയ്തു അവര്‍..

ഇല്ലെങ്കില്‍ പിന്നെയെങ്ങനെയാണ് പ്രളയകാലത്ത് മോസ്‌കില്‍ അന്തിയുറങ്ങിയ ഹിന്ദുവും ക്ഷേത്രത്തില്‍ നിസ്‌കരിച്ച മുസ്ലിമും പള്ളിയില്‍ വിശ്രമിച്ച നാനാജാതിമതസ്ഥരുമൊക്കെ ഇത്ര പെട്ടെന്ന് ഞങ്ങളും നിങ്ങളും ഞങ്ങടെ കാര്യത്തില്‍ ഇടപെടേണ്ടാത്തവരുമൊക്കെയായത്?

ഇതിലും കുളം കലക്കുകയെന്നൊരു ലക്ഷ്യമല്ലാതെ, അതില്‍ നിന്ന് നാല് വോട്ടെന്ന ലക്ഷ്യമല്ലാതെ ഒന്നുമില്ല. സംശയമുണ്ടെങ്കില്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നവര്‍ പറഞ്ഞ വാക്കുകളോര്‍ത്താല്‍ മതി..നോട്ടുനിരോധനത്തിലെ നാല് ലക്ഷം കോടിയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കാര്യമായെടുക്കരുതെന്ന തേന്‍ മൊഴിയും…

നോട്ട് നിരോധനം തട്ടിപ്പാണെന്ന് മനസിലാക്കിയത് രണ്ട് വര്‍ഷം കൊണ്ടാണ്. അതുകൊണ്ട് നഷ്ടമായത് നൂറിനടുത്ത് ജീവനുകളും ലക്ഷക്കണക്കിനു കോടി രൂപയും മാത്രമേ ഉള്ളൂ..പക്ഷേ ഇതിലെ തട്ടിപ്പ് തിരിച്ചറിയാന്‍ വൈകിയാല്‍ കേരളത്തിനു നഷ്ടപ്പെടുന്നത് , അതുവഴി ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നത് ഒരുപക്ഷേ തിരിച്ചുപിടിക്കാന്‍ പറ്റിയെന്ന് വരില്ല..

നോട്ടുനിരോധനത്തിന്റെ പിറ്റേന്ന് ഇതുപോലെയൊരു പ്രവചനം നടത്തിയത് ശരിയായതാണ്…പക്ഷേ ഈ വാക്കുകള്‍ ഒരിക്കലും യാഥാര്‍ഥ്യമാവരുതെന്നാണ് പ്രാര്‍ഥന.