| Monday, 22nd February 2021, 9:36 am

ശബരിമലയില്‍ രണ്ട് സ്ത്രീകളെ കൊണ്ടുപോയി കയറ്റേണ്ടായിരുന്നു; ബി.ജെ.പിക്ക് കുറേ നേതാക്കളെ ഉണ്ടാക്കിയതല്ലാതെ നേട്ടമുണ്ടായില്ല: സി. ദിവാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല വിഷയം ജനങ്ങളെ സ്വാധീനിച്ചെന്ന അഭിപ്രായം ഇപ്പോഴുമുണ്ടെന്ന് സി.പി.ഐ നേതാവ് സി ദിവാകരന്‍. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയത് ബി.ജെ.പിക്കും സംഘപരിവാറിനും അങ്ങോട്ട് അവസരം കൊടുത്തപോലെയാണെന്നും ദിവാകരന്‍ വിമര്‍ശിച്ചു.

ശബരിമല വിഷയം ബി.ജെ.പിക്കാര്‍ക്ക് കുറെ നേതാക്കളെ ഉണ്ടാക്കിക്കൊടുത്തെന്നും ദിവാകരന്‍ പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ആ അഭിപ്രായം ഇപ്പോഴുമുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത വ്യഗ്രത ആണ് തെറ്റിദ്ധരിക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റുകാര്‍ അമ്പലം തകര്‍ക്കുന്നവരാണ് എന്ന പ്രതീതിക്ക് അതു വഴിവച്ചു. സുപ്രീംകോടതിയില്‍ നിന്ന് ഒരു വടി കിട്ടി, അതു വെച്ചു ചെയ്യാന്‍ പോകുന്നു എന്ന സ്ഥിതിയുണ്ടായി.

രണ്ടു പെണ്‍പിള്ളേരെ അവിടെ കൊണ്ടു കയറ്റേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. ഉറങ്ങിക്കിടന്ന ബി.ജെ.പിക്കും സംഘപരിവാറിനും അങ്ങോട്ട് കൊണ്ടു കൊടുത്തതാണ്. അങ്ങനെ ഒരുപാട് ബി.ജെ.പി നേതാക്കളെ തന്നെ സൃഷ്ടിച്ചു. അക്കാര്യത്തില്‍ ഒരു പുനരാലോചന വേണമെന്നാണ് അന്നും ഇന്നും എന്റെ നിലപാട്. ഇപ്പോള്‍ അതിലേക്കു കാര്യങ്ങള്‍ വന്നല്ലോ. ഭക്തരെ ഒരു തരത്തിലും വേദനിപ്പിക്കാന്‍ പാടില്ല. ഒരു ജനതയുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും എല്ലാം പൊടുന്നനെ തകര്‍ക്കാന്‍ നോക്കരുത്,’ സി. ദിവാകരന്‍ പറഞ്ഞു.

വിശ്വാസവും യുക്തിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ശബരിമല അടഞ്ഞ അധ്യായമാണ്. അവിടം വളരെ ശാന്തമാണ്. ആരെയും കയറ്റാനും ഇറക്കാനും ഒന്നും നോക്കുന്നില്ല. അതുകൊണ്ടു യു.ഡി.എഫിന്റെ ശ്രമം നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സമീപനം തിരുത്തണമെന്ന് ദിവാകരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തെ ആര് നയിക്കുമെന്നതില്‍ യു.ഡി.എഫില്‍ ഇപ്പോഴും ആശയക്കുഴപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഒരുവശത്ത് നട്ടെല്ലും തന്റേടവുമുള്ള നേതാവായ പിണറായി വിജയന്‍ ഉള്ളപ്പോള്‍ മറുവശത്ത് ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ എന്ന ആശയക്കുഴപ്പമാണെന്നാണ് ദിവാകരന്‍ പറഞ്ഞത്.

യു.ഡി.എഫില്‍ മികച്ച നേതാവ് ചെന്നിത്തലയായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സഭയില്‍ നല്ല പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേതെന്നും ദിവാകരന്‍ പറഞ്ഞു.

സെക്രട്ടറിയേറ്റിന് മുന്നിലെ സമരമുഖങ്ങള്‍ എന്നും പ്രിയപ്പെട്ടതാണെന്നും ഇപ്പോള്‍ നടക്കുന്ന സമരങ്ങളില്‍ ഉദ്യോഗാര്‍ത്ഥികളുടെ ഭാഗത്തും സര്‍ക്കാരിന്റെ ഭാഗത്തും തെറ്റുപറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമരം സാമൂഹിക ജീവിതത്തിന്റെ പ്രധാനഘടകമാണ്. ജീവിതം തന്നെ ഒരു സമരമല്ലേ. അങ്ങനെ മാത്രമെ സമരത്തെ രാഷ്ട്രീയ നേതൃത്വവും സര്‍ക്കാരും കാണാവൂ.

സമരങ്ങളെ കൈകാര്യം ചെയ്യാം എന്ന ഒരു ധാരണയില്‍ പോകാന്‍ പാടില്ല. സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളും യാഥാര്‍ഥ്യ ബോധം ഉള്ളവരായിരിക്കണം. സര്‍ക്കാരിനു ചെയ്തുകൊടുക്കാന്‍ പറ്റാത്ത ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടു കാര്യമില്ലെന്നും ദിവാകരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sabarimala controversy, C Divakaran says women entry is not fine

We use cookies to give you the best possible experience. Learn more